ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസം രോഹിത് ഇന്ത്യയ്ക്ക് ഒരു വീരേന്ദർ സേവാഗ് സ്റ്റൈലിലുള്ള തുടക്കം നൽകണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോൾ തങ്ങളുടെ രണ്ടാംഇന്നിങ്സിൽ 333 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ഇതിനോടകം ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ അഞ്ചാം ദിവസം ഇന്ത്യ ഒരു മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ഈ വലിയ സ്കോർ മറികടക്കാൻ സാധിക്കൂ. ഈ സാഹചര്യത്തിലാണ് രോഹിത് ശർമ വീരേന്ദർ സേവാഗിനെപോലെ ആക്രമണപരമായ മനോഭാവം മത്സരത്തിൽ കാണിക്കണമെന്നാണ് ഗവാസ്കർ പറഞ്ഞിരിക്കുന്നത്.
ഇന്ത്യൻ നായകനിൽ പൂർണ്ണമായ ആത്മവിശ്വാസം പുലർത്തിയാണ് സുനിൽ ഗവാസ്കർ സംസാരിച്ചത്. 2008ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിൽ 387 റൺസ് ആയിരുന്നു ടീമിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ മത്സരത്തിൽ സേവാഗ് നൽകിയ തുടക്കമായിരുന്നു ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്.
68 പന്തുകളിൽ 83 റൺസാണ് സേവാഗ് ആ ടെസ്റ്റ് മത്സരത്തിൽ നേടിയത്. 11 ബൗണ്ടറികളും 4 സിക്സറുകളും സേവാഗിന്റെ ഇന്നീങ്‌സിൽ ഉൾപ്പെട്ടിരുന്നു. ഈ അടിത്തറയുടെ മികവിൽ ഇന്ത്യ വിജയം നേടുകയും ചെയ്തു. ഇത്തരത്തിൽ ഒരു തുടക്കമാണ് മെൽബണിലും ഇന്ത്യയ്ക്ക് ആവശ്യമെന്ന് ഗവാസ്കർ പറയുന്നു.
“ഇത്തരം സാഹചര്യത്തിൽ ടീമിന് ഒരു അവിശ്വസനീയ തുടക്കം നൽകുക എന്നതാണ് രോഹിത് ചെയ്യേണ്ടത്. 2008ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 387 എന്ന സ്കോർ അനായാസം ചേസ് ചെയ്തു. അന്ന് വീരേന്ദർ സേവാഗായിരുന്നു ഇന്ത്യക്കായി വെടിക്കെട്ട് തുടക്കം നൽകിയത്. ഇതാണ് രോഹിത് ശർമ നാളെ ചെയ്യേണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ എന്താണ് സംഭവിച്ചത് എന്നതിലുപരിയായി അടുത്ത ദിവസത്തെ പറ്റിയാണ് ചിന്തിക്കേണ്ടത്. ഇത്തരത്തിൽ ആക്രമണം അഴിച്ചുവിട്ടാൽ അത് ഇന്ത്യയുടെ മറ്റു താരങ്ങൾക്ക് ഗുണം ചെയ്യും. ഞാൻ പറഞ്ഞതുപോലെ ഒരു തുടക്കം ഇന്ത്യക്ക് ലഭിക്കുകയാണെങ്കിൽ അത് ടീമിന് മുതലാക്കാൻ സാധിക്കും.”- ഗവാസ്കർ പറയുന്നു.
എന്നിരുന്നാലും നിലവിൽ മികച്ച ഫോമിലല്ല രോഹിത് കളിക്കുന്നത്. ഇതുവരെ ഓസ്ട്രേലിയൻ മണ്ണിൽ 4 ഇന്നിങ്സുകൾ കളിച്ച രോഹിത്തിന് 22 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 5.5 എന്ന വളരെ മോശം ശരാശരിയാണ് രോഹിതിനുള്ളത്. അതുകൊണ്ടു തന്നെ മെൽബൺ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം പുറത്തെടുക്കേണ്ടത് രോഹിത്തിന്റെ ആവശ്യമാണ്.
ഈ സാഹചര്യത്തിൽ അഞ്ചാം ദിവസം ഇന്ത്യ കൃത്യമായ പദ്ധതികളുമായി മൈതാനത്ത് എത്തണമെന്നും ഗവാസ്കർ പറയുകയുണ്ടായി. വലിയ ലക്ഷ്യം കണ്ട് അമ്പരക്കാതെ തങ്ങളുടേതായ രീതിയിൽ മുന്നോട്ട് പോകുന്നതാണ് ഇന്ത്യയ്ക്ക് ഉത്തമമെന്ന് ഗവാസ്കർ കൂട്ടിച്ചേർത്തു.