ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ ഒരു വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 സിക്സറുകൾ സ്വന്തമാക്കുന്ന സ്വന്തമാക്കുന്ന ആദ്യ താരം എന്ന റെക്കോർഡാണ് രോഹിത് മത്സരത്തിൽ സ്വന്തമാക്കിയത്.
മത്സരത്തിൽ തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. തന്റെ അഞ്ചാം സിക്സർ സ്വന്തമാക്കിയാണ് രോഹിത് ഈ അത്യപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഈ റെക്കോർഡിൽ രോഹിത്തിന്റെ അടുത്തുപോലും മറ്റൊരു താരമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇതുവരെ ഇന്ത്യക്കായി 157 ട്വന്റി20 മത്സരങ്ങളാണ് രോഹിത് ശർമ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നാണ് രോഹിത് 200 സിക്സറുകൾ സ്വന്തമാക്കിയത്. 122 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 173 സിക്സറുകൾ കരിയറിൽ സ്വന്തമാക്കിയ ന്യൂസിലാൻഡ് താരം മാർട്ടിൻ ഗപ്റ്റിലാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. 123 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ നിന്ന് 137 സിക്സറുകൾ സ്വന്തമാക്കിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
ഇതുവരെ 113 ട്വന്റി20 മത്സരങ്ങൾ അന്താരാഷ്ട്ര കരിയറിൽ കളിച്ച് 133 സിക്സറുകൾ നേടിയ ഓസ്ട്രേലിയയുടെ വെടിക്കെട്ട് താരം മാക്സ്വെൽ ലിസ്റ്റിൽ നാലാം സ്ഥാനത്തുണ്ട്. 132 സിക്സറുകൾ സ്വന്തമാക്കിയ നിക്കോളാസ് പൂറൻ, 129 സിക്സറുകൾ സ്വന്തമാക്കിയ സൂര്യകുമാർ യാദവ് എന്നിവരാണ് ലിസ്റ്റിൽ അഞ്ചും ആറും സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.
എന്തായാലും രോഹിതിനെ സംബന്ധിച്ച് വളരെ മികച്ച ഒരു റെക്കോർഡാണ് സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് രോഹിത് ശർമ കാഴ്ചവച്ചത്. താൻ നേരിട്ട് ആദ്യ പന്ത് മുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ രോഹിത്തിന് സാധിച്ചു. ഇന്ത്യക്കായി പവർപ്ലേയിൽ തന്നെ രോഹിത് വമ്പൻ അർദ്ധസെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. 19 പന്തുകളിൽ നിന്നാണ് മത്സരത്തിൽ രോഹിത് അർദ്ധസെഞ്ച്വറി സ്വന്തമാക്കിയത്. ഇതിനിടെ മിച്ചൽ സ്റ്റാർക്കിനെതിരെ ഓരോവരിൽ 29 റൺസ് സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിരുന്നു.
നിർണായകമായ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടപ്പെടുകയുണ്ടായി. മത്സരത്തിൽ പൂജ്യനായാണ് കോഹ്ലി മടങ്ങിയത്. പിന്നീട് പവർപ്ലേ ഓവറുകളിൽ കാണാൻ സാധിച്ചത് രോഹിത് ശർമയുടെ ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു. എല്ലാത്തരത്തിലും ഓസ്ട്രേലിയൻ നിരക്കെതിരെ ആക്രമണം അഴിച്ചുവിടാൻ രോഹിത് ശർമയ്ക്ക് സാധിച്ചു