ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് രോഹിത് ശർമയുടെ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ്. മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 252 റൺസാണ്. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ഒരു വമ്പൻ തുടക്കം ആവശ്യമായിരുന്നു. ഈ സമയത്ത് രോഹിത് ശർമ തന്റെ ഫോമിലേക്ക് ഉയരുകയും ആദ്യ ഓവറുകളിൽ തന്നെ ന്യൂസിലാൻഡിനെ സമ്മർദ്ദത്തിലാക്കുകയും ആണ് ഉണ്ടായത്. മത്സരത്തിൽ 83 പന്തുകളിൽ 76 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്. 7 ബൗണ്ടറികളും 3 സിക്സറുകളും രോഹിത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെപ്പറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
“ഞങ്ങളെ സംബന്ധിച്ച് ഈ വിജയം വലിയ ആഹ്ലാദം നൽകുന്നു. ഈ ടൂർണമെന്റിലൂടനീളം മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് ടീം എന്ന നിലയിൽ സാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കുമ്പോൾ അത് ഒരുപാട് സന്തോഷം നൽകുന്നു. ഫൈനൽ മത്സരത്തിൽ ഞങ്ങൾ കളിച്ച രീതിയും ഒരുപാട് സന്തോഷം നൽകുന്നതാണ്. ഇത്തരത്തിൽ ഒരു മനോഭാവം എനിക്ക് സ്വാഭാവികമായി ഉള്ളതല്ല. എന്നാൽ അത്തരം ഒരു ആക്രമണ രീതി പുലർത്തണമെന്ന് ഞാൻ തീരുമാനിച്ചത് തന്നെയാണ്. എന്തെങ്കിലും വ്യത്യസ്തമായി ശ്രമിക്കണം എന്നായിരുന്നു ആദ്യത്തെ ചിന്ത. ടീമിൽ നിന്ന് ഒരുപാട് മികച്ചത് പിന്തുണയാണ് ഇത്തരമൊരു മനോഭാവത്തിന് ലഭിച്ചിട്ടുള്ളത്.”- രോഹിത് പറഞ്ഞു.
“ടീം അംഗങ്ങൾ എപ്പോഴും ഈ മനോഭാവത്തിൽ എന്നോടൊപ്പം ഉണ്ടായിരുന്നു. 2023 ലോകകപ്പിൽ രാഹുൽ ഭായി എനിക്ക് വേണ്ട രീതിയിൽ പിന്തുണ നൽകി. ഇപ്പോൾ ഗൗതം ഭായിയും അതാണ് ചെയ്യുന്നത്. ഈ വർഷങ്ങളിലൊക്കെയും വ്യത്യസ്തമായ സ്റ്റൈലിലാണ് ഞാൻ കളിച്ചിട്ടുള്ളത്. വ്യത്യസ്തമായ രീതിയിൽ കളിച്ച് ഫലങ്ങൾ ഉണ്ടാക്കാൻ സാധിക്കുമോ എന്നത് എനിക്ക് അറിയണമായിരുന്നു. ഇവിടെ ഇപ്പോൾ ഞങ്ങൾ കുറച്ചതികം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പിച്ചിന്റെ സ്വഭാവം ഞങ്ങൾക്ക് അറിയാമായിരുന്നു. കുറച്ചധികം നാളുകളായി ഞാൻ ക്രീസിന് പുറത്തേക്കിറങ്ങി ആക്രമണം അഴിച്ചുവിടാറുണ്ട്. എന്നാൽ ഇന്ന് അത്തരത്തിലാണ് എനിക്ക് വിക്കറ്റ് നഷ്ടമായത്.”- രോഹിത് കൂട്ടിച്ചേർത്തു.
“എന്നാൽ അതോർത്ത് ഒരിക്കലും ഞാൻ നിരാശനാവുന്നില്ല. കാരണം വരുന്ന മത്സരങ്ങളിലും ഇത്തരത്തിൽ ഒരു സ്വാതന്ത്ര്യം സ്വന്തമാക്കി കൊണ്ട് മുൻപോട്ടു പോകാനാണ് ഞാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇപ്പോൾ ബാറ്റിംഗിൽ നല്ല ഡെപ്ത് ഉള്ളത്. ഞങ്ങളുടെ ബാറ്റിംഗ് നിരയിൽ ജഡേജ എട്ടാം നമ്പറിലാണ് മൈതാനത്ത് എത്തുന്നത് ഇത് ഒരുപാട് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ആക്രമണ മനോഭാവം എന്നത് എന്റെ മനസ്സിൽ ഞാൻ വ്യക്തമാക്കിയാണ് മുമ്പോട്ട് പോകുന്നത്.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.