ബോളിങ്ങിൽ നിരാശയില്ല, പക്ഷെ അക്കാര്യത്തില്‍ ഞങ്ങൾ പരാജയമായി. തുറന്ന് പറഞ്ഞ് രോഹിത് ശർമ.

Rohit Sharma angry

നേപ്പാളിനെതിരായ മത്സരത്തിൽ ഉജ്ജ്വല വിജയം നേടിയതോടെ ഇന്ത്യ 2023 ഏഷ്യാകപ്പിന്റെ സൂപ്പർ 4 ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ് എയിൽ നിന്ന് പാക്കിസ്ഥാനൊപ്പമാണ് ഇന്ത്യ സൂപ്പർ 4ൽ യോഗ്യത നേടിയത്. നിർണായകമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 230 റൺസിന് ഇന്ത്യ ഒതുക്കുകയുണ്ടായി. ശേഷം മഴമൂലം ഇന്ത്യയുടെ വിജയലക്ഷം 145 റൺസായി മാറി. ഈ വിജയലക്ഷ്യം അനായാസം മറികടന്നാണ് ഇന്ത്യ മത്സരത്തിൽ വിജയം സ്വന്തമാക്കിയത്.

10 വിക്കറ്റുകളുടെ വിജയമായിരുന്നു ഇന്ത്യ മത്സരത്തിൽ നേടിയത്. എന്നിരുന്നാലും മൈതാനത്ത് വളരെ മോശം ഫീൽഡിങ് പ്രകടനങ്ങളായിരുന്നു ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. മത്സരശേഷം രോഹിത് ശർമ തന്റെ ടീമിന്റെ മോശം ഫീൽഡിംഗ് പ്രകടനങ്ങളെ പറ്റി സംസാരിക്കുകയുണ്ടായി.

നേപ്പാളിനെതിരായ മത്സരത്തിൽ തരക്കേടില്ലാത്ത ബോളിംഗ് പ്രകടനം ഇന്ത്യ നടത്തിയെന്നും എന്നാൽ ഫീൽഡിങ്ങിൽ വളരെ മോശമായിരുന്നു എന്നുമാണ് രോഹിത് ശർമ മത്സരശേഷം പറഞ്ഞത്. “ഈ രണ്ടു മത്സരങ്ങൾ പൂർണ്ണമായും നമുക്ക് കണക്കിലെടുക്കാൻ സാധിക്കില്ല. കാരണം ഇതിൽ ഒരു മത്സരം പൂർണമായും ഉപേക്ഷിക്കപ്പെട്ടു. എന്നിരുന്നാലും ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. നേപ്പാളിനെതിരായ മത്സരത്തിൽ ബോൾ ചെയ്യാനും സാധിച്ചു. രണ്ടു മത്സരങ്ങളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എന്നിരുന്നാലും കുറച്ചധികം കളിക്കാർ കഴിഞ്ഞ കുറച്ചു മാസങ്ങളായി ടീമിന് പുറത്തായിരുന്നു. അത് പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ട്.” രോഹിത് പറഞ്ഞു.

Read Also -  പന്ത് ലോകകപ്പ് ടീമിൽ ഉണ്ടാവും. സഞ്ജുവും വരണമെന്ന് ആഗ്രഹിക്കുന്നു. സൗരവ് ഗാംഗുലി പറയുന്നു.

“എന്നിരുന്നാലും സൂപ്പർ ഫോറിൽ മത്സരത്തിനിറങ്ങുമ്പോൾ ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. പാക്കിസ്ഥാനെതിരായ മത്സരത്തിൽ സമ്മർദ്ദ സാഹചര്യത്തിൽ ഹർദിക് പാണ്ട്യയും ഇഷാൻ കിഷനുമാണ് ഞങ്ങളെ മികച്ച ഒരു പൊസിഷനിൽ എത്തിച്ചത്. ഇന്ന് നേപ്പാളിനെതിരെ ഞങ്ങളുടെ ബോളിംഗ് അത്ര മോശമായിരുന്നില്ല. എന്നാൽ മൈതാനത്ത് ഫീൽഡിങ് വളരെ മോശമായി തന്നെ പ്രതിഫലിച്ചു.”- മത്സരശേഷം രോഹിത് ശർമ കൂട്ടിച്ചേർത്തു.

മത്സരത്തിൽ 59 പന്തുകൾ നേരിട്ട രോഹിത് ശർമ 74 റൺസ് നേടി പുറത്താവാതെ നിന്നു. തന്റെ ഈ തകർപ്പൻ ഇന്നിങ്സിനെ പറ്റിയും രോഹിത് സംസാരിക്കുകയുണ്ടായി. “ഇന്നിംഗ്സ് ആരംഭിച്ച സമയത്ത് എനിക്ക് അല്പം പരിഭ്രമം ഉണ്ടായിരുന്നു. എന്നാൽ പതിയെ ഞാൻ എന്റെ ഫോമിലേക്ക് തിരികെയെത്തി. മത്സരത്തിൽ റൺസ് നേടണം എന്നത് എന്റെ ആവശ്യമായിരുന്നു. മാത്രമല്ല എനിക്ക് ടീമിനെ വിജയത്തിൽ എത്തിക്കുകയും ചെയ്യേണ്ടിയിരുന്നു.”- രോഹിത് ശർമ പറഞ്ഞുവെക്കുന്നു. മത്സരത്തിൽ വിജയം നേടിയതോടെ സൂപ്പർ ഫോറിലും മികച്ച പ്രകടനം നടത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.

Scroll to Top