നിലവിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് വലിയ മാറ്റങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. പല യുവതാരങ്ങളും ടീമിലെത്തി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയ്ക്ക് വളരെ ഗുണമാണ്. എന്നാൽ പുതിയ താരങ്ങൾ വന്നാലും ഇന്ത്യൻ ടെസ്റ്റ് ടീമിൽ പകരം വയ്ക്കാൻ സാധിക്കാത്ത 2 താരങ്ങളെ പറ്റിയാണ് ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാര പറയുന്നത്.
ഇന്ത്യയുടെ സ്പിൻ ഓൾറൗണ്ടർമാരായ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും പറ്റിയാണ് പൂജാര സംസാരിക്കുന്നത്. എത്ര പുതിയ താരങ്ങൾ വന്നാലും ഈ 2 താരങ്ങൾക്കും പകരക്കാരാവില്ല എന്ന് പൂജാര പറയുന്നു. കഴിഞ്ഞ 10 വർഷങ്ങളിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്നു ഈ 2 താരങ്ങൾ എന്ന് പൂജാര ചൂണ്ടിക്കാട്ടുകയുണ്ടായി.
ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച സ്പിൻമാരാണ് ഇരുവരും എന്ന് പൂജാര പറയുന്നു. മാത്രമല്ല ഓൾറൗണ്ടർമാർ എന്ന നിലയ്ക്ക് മികച്ച ബാറ്റിംഗ് പ്രകടനവും കഴിഞ്ഞ സമയത്ത് പുറത്തെടുക്കാൻ ഈ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നാണ് പൂജാര കൂട്ടിച്ചേർക്കുന്നത്. ഇക്കാരണങ്ങളൊക്കെയും നിലനിൽക്കുന്നതിനാൽ ഇരുവർക്കും പകരക്കാരെ കണ്ടുപിടിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ് എന്ന് പൂജാര കൂട്ടിച്ചേർക്കുകയുണ്ടായി. ഇരുതാരങ്ങളുടെയും നിലവാരം എഴുത്തുകാട്ടിയാണ് പുജാര സംസാരിച്ചത്.
“അശ്വിന്റെയും ജഡേജയുടെയും നിലവാരമുള്ള താരങ്ങളെ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ ഒരുപാട് സ്പിന്നർമാരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അശ്വിനും ജഡേജയ്ക്കും പകരക്കാരാവാൻ പാകത്തിനുള്ള ആരെയും തന്നെ ഇതുവരെ കാണാൻ എനിക്ക് സാധിച്ചിട്ടില്ല. കൃത്യമായ നിയന്ത്രണങ്ങളോടെ മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന പ്രതിഭയുള്ള ചില ബോളർമാർ നമുക്കുണ്ട് എന്ന കാര്യം ഞാൻ അംഗീകരിക്കുന്നു. പക്ഷേ ഈ 2 താരങ്ങൾ ഇതിഹാസങ്ങൾ തന്നെയാണ്. അതുകൊണ്ടു തന്നെ അശ്വിന്റെയും ജഡേജയുടെയും പോലെ നല്ല കളിക്കാരെ ഇനി നമുക്ക് ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. എങ്ങനെയെങ്കിലും നമുക്ക് പകരക്കാരെ കണ്ടെത്താൻ സാധിക്കുമായിരിക്കും. പക്ഷേ ഇന്ത്യൻ ക്രിക്കറ്റിൽ ഇവർ നൽകിയ സംഭാവനയുടെ അടുത്തെത്താൻ പോലും മറ്റുള്ളവർക്ക് സാധിക്കില്ല.”- പൂജാര പറയുന്നു.
ഇക്കാരണങ്ങളാൽ തന്നെ ഇന്ത്യ ഭാവിയെ കുറിച്ച് കൂടുതൽ ശ്രദ്ധിക്കണം എന്നാണ് പൂജാര പറയുന്നത്. വരുന്ന ടെസ്റ്റ് മത്സരങ്ങളിലും അശ്വിനും ജഡേജയ്ക്കും പകരക്കാരനായി വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ പരീക്ഷിക്കണമെന്ന് പൂജാര കൂട്ടിച്ചേർക്കുന്നു. “ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് ശേഷം ഇന്ത്യയ്ക്കുള്ളത് ഇംഗ്ലണ്ട് പര്യടനമാണ്. അത് വളരെ നിർണായകമായ ഒരു പരമ്പരയുമാണ്. 5 മത്സരങ്ങളാണ് നമ്മൾ ഇംഗ്ലണ്ടിൽ കളിക്കുന്നത്. ഈ മത്സരങ്ങളിലും വാഷിംഗ്ടൺ സുന്ദറിനെ കൃത്യമായി ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി പരിശീലനങ്ങൾ നൽകണം.”- പൂജാര പറഞ്ഞുവയ്ക്കുന്നു.