ലോകകപ്പ് നേടിത്തന്നത് പന്തിന്റെ ആ “പരിക്ക് തന്ത്രം” രോഹിത് ശർമ വെളിപ്പെടുത്തുന്നു.

2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കെതിരെ അത്യുഗ്രൻ വിജയം സ്വന്തമാക്കിയായിരുന്നു ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തിന്റെ അവസാന സമയത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 30 പന്തുകളിൽ 30 റൺസ് മാത്രം മതിയായിരുന്നു. ഈ സമയത്ത് ക്ലാസൻ ഇന്ത്യൻ ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു.

ഈ സമയത്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പുറത്തെടുത്ത ഒരു തന്ത്രപരമായ നീക്കമാണ് മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ സഹായകരമായി മാറിയത് എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറയുകയുണ്ടായി. മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ പന്ത് ഇടവേള എടുത്തിരുന്നു. ഈ ഇടവേള മത്സരം സ്ലോ ആവുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്നും, അത് ഇന്ത്യയ്ക്ക് അനുകൂലമായി മാറിയെന്നും രോഹിത് പറഞ്ഞു.

“അവസാന നിമിഷം ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തുകളിൽ 30 റൺസായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. ആ സമയത്ത് ഞങ്ങൾക്ക് ഒരു ചെറിയ ഇടവേള ലഭിച്ചു. ആ സമയത്ത് പന്ത് കൃത്യമായി തന്റെ തന്ത്രം പ്രയോഗിച്ചു. പന്തിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു. അതിനാൽ തന്നെ അവന്റെ കാൽ ടേപ്പ് ചെയ്യണമായിരുന്നു. അങ്ങനെ ആ സമയത്ത് മത്സരം നിർത്താൻ ഞങ്ങൾക്ക് സാധിച്ചു. ശേഷം മത്സരം സ്ലോ ആയി മാറി.”

”അതുവരെ മത്സരം വളരെ സ്പീഡിലാണ് പോയിക്കൊണ്ടിരുന്നത്. എല്ലാ ബാറ്റർമാരും കരുതുന്നത് ബോളർമാർ പെട്ടെന്ന് തന്നെ പന്ത് എറിയണമെന്നാണ്. ദക്ഷിണാഫ്രിക്കയും അത്തരമൊരു താളത്തിലായിരുന്നു. അത് ഞങ്ങൾക്ക് ഇല്ലാതാക്കണമായിരുന്നു.”- രോഹിത് പറഞ്ഞു.

“ആ സമയത്ത് ഞാൻ ഫീൽഡിങ് സെറ്റ് ചെയ്യുകയും ബോളർമാരുമായി സംസാരിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ റിഷഭ് പന്ത് മൈതാനത്ത് കിടക്കുന്നത് ഞാൻ കണ്ടു. പെട്ടെന്ന് തന്നെ ഫിസിയോ എത്തുകയും പന്തിന്റെ കാൽമുട്ട് ടെപ്പ് ചെയ്യുകയും ചെയ്തു. പിന്നീട് മത്സരം പുനരാരംഭിക്കുക്കാനായി ക്ലാസൻ കുറച്ചധികം സമയം കാത്തു നിൽക്കേണ്ടി വന്നു. ഫൈനലിലെ വിജയത്തിൽ അതുമാത്രമാണ് പ്രധാന കാരണം എന്ന് ഞാൻ പറയില്ല. പക്ഷേ അതും ഒരു കാരണം തന്നെയായിരുന്നു. കൃത്യമായ സമയത്ത് പന്ത് തന്റെ ബുദ്ധി ഉപയോഗിക്കുകയും കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി മാറുകയും ചെയ്തു.”- രോഹിത് കൂട്ടിച്ചേർക്കുന്നു.

“മത്സരത്തിൽ ഹർദിക് പാണ്ഡ്യ ക്ലാസനെ പുറത്താക്കുകയുണ്ടായി. അവിടെ മുതൽ ഞങ്ങൾ ദക്ഷിണാഫ്രിക്കയ്ക്ക് മേൽ സമ്മർദ്ദം അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചത്. മുഴുവൻ ഇന്ത്യൻ താരങ്ങളും ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ സ്ലെഡ്ജ് ചെയ്യാൻ തുടങ്ങി. എന്തു വില കൊടുത്തും മത്സരത്തിൽ വിജയിക്കുക എന്ന ലക്ഷ്യമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. അതിനായി പിഴ ഏറ്റുവാങ്ങാനും തയ്യാറായിരുന്നു. എന്താണോ മൈതാനത്ത് തോന്നുന്നത്, അതെല്ലാം പറഞ്ഞുകൊള്ളാൻ ഞാൻ സഹതാരങ്ങളോട് ആവശ്യപ്പെട്ടു. അമ്പയർമാരെയും റഫറിമാരെയും നമുക്ക് പിന്നീട് കൈകാര്യം ചെയ്യാം എന്നാണ് ഞാൻ അവരോട് പറഞ്ഞത്.”- രോഹിത് പറഞ്ഞുവെക്കുന്നു.

Previous articleബാംഗ്ലൂർ കപ്പടിക്കാത്തതിന്റെ കാരണം ഇതാണ്, ഇനിയെങ്കിലും തെറ്റ് തിരുത്തണം. ഹർഭജന്‍റെ നിര്‍ദ്ദേശം.
Next articleപാക് പടയെ തകര്‍ത്ത് ഇന്ത്യൻ പെൺപുലികൾ. ലോകകപ്പിൽ 6 വിക്കറ്റുകളുടെ വിജയം