ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ സൂപ്പർ 8 മത്സരത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയെ പ്രശംസിച്ച് ഓസ്ട്രേലിയൻ പേസർ ഹേസല്‍വുഡ്. മത്സരത്തിൽ രോഹിത് ശർമ വെടിക്കെട്ട് തീർത്തതാണ് ഓസ്ട്രേലിയയുടെ പരാജയത്തിന് കാരണമായത് എന്ന് ഹേസല്‍വുഡ് പറയുന്നു.
നിർണായകമായ മത്സരത്തിൽ 41 പന്തുകളിൽ 92 റൺസ് ആയിരുന്നു രോഹിത് ശർമ കൂട്ടിച്ചേർത്തത്. 7 ബൗണ്ടറികളും 8 പടുകൂറ്റൻ സിക്സറുകളും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതിന് ശേഷമാണ് രോഹിത് ശർമയ്ക്ക് പ്രശംസകളുമായി ഹേസല്‍വുഡ് രംഗത്ത് എത്തിയത്.
“ഞാൻ കുറച്ചധികം കാലങ്ങളായി രോഹിത് ശർമയുടെ പ്രകടനങ്ങൾ കാണുന്നുണ്ട്. അവൻ ഒരു ലോകനിലവാരമുള്ള താരം തന്നെയാണ്. അതിനാൽ തന്നെ നമ്മൾ മത്സരത്തിൽ ഒരു പടിയെങ്കിലും പിന്നോട്ടിറങ്ങിയാൽ, ഇത്തരം കാര്യങ്ങൾ സംഭവിക്കും. ആദ്യ സമയങ്ങളിൽ കൃത്യമായി ചെറിയ ബൗണ്ടറികൾ ലക്ഷ്യം വയ്ക്കാൻ രോഹിത്തിന് സാധിച്ചു. കാറ്റിന്റെ സഹായവും പലപ്പോഴും അവർക്ക് ലഭിച്ചു. ഇത് മനസ്സിലാക്കി ഞങ്ങൾ പ്രതികരിക്കുകയുണ്ടായി. പക്ഷേ ആ സമയത്ത് മറ്റൊരു വശത്തേക്ക് ബൗണ്ടറികൾ പായിക്കാൻ അവന് സാധിച്ചു. ഒരു ക്ലാസ് ബാറ്ററായതിനാൽ തന്നെ അവനിൽ നിന്ന് ഇത്തരം പ്രകടനങ്ങൾ നമ്മൾ പ്രതീക്ഷിക്കണം. ഇനിയും രോഹിത് ശർമ ഇത്തരം പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധ്യതകൾ ഏറെയാണ്.”- ഹേസല്‍വുഡ് പറഞ്ഞു.
“മത്സരത്തിലെ പിച്ച് വളരെ മനോഹരമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ഇവിടെ 190 എന്നത് ഒരു പാർ സ്കോറായി തോന്നി. അതുകൊണ്ടുതന്നെ മത്സരത്തിന്റെ നല്ലൊരു സമയത്തും ഞങ്ങൾ ചേസിങ്ങിൽ മുൻപിൽ ആയിരുന്നതായും തോന്നിയിരുന്നു. പക്ഷേ കൃത്യമായ സമയത്ത് കുൽദീപ് യാദവും ബൂമ്രയും മികവ് പുലർത്തിയത് ഞങ്ങൾക്ക് തിരിച്ചടിയായി. അവരുടെ 8 ഓവറുകൾ മത്സരത്തിൽ വളരെ നിർണായകമായി. അവരാണ് മത്സരത്തിൽ വലിയ വ്യത്യാസമുണ്ടാക്കിയത്. സാധാരണയായി ആ രീതിയിലാണ് അവർ കളിക്കുന്നതും.”- ഹേസല്‍വുഡ് കൂട്ടിച്ചേർത്തു.
മത്സരത്തിൽ ഇന്ത്യക്കായി ഭേദപ്പെട്ട ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ബൂമ്രയ്ക്കും കുൽദീപിനും സാധിച്ചിരുന്നു. ഇരുവരുടെയും എട്ടോവറുകളിൽ 53 റൺസ് നേടുന്നതിനിടെ ഓസീസിന് 3 വിക്കറ്റുകൾ നഷ്ടമായി. മാത്രമല്ല അവസാന ഓവറുകളിൽ അപകടകാരിയായ ട്രാവസ് ഹെഡിന്റെ വിക്കറ്റ് സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. ഇത് മത്സരത്തിൽ ഇന്ത്യയ്ക്ക് വളരെ സഹായകരമായി മാറി. സെമിഫൈനൽ മത്സരത്തിലും ബൂമ്രയും കുൽദീപ് യാദവും ഇത്തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.