ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഒരുഗ്രൻ വിജയം തന്നെയായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഇതിനുശേഷം രോഹിത്തിന്റെ നായകത്വത്തെ പ്രശംസിച്ച് ഒരുപാട് പേർ രംഗത്ത് വരികയുണ്ടായി. മത്സരത്തിലൂടനീളം മികച്ച നായകത്വം പുലർത്തിയ രോഹിത്തിന്റെ, വിജയത്തിലെ പങ്ക് എടുത്തുപറയേണ്ടത് തന്നെയാണ്. എന്നാൽ രോഹിത് നായകത്വത്തിൽ വിരാട് കോഹ്ലിയുടെ രീതി പിന്തുടരുകയാണ് ചെയ്യുന്നത് എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇപ്പോൾ പറയുന്നത്.
രോഹിത് മികച്ച നായകനാണെന്ന് അംഗീകരിക്കുമ്പോഴും രോഹിത്തിന്റെ മികവിൽ, വിരാട് കോഹ്ലിക്ക് വലിയ പങ്കുണ്ടെന്ന് ഗംഭീർ പറയുന്നു. “സത്യസന്ധമായി പറഞ്ഞാൽ ഞാൻ എല്ലായിപ്പോഴും വിശ്വസിക്കുന്നത് രോഹിത് ശർമ ഒരു അവിസ്മരണീയനായ നായകനാണ് എന്ന് തന്നെയാണ്. എന്നാൽ രോഹിത്തിന്റെ നായകത്വവും കോഹ്ലിയുടെ നായകത്വവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ. വിരാട്ടാണ് ഈ രീതിയിലുള്ള നായകത്വത്തിന് തുടക്കം കുറിച്ചത്.”- ഗൗതം ഗംഭീർ പറയുന്നു.
“വളരെ മികച്ച രീതിയിലാണ് വിരാട് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. ആ രീതിയിൽ തന്നെയാണ് രോഹിത് ഇപ്പോൾ പിന്തുടരുന്നതും. സത്യസന്ധമായി പറഞ്ഞാൽ രോഹിത് ഇതുവരെയും തന്റേതായ രീതി കണ്ടെത്തിയിട്ടില്ല. കോഹ്ലിയാണ് ഏറ്റവും മികച്ച രീതിയിൽ അശ്വിനെയും ജഡേജയെയും വിനിയോഗിച്ചിരുന്നത്.”- ഗൗതം ഗംഭിർ കൂട്ടിച്ചേർക്കുന്നു.
നാഗപൂർ ടെസ്റ്റിലും ഡൽഹി ടെസ്റ്റിലും കൃത്യമായ ബോളിംഗ് ചെയ്ഞ്ചുകളും തീരുമാനങ്ങളുമായി രോഹിത് ശർമ കളം നിറയുകയുണ്ടായി. അതിനാൽ തന്നെ രണ്ടു മത്സരങ്ങളിലെയും രോഹിത്തിന്റെ നായകത്വം എടുത്തു പറയേണ്ടതാണ്. അടുത്ത മത്സരങ്ങളിൽ കൂടി വിജയം കണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയെ എത്തിക്കാൻ ആണ് നിലവിലെ രോഹിതിന്റെ ശ്രമം.