ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി ഇന്ത്യൻ നായകൻ രോഹിത് ശർമ. തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മേൽ ആറാടി കൊണ്ടാണ് ഹിറ്റ്മാൻ തന്റെ കരിയറിലെ 9ആം ടെസ്റ്റ് സെഞ്ച്വറി ഓസീസിനെതിരെ കുറിച്ചത്. ഇതോടെ നായകനായിരിക്കെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് മാറി. ഇന്നിംഗ്സിന്റെ തുടക്കം മുതൽ വളരെ പോസിറ്റീവായി കളിച്ച രോഹിത് 171 പന്തുകളിലാണ് തന്റെ കിടിലൻ സെഞ്ച്വറി നേടിയിരിക്കുന്നത്. രോഹിത്തിന്റെ ഈ സെഞ്ച്വറി ഇന്ത്യയെ മത്സരത്തിൽ ഒരു മികച്ച നിലയിൽ എത്തിച്ചിട്ടുണ്ട്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് കേവലം 177 റൺസിന് പുറത്തായിരുന്നു. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രോഹിത് നിറഞ്ഞാടുന്നതാണ് കണ്ടത്. ഒരുവശത്ത് കെ എൽ രാഹുൽ പ്രതിരോധവുമായി ഓസീസിനെ നേരിട്ടപ്പോൾ, മറുവശത്ത് രോഹിത് ഓസീസ് ബോളർമാരെ സെറ്റിലാവാൻ പോലും സമ്മതിച്ചില്ല. ഇന്നിംഗ്സിന്റെ നല്ലൊരു ശതമാനവും ഒരു ഏകദിന ഇന്നിംഗ്സ് പോലെയാണ് ഹിറ്റ്മാൻ കളിച്ചത്.

ഇന്നിംഗ്സിൽ 171 പന്തുകളിലായിരുന്നു രോഹിത് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഈ തകർപ്പൻ വെടിക്കെട്ടിൽ 14 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. രോഹിത്തിന്റെ ഈ ഇന്നിങ്സ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷ നൽകുന്നതാണ്. സമീപകാലത്ത് രോഹിത് നേരിട്ട് ഏറ്റവും വലിയ പ്രതിസന്ധി മികച്ച തുടക്കങ്ങളെ വലിയ ഇന്നിങ്സുകളാക്കി മാറ്റാൻ സാധിക്കാതെ വരുന്നതായിരുന്നു. അതിന് ഒരു ശതമാനം വരെ പരിഹാരം നൽകുന്നതാണ് ഈ പ്രകടനം.
രോഹിത്തിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ മത്സരത്തിൽ മികച്ച നിലയിൽ എത്തിയിട്ടുണ്ട്. സ്പിന്നിനെ വളരെ വലിയ രീതിയിൽ അനുകൂലിക്കുന്ന പിച്ചിൽ ഒരു മികച്ച ലീഡ് കണ്ടെത്തി ഓസ്ട്രേലിയയെ സമ്മർദ്ദത്തിൽ ആക്കാൻ തന്നെയാണ് ഇന്ത്യൻ ശ്രമം. വരുന്ന ദിവസങ്ങളിലും ഇന്ത്യ ഈ ആധിപത്യം തുടരുമെന്നാണ് കരുതുന്നത്.