ഫീല്‍ഡിങ്ങിലും റെക്കോഡിട്ട് രോഹിത് ശര്‍മ്മ. മറികടന്നത് വീരാട് കോഹ്ലിയെ

നമീബിയക്കെതിരെയുള്ള മത്സരത്തില്‍ റെക്കോഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. പതിവില്‍ നിന്നും വിത്യസ്തമായി ഇത്തവണ ഫീല്‍ഡിങ്ങിലാണ് ഹിറ്റ്മാന്‍ റെക്കോഡിട്ടത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയുടെ മൂന്നു താരങ്ങള്‍ രോഹിത് ശര്‍മ്മയുടെ ക്യാച്ചിലാണ് പുറത്തായത്.

ലോഫ്റ്റി ഈറ്റൺ, ഡേവിഡ് വിസെ, സ്മിത് എന്നിവരെയാണ് ക്യാച്ച് നേടി രോഹിത് ശര്‍മ്മ പുറത്താക്കിയത്. ജഡേജ എറിഞ്ഞ 15ാം ഓവറില്‍ സ്മിതിനെ പുറത്താക്കാനായി എടുത്ത മനോഹര ക്യാച്ചിലാണ് രോഹിത് ശര്‍മ്മ റെക്കോഡ് നേടിയത്. രാജ്യാന്തര ടി20 ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ 43ാം ക്യാച്ചായിരുന്നു ഇത്. ഈ ക്യാച്ചോടെ ഇന്ത്യക്ക് വേണ്ടി ഒരു വിക്കറ്റ് കീപ്പറല്ലാത്ത താരം നേടുന്ന ഏറ്റവും കൂടുതല്‍ ക്യാച്ച് എന്ന റെക്കോഡാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്. വീരാട് കോഹ്ലിയുടെ റെക്കോഡാണ് മറികടന്നത്.

57 ക്യാച്ചുകള്‍ ഉള്ള വിക്കറ്‌ കീപ്പര്‍ താരം മഹേന്ദ്ര സിങ്ങ് ധോണിയാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ചുകളുള്ള താരം. സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയട്ടുള്ളത് (69). തൊട്ടു പുറകില്‍ ന്യൂസിലന്‍റ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് (62)