അന്ന് മുംബൈ ഇന്ത്യൻസിനായി. ഇപ്പോൾ ഇന്ത്യയ്ക്കായി. രോഹിത്തിന്റെ മാന്ത്രിക സ്പർശത്തേപ്പറ്റി മുൻ താരം.

ഇന്ത്യൻ നായകൻ രോഹിത് ശർമയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം മജുംദാർ. ഇത്തവണത്തെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ പുറത്തെടുക്കുന്ന ഉഗ്രൻ നായക മികവിനെ പ്രശംസിച്ചു കൊണ്ടാണ് മജുംദാർ രംഗത്തെത്തിയിരിക്കുന്നത്. രോഹിത്തിന്റെ ക്യാപ്റ്റൻസിൽ എപ്പോഴും ഒരു മാജിക് ടച്ചുണ്ട് എന്ന് മജുംദാർ ചൂണ്ടിക്കാട്ടുന്നു. രോഹിത്തിന്റെ സഹതാരങ്ങളുമായിട്ടുള്ള ബന്ധത്തെപ്പറ്റിയും, ഒപ്പം കാര്യങ്ങളിൽ ലളിതമായി കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയുമാണ് മജുംദാർ സംസാരിച്ചത്. നിലവിൽ 2023 ഏകദിന ലോകകപ്പിൽ 3 മത്സരങ്ങൾ കളിച്ച ഇന്ത്യയെ മൂന്നിലും വിജയത്തിലെത്തിക്കാൻ നായകൻ രോഹിത്തിന് സാധിച്ചിരുന്നു. ഇതിന് ശേഷമാണ് മജുംദാറിന്റെ പ്രശംസ.

“രോഹിത് ശർമയുടെ നായകത്വ മികവ് എടുത്തു പറയേണ്ടതാണ്. മറ്റുള്ള ക്യാപ്റ്റൻമാരെക്കാൾ വ്യത്യസ്തനാണ് രോഹിത് ശർമ. തന്റെ സഹതാരങ്ങളോട് വളരെ മാന്യമായ രീതിയിൽ സംസാരിക്കാൻ രോഹിത്തിന് സാധിക്കുന്നുണ്ട്. ഒപ്പം അവരെ വളരെ സ്നേഹത്തോടെയാണ് രോഹിത് കൈകാര്യം ചെയ്യുന്നത്. മൈതാനത്തെ കാര്യങ്ങൾ വളരെ അനായാസമായും ലളിതമായും നടപ്പിലാക്കാൻ രോഹിത്തിന് സാധിക്കുന്നു. എപ്പോഴും രോഹിത് ശർമയുടെ നായകത്വത്തിന് ഒരു മാജിക് സ്പർശമുണ്ട്. എന്തു മാറ്റങ്ങൾ മൈതാനത്ത് അവൻ വരുത്തിയാലും അത് ഒരു മാന്ത്രിക സ്പർശം പോലെ ഇന്ത്യയ്ക്ക് ഗുണമായി മാറും.”-മജുംദാർ പറയുന്നു.

“അതിന് കുറച്ച് ഉദാഹരണങ്ങൾ നമുക്ക് പരിശോധിക്കണം. രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ടീമിന്റെ നായകനായതിന് ശേഷമാണ് മുംബൈ ഇന്ത്യൻസ് ഇത്ര മികച്ച പ്രകടനം കാഴ്ചവച്ചത്. രോഹിത്തിനെ നായകനാക്കിയതോടെ ആ മാന്ത്രിക ടച്ച് മുംബൈ ഇന്ത്യൻസിന് ലഭിച്ചു. 5 തവണയാണ് മുംബൈ അതിനുശേഷം കിരീടം സ്വന്തമാക്കിയത്. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനും ആ ടച്ച് തന്നെയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ലോകകപ്പിലെ മറ്റു നായകന്മാരിൽ നിന്ന് വ്യത്യസ്തമായി കണക്കുകൾക്ക് പ്രാധാന്യം നൽകുന്ന നായകനാണ് രോഹിത് ശർമ. ഡാറ്റകളെ പറ്റി രോഹിത് കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്.”- മജുംദാർ കൂട്ടിച്ചേർത്തു.

“രോഹിത്തിന്റെ ആസൂത്രണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം ഇത്തരത്തിൽ ഡാറ്റ വിശകലനമാണ്. മൈതാനത്ത് എത്തുന്ന എല്ലാ എതിർടീമിലെ കളിക്കാരുടെ വിശദാംശങ്ങളും സ്ഥിതിവിവര കണക്കുകളും രോഹിത് ശർമ ശേഖരിക്കാറുണ്ട്. ഈ കണക്കുകൾ തന്റെ സഹതാരങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിലും രോഹിത് വിജയം കണ്ടിട്ടുണ്ട്.”- മജുംദാർ പറഞ്ഞുവെക്കുന്നു. നിലവിൽ 2023 ഏകദിന ലോകകപ്പിലെ ഏറ്റവും ശക്തമായ ടീം തന്നെയാണ് ഇന്ത്യ. ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും വിജയം നേടിയതോടെ ഇന്ത്യ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.

Previous articleഇന്ത്യ പാകിസ്ഥാനെക്കാൾ മികച്ച ടീം, തുല്യശക്തികളല്ല. കാരണം വ്യക്തമാക്കി ഗൗതം ഗംഭീർ.
Next articleഒറ്റക്കയ്യിൽ ഞെട്ടിക്കുന്ന ക്യാച്ച് നേടി സാന്റ്നർ. ലോകകപ്പിലെ ബെസ്റ്റ് ക്യാച്ച്.