“കോഹ്ലിയും രോഹിതും 2027 ലോകകപ്പും കളിക്കും. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം”- ഗൗതം ഗംഭീർ

GRqXAwAacAArAbt scaled

ഇന്ത്യയുടെ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെ ആദ്യ ഉദ്യമമാണ് ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ പരമ്പരകൾ. പരമ്പരകൾക്ക് മുന്നോടിയായി ഗൗതം ഗംഭീർ മാധ്യമങ്ങളെ കാണുകയുണ്ടായി. രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരുടെ ഭാവിയെപ്പറ്റി ഗൗതം ഗംഭീർ പത്രസമ്മേളനത്തിൽ സംസാരിച്ചു.

കൃത്യമായി ഫിറ്റ്നസ് പുലർത്തുകയാണെങ്കിൽ രോഹിത്തിനും കോഹ്ലിക്കും 2027 ലോകകപ്പ് വരെ കളിക്കാൻ സാധിക്കും എന്നാണ് ഗംഭീർ പറഞ്ഞത്. ഒപ്പം, വരാനിരിക്കുന്ന ഏകദിന പരമ്പരകളിൽ നിന്ന് രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതിന്റെ കാരണവും ഗംഭീറും അജിത്ത് അഗാർക്കറും ബോധിപ്പിക്കുകയുണ്ടായി. വരാനിരിക്കുന്ന മത്സരങ്ങളിൽ മികവ് പുലർത്തി ഇന്ത്യയെ മികച്ച ഒരു പൊസിഷനിൽ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും ഗംഭീർ പറഞ്ഞു.

പത്രസമ്മേളനത്തിൽ ഏറ്റവുമധികം ഉയർന്നുകേട്ട ചോദ്യം വിരാട് കോഹ്ലിയെയും രോഹിത് ശർമയേയും സംബന്ധിച്ചായിരുന്നു. ഇരുവരും ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമോ എന്ന രീതിയിലുള്ള ചോദ്യങ്ങൾക്ക് ഗംഭീർ നൽകിയ മറുപടി ഇങ്ങനെയാണ്. “വലിയ മത്സരങ്ങളിൽ എത്ര മികച്ച രീതിയിൽ മികവ് പുലർത്താൻ സാധിക്കുമെന്ന് അവർ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അതിനാൽ ഇരു താരങ്ങൾക്കും ഇനിയും ഒരുപാട് നാൾ കളിക്കാൻ സാധിക്കും. ചാമ്പ്യൻസ് ട്രോഫിയിൽ എന്തായാലും ഇരുവർക്കും കളിക്കാൻ സാധിക്കും. മാത്രമല്ല കൃത്യമായി ഫിറ്റ്നസ് കാത്തു സൂക്ഷിക്കുകയാണെങ്കിൽ 2027 ലോകകപ്പിലും ഇരുവരും കളിക്കും എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴും ലോകനിലവാരമുള്ള ബാറ്റർമാരാണ് രണ്ടുപേരും. എല്ലാ ടീമുകൾക്കും അത്തരം കളിക്കാരെയാണ് ആവശ്യം.”- ഗംഭീർ പറഞ്ഞു.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ നിന്ന് രവീന്ദ്ര ജഡേജയെ മാറ്റിനിർത്തിയതിനെപ്പറ്റി ഇന്ത്യൻ മുഖ്യ സെലക്ടർ അജിത്ത് അഗാർക്കറും സംസാരിക്കുകയുണ്ടായി. ജഡേജയെ പര്യടനത്തിൽ നിന്ന് ഒരു ഒഴിവാക്കുകയല്ല ചെയ്തത് എന്ന് അഗാർക്കർ പറഞ്ഞു. ടീമിന്റെ തന്ത്രവും, വരാനിരിക്കുന്ന വലിയ ഷെഡ്യൂളും കണക്കിലെടുത്താണ് ജഡേജയ്ക്ക് വിശ്രമം അനുവദിച്ചത് എന്നാണ് അഗാർക്കർ പറഞ്ഞത്.

അക്ഷർ പട്ടേൽ ടീമിൽ ഇടം പിടിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ഇരു സ്പിന്നർമാരെയും ഉൾപ്പെടുത്തുന്നത് ശരിയാവില്ല എന്ന് അഗാർക്കർ പറയുന്നു. മാത്രമല്ല ഇന്ത്യയ്ക്ക് ഇനി വരാനിരിക്കുന്നത് 10 ടെസ്റ്റ് മത്സരങ്ങളാണെന്നും, അതിന് മുമ്പായി ജഡേജയ്ക്ക് വിശ്രമം ആവശ്യമാണ് എന്നും അഗാർക്കർ പറയുകയുണ്ടായി.

താരങ്ങൾക്ക് പരമാവധി സ്വാതന്ത്ര്യം നൽകി മുൻപോട്ടു പോവാനാണ് പരിശീലകൻ എന്ന നിലയിൽ താൻ ശ്രമിക്കുന്നത് എന്ന് ഗംഭീർ കൂട്ടിച്ചേർത്തു. ടീമിനുള്ളിലെ താരങ്ങൾക്ക് സ്വാതന്ത്ര്യം നൽകുക എന്നത് മത്സരഫലത്തെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് ഗംഭീർ വിലയിരുത്തുന്നത്. വിശ്വാസത്തിലൂടെ ഉണ്ടാകുന്ന വലിയ ബന്ധങ്ങൾക്ക് കളിക്കളത്തിലും സ്ഥാനമുണ്ട് എന്ന് ഗംഭീർ കരുതുന്നു.

മാത്രമല്ല ടീമിലെ താരങ്ങൾക്ക് എല്ലാവർക്കും തന്റെ പിന്തുണ ഉണ്ടാകും എന്ന ഉറപ്പും ഗംഭീർ നൽകുകയുണ്ടായി. സന്തോഷകരമായ ഒരു ഡ്രസിങ് റൂമാവും ഇന്ത്യയുടേത് എന്ന് ഗംഭീർ പറയുന്നു. എല്ലാവരും പൂർണ്ണ സംതൃപ്തരായി തുടരുക എന്നത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ഗംഭീർ അംഗീകരിക്കുന്നു.

Scroll to Top