അഫ്ഗാനിസ്ഥാനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ ശക്തമായ ഒരു ഫിനിഷിംഗ് തന്നെയാണ് രോഹിത് ശർമയും റിങ്കൂ സിങ്ങും ചേർന്ന് ഇന്ത്യയ്ക്കായി സമ്മാനിച്ചത്. തുടക്കത്തിൽ ഇന്ത്യ ബാറ്റിംഗിൽ പൂർണ്ണമായും പതറിയപ്പോൾ ഇരുവരും ചേർന്ന് ടീമിനെ കൈപിടിച്ചു കയറ്റുകയായിരുന്നു.
അവസാന ഓവറുകളിൽ അഫ്ഗാനിസ്ഥാൻ ബോളർമാരുടെ അന്തകരായി മാറാൻ ഇരു ബാറ്റർമാർക്കും സാധിച്ചു. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ ഇരുപതാം ഓവറിൽ രോഹിത് ശർമയും റിങ്കു സിംഗും ചേർന്ന് നേടിയത് 36 റൺസാണ്. അവസാന 2 ഓവറുകളിൽ 58 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. അവസാന 5 ഓവറുകളിൽ 103 റൺസ് ഇന്ത്യൻ സ്കോർ ബോർഡിൽ ചേർക്കാൻ ഇരു ബാറ്റർമാർക്കും സാധിച്ചു.
ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവർ പരിശോധിക്കാം. അഫ്ഗാൻ പേസർ കരീം ജനതായിരുന്നു ഇന്നിംഗ്സിലെ അവസാന ഓവർ എറിഞ്ഞത്. ജനതെറിഞ്ഞ ആദ്യ പന്ത് ഒരു ഫുൾ ടോസ് ആയിരുന്നു. രോഹിത് ശർമ ക്രീസിൽ നിന്ന് നീങ്ങി സ്ക്വയർ ലെഗിലേക്ക് ഒരു തകർപ്പൻ ബൗണ്ടറിയാണ് ആ പന്തിൽ നേടിയത്.
അടുത്ത പന്ത് ഒരു ലെങ്ത് ബോളായി ജനത് എറിഞ്ഞു. യാതൊരു മടിയും കൂടാതെ ആ പന്തിനെ പൂർണ്ണമായും രോഹിത് ഇല്ലായ്മ ചെയ്യുകയായിരുന്നു. മൈതാനത്തിന്റെ റൂഫിലാണ് ആ പന്ത് ചെന്ന് പതിച്ചത്. പരമ്പരയിലെ ഏറ്റവും വലിയ സിക്സറുകളിൽ ഒന്നാണ് പിറന്നത്. മാത്രമല്ല ആ പന്ത് ഒരു നോബോളായിരുന്നു.
അടുത്ത പന്ത് കരീം ജനത് എറിഞ്ഞത് ഒരു ഷോട്ട് ബോളായി. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് രോഹിത് ശർമ പുൾ ചെയ്ത് ലോങ് ഓണിന് മുകളിലൂടെ സിക്സർ പായിച്ചു. ശേഷം ജനതിന്റെ അടുത്ത പന്തിൽ രോഹിത് ഒരു സിംഗിൾ നേടുകയുണ്ടായി. പിന്നീട് റിങ്കു സിംഗിന്റെ അവസരമായിരുന്നു.
ഓവറിലെ നാലാം പന്തിൽ വിക്കറ്റിന് മുകളിലൂടെ ഒരു തകർപ്പൻ സിക്സറാണ് റിങ്കു നേടിയത്. ഇതോടെ അടുത്ത പ്രത്യാക്രമണത്തിന് ആരംഭം കുറിക്കുകയായിരുന്നു. ശേഷം ഓവറിലെ അഞ്ചാം പന്തും സിക്സർ പറത്താൻ റിങ്കു സിങ്ങിന് സാധിച്ചു. ഒരു ഫുൾ ടോസായി വന്ന പന്ത് അനായാസം റിങ്കു അടിച്ചുകറ്റുന്നതാണ് കണ്ടത്.
ഓവറിലെ അവസാന പന്ത് ഒരു ഷോട്ട് ബോളായാണ് കരീം ജനത് എറിഞ്ഞത്. റിങ്കു അത് പുറകിലേക്ക് ഇറങ്ങി പുൾ ഷോട്ട് കളിക്കുകയായിരുന്നു. ഇങ്ങനെ ഓവറിൽ മൊത്തം 36 റൺസാണ് റിങ്കു സിംഗും രോഹിത് ശർമയും അടിച്ചുകൂട്ടിയത്.
ഇതോടെ ഇന്ത്യയുടെ സ്കോർ 212 റൺസിൽ എത്തുകയായിരുന്നു. ഒരു സമയത്ത് ഇന്ത്യൻ സ്കോർ 120 റൺസ് കടക്കുമോ എന്നതുപോലെ സംശയമായിരുന്നു. എന്നാൽ ഈ വെടിക്കെട്ട് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ഇത്ര മികച്ച ഒരു സ്കോർ സമ്മാനിച്ചത്.