ബോര്‍ഡര്‍ – ഗവാസ്കര്‍ പരമ്പരക്ക് നാഗ്പൂരില്‍ നാളെ തുടക്കമാകും. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ച് ഒരുക്കുന്ന് എന്ന ആരോപണം ഓസ്ട്രേലിയന്‍ മാധ്യമങ്ങളും താരങ്ങളും ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. പിച്ചില്‍ നിന്നും മത്സരത്തിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ രോഹിത് ശര്‍മ്മ ആവശ്യപ്പെട്ടു.
” പിച്ചിനെക്കുറിച്ചുള്ള ആശങ്ക മാറ്റിവെക്കു. ഇരു ടീമിലും മികച്ച 22 താരങ്ങളുണ്ട്. അതിനാല്‍ പിച്ച് എങ്ങനെയുള്ളതായിരിക്കുമെന്നോ എത്രമാത്രം ടേണുണ്ടാവുമെന്നോ സീമുണ്ടാവുമെന്നോ എന്ന് ആശങ്കപ്പെടേണ്ട. കാര്യം സിംപിളാണ്. ഗ്രൗണ്ടിലിറങ്ങി മികച്ച കളി പുറത്തെടുക്കുക ” പത്ര സമ്മേളനത്തില്‍ രോഹിത് പറഞ്ഞു. എന്നാല്‍ പിച്ച് കണ്ടിട്ട് സ്പിന്നിനെ സഹായിക്കുന്ന പിച്ചായിരിക്കുമെന്നും അതുകൊണ്ടുതന്നെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുക എന്നത് മത്സരത്തില്‍ പ്രധാനമായിരിക്കുമെന്നും രോഹിത് കൂട്ടിചേര്‍ത്തു.
മത്സരത്തിലെ പ്ലേയിങ്ങ് ഇലവനെക്കുറിച്ച് സൂചന നല്‍കാന്‍ രോഹിത് തയ്യാറായില്ലാ. എല്ലാവരും മികച്ച ഫോമിലാണെന്നും, ഒഴിവാക്കുക ശ്രമകരമായിരിക്കും എന്നും പിച്ചിന്‍റെ സാഹചര്യം നോക്കി പ്ലേയിങ്ങ് ഇലവന്‍ തിരഞ്ഞെടുക്കും എന്നും രോഹിത് ശര്‍മ്മ അറിയിച്ചു.