“കഴിഞ്ഞ ലോകകപ്പിലെ പ്രകടനം ഇത്തവണയും ഞാൻ ആവർത്തിക്കും”- വമ്പൻ പ്രതീക്ഷ പങ്കുവയ്ച്ച് രോഹിത്

Rohit Sharma indian captain

2023 ഏകദിന ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മുൻപ് 2019 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് നിലവിലെ നായകൻ രോഹിത് ശർമ. 2019 ലോകകപ്പിലെ അതേ മാനസികാവസ്ഥയിൽ തന്നെ 2023 ലോകകപ്പിലും കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറയുകയുണ്ടായി.

2019ൽ 81 റൺസ് ശരാശരിയിൽ 648 റൺസ് ആയിരുന്നു രോഹിത് ശർമയുടെ ലോകകപ്പിലെ സമ്പാദ്യം. 81 എന്ന മികച്ച ശരാശരിയിലാണ് രോഹിത് അന്ന് കളിച്ചത്. ഈ സാഹചര്യം ആവർത്തിക്കപ്പെടും എന്നാണ് രോഹിത്തിന്റെ പ്രതീക്ഷ.

“2019 ലോകകപ്പിന് മുൻപ് മികച്ച മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ ഉണ്ടായിരുന്നത്. ആ അവസ്ഥയിലേക്ക് വീണ്ടും ചെന്നെത്താനാണ് ഞാൻ ശ്രമിക്കുന്നത്. അന്ന് ടൂർണമെന്റ് കളിക്കാനായി ഞാൻ പരമാവധി തയ്യാറെടുത്തു. മാത്രമല്ല എന്റെ മാനസികാവസ്ഥയും വളരെ മികച്ച നിലയിലായിരുന്നു. ആ സാഹചര്യം എനിക്ക് തിരികെ കൊണ്ടുവരണം.

അതിന് എനിക്ക് ഇനിയും സമയമുണ്ട്. 2019 ലോകകപ്പിന് മുൻപ് ഒരു വ്യക്തിയെന്ന നിലയിലും ഒരു ക്രിക്കറ്റർ എന്ന നിലയിലും ഞാൻ ചെയ്ത ശരിയായ കാര്യങ്ങൾ ഇപ്പോഴും ഓർക്കാൻ ശ്രമിക്കാറുണ്ട്. വ്യക്തിപരമായി ഇത്തരം ചിന്തകൾ വീണ്ടും പരിശോധിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”- രോഹിത് പറയുന്നു.

Read Also -  "സ്വപ്നം പോലെ തോന്നുന്നു", സംഗക്കാര തന്റെ ബാറ്റ് ഉപയോഗിച്ചതിൽ സഞ്ജുവിന്റെ ആവേശം.

“ഒരു കാരണവശാലും ഞാൻ കണക്കുകളിൽ ഉറച്ചു വിശ്വസിക്കുന്ന ആളല്ല. പലപ്പോഴും സന്തോഷവാനായിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. നമ്മുടെ മുൻപിലുള്ള സമയം ഏറ്റവും നന്നായി ആസ്വദിക്കാനും അത്തരം നിമിഷങ്ങൾ മികച്ചതാക്കി മാറ്റാനുമാണ് എനിക്കിഷ്ടം. എന്നെ സംബന്ധിച്ച് മറ്റു ടീമംഗങ്ങളുമായി ചേർന്ന് ഒരു നല്ല ബന്ധം സൃഷ്ടിക്കുന്നതിനും ക്രിക്കറ്റിൽ വലിയ പ്രാധാന്യമുണ്ട്. ഇത്തവണത്തെ ലോകകപ്പിലും ഒരുപാട് ഓർമ്മകൾ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. നമുക്ക് എന്ത് കിട്ടിയാലും ഉള്ളതിൽ സന്തോഷവാനായിരിക്കുക എന്നതിനാണ് പ്രസക്തി.”- രോഹിത് കൂട്ടിച്ചേർത്തു.

ഇന്നാണ് 2023 ഏഷ്യാകപ്പ് ആരംഭിക്കുന്നത്. ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായാണ് ഇത്തവണത്തെ ഏഷ്യാകപ്പ് അരങ്ങേറുന്നത്. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ രണ്ടിന് പാക്കിസ്ഥാനെതിരെയാണ്. ഈ മത്സരത്തിലൂടെ എല്ലാ താരങ്ങളും തിരികെ ഫോമിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യാകപ്പ് ഏതുവിധേനയും സ്വന്തമാക്കി ലോകകപ്പിന് അങ്ങേയറ്റം സജ്ജമാവുക എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ലക്ഷ്യം. ഇന്ത്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ തന്നെ നിലവിൽ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകൾ. ആ സമ്മർദ്ദം ഇന്ത്യൻ യുവനിരയ്ക്ക് മറികടക്കാൻ സാധിക്കുമോ എന്ന ചോദ്യം നിലനിൽക്കുന്നു.

Scroll to Top