ബോർഡർ- ഗവാസ്‌കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമയ്ക്കു പകരം ഇന്ത്യയുടെ പേസർ ജസ്‌പ്രീത് ബുമ്ര ടീമിനെ നയിക്കുമെന്ന് റിപ്പോർട്ടുകൾ. പരമ്പരയിലെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ബൂമ്രയായിരുന്നു ഇന്ത്യയുടെ നായകൻ. അന്ന് രോഹിത് ശർമയ്ക്ക് വ്യക്തിപരമായ കാരണങ്ങൾ മൂലം മാറി നിൽക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇന്ത്യ ബുമ്രയെ നായകനായി മൈതാനത്ത് ഇറക്കിയത്.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നു. പെർത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോഴും വലിയ ക്രെഡിറ്റ് ബുമ്ര അർഹിച്ചിരുന്നു. ശേഷം അടുത്ത 3 മത്സരങ്ങളിലും രോഹിത് നായകനായി എത്തിയെങ്കിലും 2 പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു.
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ താൻ കളിക്കാൻ തയ്യാറല്ല എന്ന് രോഹിത് ശർമ ഇതിനോടകം ഗൗതം ഗംഭീറിനെയും മുഖ്യ സെലക്ടറായ അജിത്ത് അഗാർക്കറെയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബൂമ്ര വീണ്ടും ഇന്ത്യൻ നായകനായി എത്തുന്നത്. മത്സരത്തിന് മുൻപ് നടന്ന വാർത്താ സമ്മേളനത്തിൽ, രോഹിത് സിഡ്നിയിലെ ടെസ്റ്റ് മത്സരത്തിൽ കളിക്കുമോ എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഇതിന് വ്യക്തമായ ഉത്തരം നൽകാൻ ഗൗതം ഗംഭീർ തയ്യാറായില്ല. മത്സരദിവസം പിച്ച് പരിശോധിച്ച ശേഷം മാത്രമേ പ്ലെയിങ് ഇലവനെ പറ്റി സംസാരിക്കാൻ സാധിക്കൂ എന്നാണ് ഗംഭീർ പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിലൊക്കെയും രോഹിതിന്റെ ടീമിലെ സ്ഥാനത്തെ സംബന്ധിച്ച് വലിയ ചർച്ചകൾ ഉയർന്നിരുന്നു. നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ഇതുവരെ രോഹിതിന് മത്സരങ്ങളിൽ മികവ് പുലർത്താൻ സാധിച്ചിട്ടില്ല. ഈ പരമ്പരയിൽ 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് കേവലം 31 റൺസ് മാത്രമാണ് ഇന്ത്യയുടെ നായകൻ നേടിയത്. മാത്രമല്ല മത്സരങ്ങളിൽ രോഹിത് കളിച്ച മോശം ഷോട്ടുകളും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അഡ്ലൈഡ് ടെസ്റ്റ് മത്സരത്തിലും ബ്രിസ്ബേൻ ടെസ്റ്റ് മത്സരത്തിലും ആറാം നമ്പറിലായിരുന്നു രോഹിത് ശർമ ക്രീസിലെത്തിയത്. ഇത് പരാജയപ്പെട്ടതിന് ശേഷം മെൽബൺ ടെസ്റ്റ് മത്സരത്തിൽ ഓപ്പണറായി രോഹിത് ശർമ ക്രീസിലെത്തി. പക്ഷേ അവിടെയും താരം പരാജയപ്പെടുകയായിരുന്നു.
ഇതിന് ശേഷം രോഹിത്തിന്റെ പ്രകടനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച് ടീം മാനേജ്മെന്റ് പോലും രംഗത്ത് എത്തിയിരുന്നു. സിഡ്നിയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന് ശേഷം രോഹിത് തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയർ അവസാനിപ്പിക്കും എന്ന് പോലും വാർത്തകൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് രോഹിത് അവസാന ടെസ്റ്റിൽ നിന്ന് മാറിനിൽക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രോഹിത്തിനൊപ്പം തന്നെ കഴിഞ്ഞ മത്സരങ്ങളിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു താരം വിരാട് കോഹ്ലിയാണ്.