ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് മുഹമ്മദ് ഷാമി. കൃത്യമായി സീം പൊസിഷനിൽ പന്തറിയുന്ന ഷാമി എല്ലായിപ്പോഴും ലൈനും ലെങ്തും പാലിക്കാറുണ്ട്. ഇത് ബാറ്റർമാർക്ക് വലിയ രീതിയിൽ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ വലിയ മത്സരങ്ങളിലൊക്കെയും ഇന്ത്യയുടെ തുറപ്പ് ചീട്ടായി ഷാമി കളിച്ചിരുന്നു.
പക്ഷേ 2023 ഏകദിന ലോകകപ്പിനിടെ ഷാമിയ്ക്ക് പരിക്കേൽക്കുകയും സർജറിക്ക് വിധേയനാവുകയും ചെയ്യേണ്ടിവന്നു. ഇതിന് ശേഷം വിശ്രമത്തിലാണ് ഷാമി. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഷാമി തിരികെ കളിക്കളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിയ്ക്കുമെതിരെ നെറ്റ്സിൽ ബോളെറിയുമ്പോഴുള്ള തന്റെ അനുഭവത്തെപ്പറ്റിയാണ് മുഹമ്മദ് ഷാമി ഇപ്പോൾ വിവരിക്കുന്നത്.
തന്നെ നെറ്റ്സിൽ നേരിടുന്നതിനോട് രോഹിത് ശർമയ്ക്കും വിരാട് കൊഹ്‌ലിക്കും വലിയ തൃപ്തിയില്ല എന്ന് ഷാമി പറയുന്നു. താൻ പലപ്പോഴും നെറ്റ്സിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കാറുണ്ടെന്നും ഇത് വിരാട് കൊഹ്‌ലിക് പലപ്പോഴും പ്രകോപിപ്പിക്കാറുണ്ടെന്നും മുഹമ്മദ് ഷാമി പറയുകയുണ്ടായി. പലപ്പോഴും ഒരു മത്സരബുദ്ധിയോടെയാണ് താൻ പരിശീലന സെഷനിൽ ഇറങ്ങാറുള്ളത് എന്നാണ് ഷാമി പറയുന്നത്. വിരാട് കോഹ്ലിക്കൊപ്പം പരിശീലനത്തിന് ഇറങ്ങുന്നതാണ് തനിക്ക് ഏറ്റവും താൽപര്യമെന്നും ഷാമി പറഞ്ഞു. കോഹ്ലിയും തന്നെപ്പോലെ തന്നെ വെല്ലുവിളികൾ വളരെ മത്സരബുദ്ധിയോടെ സ്വീകരിക്കുന്ന ആളാണ് എന്ന് ഷാമി കൂട്ടിച്ചേർത്തു.
“കോഹ്ലിയ്ക്കും രോഹിത്തിനും എന്നെ നെറ്റ്സിൽ നേരിടുന്നത് ഇഷ്ടമല്ല. രോഹിത് പലപ്പോഴും എന്റെ മുൻപിൽ അങ്ങനെ ബാറ്റ് ചെയ്യാറില്ല. വിരാട് കോഹ്ലിയെ 2 തവണ ഞാൻ പുറത്താക്കിയാൽ പിന്നെ അവൻ പ്രകോപിതനായി മാറും. പരിശീലന സെഷനിൽ പോലും ഞാനും വിരാട് കോഹ്ലിയും തമ്മിൽ മത്സരത്തിൽ ഏർപ്പെടാറുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും വെല്ലുവിളികൾ വളരെ ഇഷ്ടമാണ്. എന്റെ നല്ല പന്തുകളിൽ തന്നെ കോഹ്ലി മികച്ച ഷോട്ടുകൾ കളിച്ച് എന്നെ ഞെട്ടിക്കാറുണ്ട്. ഞാൻ എല്ലായ്പ്പോഴും കോഹ്ലിയുടെ വിക്കറ്റ് എടുക്കാനാണ് ശ്രമിക്കാറുള്ളത്.”- മുഹമ്മദ് ഷാമി പറഞ്ഞു.
കോഹ്ലി ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് വളരെ മികച്ച ഒരു തീരുമാനമാണ് എന്ന മുഹമ്മദ് ഷാമി പറയുന്നു. കോഹ്ലിയ്ക്ക് തന്റെ വിരമിക്കൽ പ്രഖ്യാപിക്കാൻ കൃത്യസമയത്ത് സാധിച്ചു എന്നാണ് ഷാമി കരുതുന്നത്. “ട്വന്റി20 ലോകകപ്പിൽ വിജയം സ്വന്തമാക്കുക എന്നത് ഒരു സുവർണ്ണ നിമിഷമാണ്. അതിനാൽ ആ തീരുമാനം കൃത്യസമയത്തായിരുന്നു. എനിക്കും അത്തരമൊരു നിമിഷത്തിൽ തീരുമാനമെടുക്കണം എന്നാണ് മനസ്സിലുള്ളത്.”- മുഹമ്മദ് ഷാമി കൂട്ടിച്ചേർത്തു. നിലവിൽ വളരെ ശക്തമായ പേസ് ബോളിങ് നിരയാണ് ഇന്ത്യയ്ക്കുള്ളത്. മുഹമ്മദ് ഷാമിയുടെ തിരിച്ചുവരവോടുകൂടി അത് കൂടുതൽ ശക്തമാവും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.