“രാഹുൽ തന്നെ ഓപ്പൺ ചെയ്യും. ഞാൻ മധ്യനിരയിൽ എവിടെയെങ്കിലും കളിക്കും”. ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞുകൊടുത്ത് രോഹിത്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി ടൂർണമെന്റിലെ രണ്ടാം മത്സരം ആരംഭിക്കുകയാണ്. രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായി കെഎൽ രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.

മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിനാണ് രോഹിത് ശർമ ഇക്കാര്യത്തെ പറ്റി സംസാരിച്ചത്. തന്റെ വ്യക്തിപരമായ ചില കാരണങ്ങൾ മൂലം രോഹിത്തിന് ആദ്യ മത്സരത്തിൽ ടീമിന് വേണ്ടി മൈതാനത്ത് എത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ രാഹുലായിരുന്നു ഇന്ത്യയ്ക്കായി ജയസ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ പ്രകടനം തന്നെ രാഹുൽ കാഴ്ചവച്ചു. ശേഷം പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ ഇന്ത്യയുടെ പരിശീലന മത്സരത്തിലും രാഹുൽ ആയിരുന്നു ഓപ്പണറായി എത്തിയത്. പിന്നാലെയാണ് ഇപ്പോൾ രോഹിത് ശർമ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.

പേർത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതാണ് രാഹുലിനെ ഓപ്പണറായി നിലനിർത്താൻ കാരണമെന്നാണ് രോഹിത് ശർമ പറഞ്ഞത്. “പെർത്തിൽ മികച്ച രീതിയിൽ തന്നെ രാഹുൽ ബാറ്റ് ചെയ്തിരുന്നു. മാത്രമല്ല ജയസ്വാളുമൊപ്പം ചേർന്ന് കിടിലൻ കൂട്ടുകെട്ടും രാഹുൽ കെട്ടിപ്പടുത്തു.  ഇത് മത്സരത്തിൽ വളരെ നിർണായകമായി. അതിനാൽ തന്നെ രാഹുൽ അടുത്ത മത്സരത്തിലും ഓപ്പണറായി തുടരും. മധ്യനിരയിൽ എവിടെയെങ്കിലും ഞാൻ ബാറ്റ് ചെയ്യുന്നതാണ്. ഒരു ബാറ്റർ എന്ന നിലയിൽ ചിന്തിക്കുമ്പോൾ ഈ തീരുമാനം അല്പം ബുദ്ധിമുട്ടേറിയതാണ്. പക്ഷേ ടീമിനെ സംബന്ധിച്ച് സംസാരിക്കുമ്പോൾ ഇതൊരു അനായാസ തീരുമാനമാണ്. ടീമിന് വേണ്ടത് അതുതന്നെയാണ്.”- രോഹിത് ശർമ പറയുകയുണ്ടായി.

പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ജഡേജയും അശ്വിനെയും കളിപ്പിക്കാൻ സാധിച്ചിരുന്നില്ല. വാഷിംഗ്ടൺ സുന്ദറിനെ മാത്രമാണ് ഇന്ത്യ മത്സരത്തിൽ സ്പിന്നറായി ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതേപ്പറ്റിയും രോഹിത് ശർമ സംസാരിക്കുകയുണ്ടായി. “പിച്ചിന് അനുയോജ്യമെന്ന് കരുതുന്ന ടീമിനെയാണ് സെലക്ടർമാർ തിരഞ്ഞെടുത്തത്. അശ്വിനും ജഡേജയും പരമ്പരയിലെ മറ്റു മത്സരങ്ങളിൽ നിർണായക പങ്കു തന്നെ വഹിക്കും. പീച്ചിന്റെ സാഹചര്യങ്ങൾ നോക്കിയാവും ഞങ്ങൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.”- രോഹിത് ശർമ പറഞ്ഞുവെക്കുകയുണ്ടായി.

സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങളിൽ മോശം പ്രകടനമാണ് രോഹിത് ശർമ കാഴ്ചവച്ചിട്ടുള്ളത്. ന്യൂസിലാൻഡിനെതിരായ 3 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 6 ഇന്നിങ്സുകളിൽ കേവലം 93 റൺസ് മാത്രമായിരുന്നു രോഹിത്തിന് നേടാൻ സാധിച്ചത്. ഇന്ത്യയുടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിലും കേവലം 3 റൺസാണ് രോഹിത് നേടിയത്. ഇതിന് ശേഷം രോഹിത് അഡ്ലൈഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ തന്റെ ഫോമിലേക്ക് തിരികെ എത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ടെസ്റ്റ് മത്സരമാണ് നടക്കുന്നത്.

Previous articleബറോഡൻ കാർണേജ്. 20 ഓവറിൽ നേടിയത് 349 റൺസ്. T20 ചരിത്രം തിരുത്തി ബറോഡ.