രോഹിത് ഒരുപാട് ക്രെഡിറ്റ്‌ അർഹിയ്ക്കുന്നു. “ക്യാപ്റ്റൻ വണ്ടർ” എന്ന് ഇയാൻ ചാപ്പൽ.

ROHIT

ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ ഇയാൻ ചാപ്പൽ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം ഇന്ത്യ നടത്തിയ തിരിച്ചുവരവിനെ പ്രശംസിച്ചു കൊണ്ടാണ് ഇയാൻ ചാപ്പൽ സംസാരിച്ചത്.

ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പര 1-1 എന്ന രീതിയിൽ സമനിലയിലായ ശേഷമായിരുന്നു, ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 28 റൺസിന്റെ പരാജയം നേരിട്ടത്. അതിനു ശേഷം രോഹിത്തിന്റെ നായക സ്ഥാനത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.

മാത്രമല്ല പരമ്പരയ്ക്കിടെ വിരാട് കോഹ്ലി, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ തുടങ്ങിയവരെയൊക്കെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഈ സമയത്തും രോഹിത് പുലർത്തിയ മികവിനെ പ്രശംസിച്ചു കൊണ്ടാണ് ചാപ്പൽ രംഗത്തെത്തിയിരിക്കുന്നത്.

രോഹിത്തിന്റെ നായകത്വ മികവുകൾ പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നില്ല എന്നാണ് ചാപ്പൽ കരുതുന്നത്. “വളരെ കാലത്തിന് ശേഷം ഇന്ത്യൻ ടീമിന് ഒരുപാട് സെലക്ഷൻ പ്രശ്നങ്ങൾ നേരിട്ട ഒരു പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ നടക്കുന്നത്. ഇവിടെ പലരും രോഹിത്തിന്റെ നായകത്വ മികവിനെപ്പറ്റി സംസാരിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ആദ്യ ടെസ്റ്റിലെ പരാജയത്തിന് ശേഷം ഒരുപാട് വിമർശനങ്ങൾ രോഹിതിനെതിരെ ഉയർന്നിരുന്നു. അതിന് ശേഷം ഇന്ത്യൻ ടീമിനെ വളരെ നന്നായി തന്നെ മുന്നോട്ട് നയിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു.”

“മാത്രമല്ല പരമ്പരയിൽ ഒരു തകർപ്പൻ സെഞ്ചുറിയും രോഹിത് സ്വന്തമാക്കി. ഇന്ത്യൻ ടീമിന് ആവശ്യമായ സമയത്താണ് രോഹിത് സെഞ്ച്വറി നേടിയത്. ഒരു ബാറ്റർ എന്ന നിലയിലും താൻ എത്ര മികച്ച താരമാണ് എന്ന് രോഹിത് ബോധിപ്പിച്ചു. തന്റെ നായകത്വ മികവ് കൊണ്ടും മികച്ച തീരുമാനങ്ങൾ കൊണ്ടും ടീമിനെ ശരിയായ ദിശയിൽ കൊണ്ടുപോകാൻ രോഹിതിന് ഇതുവരെ സാധിച്ചിട്ടുണ്ട്.”- ചാപ്പൽ പറയുന്നു.

See also  "സ്ട്രൈക്ക് റേറ്റ് നോക്കണ്ട, കോഹ്ലിയെ ലോകകപ്പിൽ കളിപ്പിക്കണം". പിന്തുണയുമായി ലാറ രംഗത്ത്.

“ഈ പരമ്പരയിൽ രോഹിതിന് ക്യാപ്റ്റൻസിക്കിടെ എന്തെങ്കിലും പിഴവ് പറ്റിയിരുന്നെങ്കിൽ അത് ഇന്ത്യയെ പൂർണമായി ബാധിക്കുമായിരുന്നു. പരമ്പരയിൽ ബൂമ്രയുടെ കഴിവുകളെ പറ്റി ആർക്കും തന്നെ സംശയമില്ല. ജയസ്വാളിന്റെ പ്രതിഭയെ പറ്റിയും യാതൊരു സംശയവും ആർക്കുമില്ല. ഇവർക്കൊപ്പം പരിചയസമ്പന്ന ഇല്ലാത്ത താരങ്ങളെ ഇന്ത്യ ഉൾപ്പെടുത്തിയത് ടീമിന് വലിയ ഗുണം ചെയ്യും. എന്നിരുന്നാലും ഇവിടെയും ഏറ്റവും ആവശ്യമായി വേണ്ടത് ഒരു മികച്ച നായകനെ തന്നെയാണ്. ടീമിൽ വരുത്തിയ മാറ്റങ്ങൾ അടക്കം രോഹിത് എല്ലാ മേഖലയിലും മികച്ചു നിന്നു.”- ചാപ്പൽ കൂട്ടിച്ചേർത്തു.

ഇതുവരെ വളരെ മികച്ച റെക്കോർഡ് ആണ് ടെസ്റ്റ് ക്രിക്കറ്റിൽ നായകൻ എന്ന നിലയിൽ രോഹിത് ശർമയ്ക്കുള്ളത്. 15 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച രോഹിത് ഇതുവരെ 9 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 4 മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ 2 മത്സരങ്ങൾ സമനിലയിൽ ആവുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം വമ്പൻ തിരിച്ചുവരമാണ് ഇന്ത്യ തുടർച്ചയായി 3 മത്സരങ്ങളിൽ നടത്തിയത്. 3 മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയതോടെ പരമ്പര 3-1 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

Scroll to Top