സച്ചിനും കോഹ്ലിയ്ക്കുമൊപ്പം ഹിറ്റ്മാനും 10000 റൺസ് ക്ലബ്ബിൽ. തകർത്തെറിഞ്ഞത് തകർപ്പൻ റെക്കോർഡുകൾ.

F50W7vUaQAAMLBU scaled

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏഷ്യകപ്പ് മത്സരത്തിലും തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. മത്സരത്തിൽ ഓപ്പണറായിറങ്ങിയ രോഹിത് 48 പന്തുകൾ നേരിട്ട് 53 റൺസ് നേടുകയുണ്ടായി. ഇന്നിങ്സിൽ 7 ബൗണ്ടറികളും 2 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ഈ ഇന്നിങ്സിലൂടെ ഒരു തകർപ്പൻ നാഴികക്കല്ല് പിന്നീടാനും രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 10000 റൺസ് നേടിയവരുടെ എലൈറ്റ് ക്ലബ്ബിലേക്ക് മത്സരത്തിലൂടെ രോഹിത് പ്രവേശിച്ചു. മത്സരത്തിൽ 22 റൺസ് സ്വന്തമാക്കിയപ്പോഴാണ് രോഹിത് 10000 റൺസ് ക്ലബ്ബിലേക്ക് എത്തിച്ചേർന്നത്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 10000 റൺസ് സ്വന്തമാക്കുന്ന താരങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് രോഹിത് ശർമ. 241 ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിത് ശർമ ഏകദിന മത്സരങ്ങളിൽ 10000 റൺസ് പൂർത്തീകരിച്ചത്. 205 മത്സരങ്ങളിൽ നിന്ന് 10000 റൺസ് പൂർത്തീകരിച്ച വിരാട് കോഹ്ലിയാണ് ലിസ്റ്റിൽ ഒന്നാമൻ. 259 മത്സരങ്ങളിൽ നിന്ന് 10000 റൺസ് പൂർത്തീകരിച്ച സച്ചിൻ ടെണ്ടുൽക്കർ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി 263 മത്സരങ്ങളിൽ നിന്ന് 1000 ഏകദിന റൺസ് സ്വന്തമാക്കുകയുണ്ടായി. ഓസ്ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിംഗാണ് ലിസ്റ്റിലെ അഞ്ചാമൻ.

Read Also -  "റൺവേട്ടക്കാരിൽ സച്ചിനെ മറികടക്കാൻ അവന് സാധിക്കും", ഇംഗ്ലണ്ട് താരത്തെപറ്റി മൈക്കിൾ വോൺ.

നിലവിൽ ഏകദിന ക്രിക്കറ്റിൽ 10000 ക്ലബ്ബിൽ എത്തുന്ന ആറാമത്തെ താരമാണ് രോഹിത് ശർമ. 18426 ഏകദിന റൺസുമായി സച്ചിൻ ടെണ്ടുൽക്കരാണ് ഇന്ത്യക്കായി ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 13024 റൺസുമായി വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഏറ്റവുമധികം ഏകദിന റൺസ് നേടിയവരിൽ മൂന്നാം സ്ഥാനത്ത് മുൻനായകൻ സൗരവ് ഗാംഗുലിയും, നാലാം സ്ഥാനത്ത് ഇന്ത്യയുടെ നിലവിലെ കോച്ച് രാഹുൽ ദ്രാവിഡുമാണുള്ളത്. ഒപ്പം ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് തുടരുന്നുണ്ട്. ഇവർക്കൊപ്പമാണ് രോഹിത് ശർമ ഇപ്പോൾ എലൈറ്റ് ക്ലബ്ബിൽ എത്തിച്ചേർന്നിരിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 2 സിക്സറുകൾ നേടിയതോടെ മറ്റൊരു റെക്കോർഡ് കൂടി രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് രോഹിത് പേരിൽ ചേർത്തത്. നിലവിൽ 28 സിക്സറുകളാണ് രോഹിത് ശർമ ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റുകളിൽ നേടിയിട്ടുള്ളത്. 26 സിക്സറുകൾ നേടിയിട്ടുള്ള മുൻ താരം ഷാഹിദ് അഫ്രീദിയാണ് ലിസ്റ്റിൽ രണ്ടാമൻ. സനത് ജയസൂര്യ ലിസ്റ്റിൽ 23 സിക്സറുകളുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. എന്തായാലും ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കം നൽകിയ ശേഷമാണ് രോഹിത് മടങ്ങിയിരിക്കുന്നത്.

Scroll to Top