ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു വെടിക്കെട്ട് തുടക്കം നൽകി നായകൻ രോഹിത് ശർമ. മത്സരത്തിൽ ഒരു അത്യുഗ്രൻ ഇന്നിംഗ്സ് ആണ് രോഹിത് ശർമ കാഴ്ച വച്ചത്. ഓസ്ട്രേലിയൻ ബോളിംഗ് നിരയെ തകർത്ത രോഹിത് 41 പന്തുകളിൽ 92 റൺസാണ് നേടിയത്.
കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ആവശ്യത്തിന് ഫോമിലേക്ക് ഉയരാതിരുന്ന രോഹിത്തിന്റെ ഒരു മാസ്മരിക പ്രകടനം ആയിരുന്നു മത്സരത്തിൽ കണ്ടത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു വെടിക്കെട്ട് തുടക്കം നൽകാനും രോഹിത് സാധിച്ചിട്ടുണ്ട്. രോഹിത്തിന്റെ ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണ് മത്സരത്തിൽ പിറന്നത്.
മത്സരത്തിൽ ഓപ്പണറായി ക്രീസിലെത്തിയ രോഹിത് ശർമ ഇന്നിംഗ്സിലെ മൂന്നാം പന്തിൽ മിച്ചൽ സ്റ്റാർക്കിനെതിരെ ഒരു ബൗണ്ടറി നേടിയാണ് തന്റെ ആക്രമണം ആരംഭിച്ചത്. ശേഷം മൂന്നാം ഓവറിൽ സ്റ്റാർക്കിനെ പൂർണമായും പഞ്ഞിക്കിടാൻ രോഹിത്തിന് സാധിച്ചു. 4 സിക്സറുകളും ഒരു ബൗണ്ടറിയുമാണ് രോഹിത് സ്റ്റാർക്കിനെതിരെ മൂന്നാം ഓവറിൽ നേടിയത്.
ഇത് സംഹാരത്തിന്റെ തുടക്കം മാത്രമായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ പന്ത് ബൗണ്ടറി ലൈൻ കടത്താൻ രോഹിതിന് സാധിച്ചു. ഇതിനിടെ ട്വന്റി20 ക്രിക്കറ്റിൽ 200 സിക്സറുകൾ സ്വന്തമാക്കുന്ന ആദ്യ താരം എന്ന റെക്കോർഡും രോഹിത് സ്വന്തമാക്കിയിരുന്നു.
മത്സരത്തിൽ 19 പന്തുകളിൽ നിന്നാണ് രോഹിത് ശർമ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. 2024 ട്വന്റി20 ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അർത്ഥസെഞ്ച്വറിയാണ് മത്സരത്തിൽ രോഹിത് ശർമ നേടിയത്. പവർപ്ലേയിൽ തന്നെ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാൻ രോഹിത്തിന് സാധിച്ചു.
മറുവശത്തുനിന്ന് യാതൊരു സഹായവും ലഭിക്കാത്ത പക്ഷവും രോഹിത് ആക്രമണം തുടരുകയായിരുന്നു. പവർപ്ലേയ്ക്കു ശേഷവും തന്റെ സെക്സ് ഹിറ്റിങ് കഴിവ് രോഹിത് പുറത്തെടുക്കുകയുണ്ടായി. ഇതിനിടെ രോഹിത്തിന്റെ മികവിൽ ഒമ്പതാം ഓവറിൽ തന്നെ 100 റൺസ് പിന്നിടാൻ ഇന്ത്യൻ ടീമിന് സാധിച്ചു.
മത്സരത്തിൽ 41 പന്തുകൾ നേരിട്ട രോഹിത് ശർമ 92 റൺസാണ് നേടിയത്. 7 ബൗണ്ടറികളും 8 സിക്സറുകളുമാണ് രോഹിത്തിന്റെ തകർപ്പൻ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. 11 ഓവറുകളിൽ ഇന്ത്യയെ 127 റൺസിലെത്തിച്ച ശേഷമാണ് രോഹിത് കൂടാരം കയറിയത്. രോഹിത് നൽകിയ തുടക്കം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുക എന്നത് മാത്രമാണ് ഇന്ത്യക്ക് മുൻപിലുള്ള ലക്ഷ്യം. മാത്രമല്ല കരുത്തരായ ഓസ്ട്രേലിയൻ ടീമിനെ തകർക്കാൻ ഇന്ത്യയ്ക്ക് 200 റൺസിലധികം സ്വന്തമാക്കേണ്ടത് ആവശ്യം തന്നെയാണ്.