അഫ്ഗാനിസ്ഥാനെതിരായ വമ്പൻ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ രോഹിത് ശർമയെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മത്സരത്തിൽ രോഹിത് പുറത്തെടുത്ത ആക്രമണപരമായ മനോഭാവത്തെയാണ് സുനിൽ ഗവാസ്കർ പ്രശംസിച്ചത്. ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പൂജ്യനായി മടങ്ങേണ്ടി വന്ന രോഹിത് ശർമയുടെ ഒരു തിരിച്ചു വരവായിരുന്നു ഡൽഹിയിൽ കണ്ടത്.
2023 ഏകദിന ലോകകപ്പിലെ തന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ രോഹിത് ഇന്ത്യയെ 8 വിക്കറ്റ് വിജയത്തിൽ എത്തിക്കുകയുണ്ടായി. രോഹിത് സെഞ്ചറി നേടിയതിൽ അതിയായ സന്തോഷമുണ്ട് എന്നാണ് ഗവാസ്കർ പറഞ്ഞത്. ഇന്ത്യയ്ക്ക് മികച്ച തുടക്കങ്ങൾ നൽകാൻ ശ്രമിക്കുന്നതിനിടെ മുമ്പ് രോഹിത് ശർമയ്ക്ക് ഒരുപാട് സെഞ്ചുറികൾ നഷ്ടമായിരുന്നുവെന്നും സുനിൽ ഗവാസ്കർ ചൂണ്ടിക്കാട്ടി.
“രോഹിത് സെഞ്ചുറി നേടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്തെന്നാൽ ഒരുപാട് സെഞ്ചുറികൾ രോഹിത് ശർമയ്ക്ക് നഷ്ടമായിട്ടുണ്ട്. രോഹിത് എപ്പോഴും ഒരു റിസ്ക് എടുക്കുന്ന താരമാണ്. അതിനാൽ തന്നെ 60കളിലും 70കളിലും ഒരുപാട് തവണ രോഹിത്തിന് പുറത്താവേണ്ടി വന്നിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിംഗോടെ ഇന്ത്യയ്ക്ക് ഒരു തകർപ്പൻ തുടക്കം നൽകാനാണ് രോഹിത് ശ്രമിക്കുന്നത്. ഇങ്ങനെയാണ് രോഹിത്തിന് പലപ്പോഴും സെഞ്ച്വറി നഷ്ടമാവുന്നത്.
എന്നിരുന്നാലും ഈ മനോഭാവത്തോടെ തന്നെ രോഹിത് കളിച്ചാലെ ടീമിന് ഇത്തരത്തിൽ മെച്ചങ്ങളുണ്ടാവൂ. ഉദാഹരണത്തിന് ഇന്ന് രോഹിത് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചത് കൊണ്ടാണ് ഇന്ത്യയ്ക്ക് ഓരോവരിൽ 8 റൺസ് വീതം നേടി മത്സരത്തിൽ വമ്പൻ വിജയം നേടാൻ സാധിച്ചത്.”- ഗവാസ്കർ പറയുന്നു.
“രോഹിത്തിന്റെ സ്ട്രൈക്ക് റേറ്റ് ഇന്ത്യയുടെ നെറ്റ് റൺറേറ്റിന് വളരെ സഹായകരമായിട്ടുണ്ട്. ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ആർക്കും പറയാൻ സാധിക്കില്ല. ഒരു ടീമിന്റെ അഞ്ചോ ആറോ മത്സരങ്ങൾക്ക് ശേഷം നെറ്റ് റൺറേറ്റ് പ്രാധാന്യമുള്ളതായി മാറും. അതുകൊണ്ടാണ് ഞാൻ പറയുന്നത്, രോഹിത്തിന് കുറച്ചധികം സെഞ്ച്വറികൾ ഇത്തരത്തിൽ കളിക്കുന്നതിലൂടെ നഷ്ടമായിട്ടുണ്ട് എന്ന്.
എന്നിരുന്നാലും കാണികളെ ആവേശത്തിലാക്കുന്നതിൽ രോഹിത്തിന് വിജയം കാണാൻ സാധിച്ചിട്ടുണ്ട്. ഇന്ന് അതുപോലെയുള്ള മറ്റൊരു സാഹചര്യം തന്നെയുണ്ടായി. രോഹിത് നേടിയ ചില സിക്സറുകൾ ശരിക്കും അവിശ്വസനീയമായിരുന്നു.”- ഗവാസ്ക്കർ കൂട്ടിച്ചേർത്തു.
“എല്ലാ സെഞ്ചുറികളും കാണുമ്പോൾ ആവേശമാണുള്ളത്. കാരണം രോഹിത്തിന്റെ വമ്പൻ ഷോട്ടുകളൊക്കെയും കണ്ണിന് കുളിർമ നൽകുന്നതാണ്. ക്രിക്കറ്റിൽ തന്നെ വളരെ ചുരുക്കം താരങ്ങൾക്ക് മാത്രമേ രോഹിത്തിനെ പോലെ ഫ്രണ്ട് ഫുട്ടിൽ പുൾ ചെയ്യാനുള്ള കഴിവുള്ളു. മുൻപ് വീരേന്ദർ സേവാഗ് അത്തരത്തിൽ ചെയ്തിരുന്നു. സേവാഗ് രോഹിത്തിന് സമാനമായ രീതിയിലാണ് പുൾ ചെയ്തിരുന്നത്. ഓപ്പണിങ് ബാറ്റർ വെടിക്കെട്ട് കാഴ്ചവച്ച് 60ഓ 70ഓ 80ഓ റൺസ് നേടിയാൽ അത് ടീമിന് ഗുണമാണ്.”- ഗവാസ്കർ പറഞ്ഞു വെക്കുന്നു.