രോഹിതിന്റെ വെടിക്കെട്ട്‌ തുടക്കങ്ങൾ മറ്റ് ഇന്ത്യൻ ബാറ്റർമാരെ സഹായിക്കുന്നു. കെഎൽ രാഹുൽ പറയുന്നു..

F8tSvMXaUAABO F

ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് മത്സരങ്ങളിലൊക്കെയും വളരെ മികച്ച ബാറ്റിങ്‌ പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവച്ചത്. ലോകകപ്പിലെ ആദ്യ മത്സരം മുതൽ ബോളർമാരെ പൂർണമായും സമ്മർദ്ദത്തിലാക്കിയ വെടിക്കെട്ടാണ് രോഹിത് കാഴ്ചവച്ചത്. അഫ്ഗാനിസ്ഥാനെതിരെയും പാക്കിസ്ഥാനെതിരായും ബംഗ്ലാദേശിനെതിരെയും രോഹിത് ശർമയുടെ ആദ്യ ഓവറുകളിലെ വെടിക്കെട്ട് ഇന്ത്യയെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. രോഹിത്തിന്റെ ഈ ആക്രമണപരമായ മനോഭാവം ഇന്ത്യൻ നിരയിലെ മറ്റു ബാറ്റർമാരെ വലിയ രീതിയിൽ സഹായിക്കുന്നുണ്ട് എന്നാണ് ഇന്ത്യൻ താരം കെഎൽ രാഹുൽ ഇപ്പോൾ പറയുന്നത്. രോഹിത് ഇത്തരത്തിൽ കളിക്കുന്നത് മറ്റു ബാറ്റർമാർക്ക് കാര്യങ്ങൾ അനായാസമാക്കി മാറ്റുന്നു എന്ന് രാഹുൽ പറഞ്ഞു.

“രോഹിത് മൈതാനത്തെത്തുന്നത് ഈ മനോഭാവം ഉള്ളിൽ വച്ചാണ് എന്ന് ഞാൻ കരുതുന്നില്ല. രോഹിത് ഇപ്പോൾ മികച്ച ഫോമിലാണ്. കഴിഞ്ഞ കുറെയധികം വർഷങ്ങളായി ഇന്ത്യയ്ക്കായി അത്ഭുതകരമായ പ്രകടനങ്ങൾ തന്നെയാണ് രോഹിത് കാഴ്ചവെച്ചിട്ടുള്ളത്. ഏതു തരത്തിൽ ഒരു ഇന്നിംഗ്സ് പേസ് ചെയ്യണമെന്ന് രോഹിത്തിനറിയാം. മാത്രമല്ല തുടക്കത്തിൽ കുറച്ചു ബൗണ്ടറികൾ നേടാൻ സാധിച്ചാൽ പിന്നീട് രോഹിത് ബോളർമാരെ അനായാസം സമ്മർദ്ദത്തിലാക്കും. ക്ലാസിക് ക്രിക്കറ്റ് ഷോട്ടുകൾ ഉപയോഗിച്ചാണ് രോഹിത് ആക്രമണം അഴിച്ചുവിടുന്നത്. കണ്ണും പൂട്ടിയുള്ള ഷോട്ടുകളോ നൂതന ഷോട്ടുകളോ ഒന്നും രോഹിത്തിന്റെ ബാറ്റിൽ നിന്ന് പലപ്പോഴും കാണാറില്ല. എല്ലായിപ്പോഴും പ്രോപ്പർ ക്രിക്കറ്റ് ഷോട്ടുകൾ തന്നെയാണ് രോഹിത് ശർമ്മ കളിക്കുന്നത്. കൃത്യമായി ബോൾ നേരിടുക എന്നത് മാത്രമാണ് രോഹിത്തിന്റെ ലക്ഷ്യം.”- രാഹുൽ പറഞ്ഞു.

Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.

“ഇത്തരമൊരു ബാറ്റർ പവർപ്ലേ ഓവറുകളിൽ തന്നെ വെടിക്കെട്ട് തീർക്കുമ്പോൾ അത് ഞങ്ങളെപ്പോലെയുള്ള മധ്യനിര ബാറ്റർമാർക്ക് കാര്യങ്ങൾ കൂടുതൽ അനായാസമാക്കുന്നു. ഉദാഹരണമായി കഴിഞ്ഞ കുറച്ചു മത്സരങ്ങൾ നോക്കാം. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഞങ്ങൾ ചെയ്സ് ചെയ്യുകയായിരുന്നു. ഞാൻ ക്രീസിലെത്തുമ്പോൾ 150-160 പന്തുകളിൽ 60 റൺസൊക്കെയാണ് ഞങ്ങൾക്ക് ആവശ്യമായിരുന്നത്. അതുകൊണ്ട് തന്നെ രോഹിത് ശർമയുടെ ഈ മനോഭാവം ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്. ടീമിലെ മറ്റ് അംഗങ്ങൾക്കും ഇത് ഉപകാരം ചെയ്യുന്നു.”- രാഹുൽ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അവസാന മത്സരത്തിലും രോഹിത് ഇതേ നിലയിൽ തന്നെയായിരുന്നു ബാറ്റ് ചെയ്തത്. 257 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് രോഹിത് നൽകിയത്. മത്സരത്തിൽ 40 പന്തുകളിൽ 48 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. 7 ബൗണ്ടറികളും 2 സിക്സറുകളും രോഹിത് ശർമയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മാത്രമല്ല ബംഗ്ലാദേശ് ബോളർമാരെ പവർപ്ലേ ഓവറുകളിൽ തന്നെ സമ്മർദ്ദത്തിലാക്കി മത്സരം ഇന്ത്യയുടെ വരുതിയിലെത്തിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. ശേഷം വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറി കൂടിയായപ്പോൾ മത്സരത്തിൽ ഇന്ത്യ അനായാസം വിജയം നേടുകയായിരുന്നു.

Scroll to Top