രോഹിതും കോഹ്ലിയും വിരമിച്ചു. ഇനി മൂന്നാം നമ്പറിൽ സഞ്ജുവിന്റെ കാലം. അവസരങ്ങൾ ഉപയോഗിക്കണം.

വളരെ അവിശ്വസനീയമായ രീതിയിലാണ് ഇന്ത്യ 2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയത്. പൂർണ്ണമായും പരാജയം മണത്ത മത്സരത്തിൽ ഒരു തകർപ്പൻ തിരിച്ചുവരമായിരുന്നു ഇന്ത്യയുടെ ബോളർമാർ നടത്തിയത്.

അവസാന ഓവറുകളിൽ ബോളർമാർ കൃത്യമായി ലൈനും ലെങ്ത്തും പാലിച്ചതോടെ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 176 എന്ന ശക്തമായ സ്കോർ സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 169 റൺസിൽ അവസാനിക്കുകയും ചെയ്തു.

കിരീടം സ്വന്തമാക്കിയതിന് ശേഷം ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഏറ്റവുമധികം ഗുണം ചെയ്യാൻ പോകുന്നത് മലയാളി താരം സഞ്ജു സാംസണാണ്.

ഒരു മൂന്നാം നമ്പർ താരം എന്ന നിലയിലാണ് സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് പലപ്പോഴും എത്തുന്നത്. എന്നാൽ ഇന്ത്യയുടെ മൂന്നാം നമ്പർ പലപ്പോഴും വിരാട് കോഹ്ലി ഏറ്റെടുക്കാനാണ് പതിവ്. മൂന്നാം നമ്പരിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് കോഹ്ലി കാഴ്ചവെച്ചിട്ടുള്ളത്. രോഹിത് ശർമയും പലപ്പോഴും സഞ്ജുവിന്റെ സ്ഥിര സാന്നിധ്യത്തിന് വിലങ്ങു തടിയായി നിന്നിട്ടുണ്ട്.

എന്നാൽ ഇരു താരങ്ങളും ഈ ലോകകപ്പിലൂടെ പടിയിറങ്ങിയതോടെ സഞ്ജുവിന് അവസരങ്ങൾ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. വരുന്ന ട്വന്റി20 മത്സരങ്ങളിലൊക്കെയും സഞ്ജു തന്നെയാവും ഇന്ത്യയുടെ മൂന്നാം നമ്പർ സ്ഥാനം അലങ്കരിക്കുക. ഈ ലോകകപ്പിൽ റിഷഭ് പന്തായിരുന്നു ഇന്ത്യക്കായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിരുന്നത്.

ലോകകപ്പിൽ തരക്കേടില്ലാത്ത രീതിയിലാണ് പന്ത് ആരംഭിച്ചത്. എന്നാൽ പിന്നീട് മത്സരങ്ങളിൽ പന്ത് പൂർണ്ണമായും പരാജയപ്പെടുന്നത് കാണാൻ സാധിച്ചു. ഫൈനൽ മത്സരങ്ങളിൽ അടക്കം റിഷഭ് പന്ത് നിറംമങ്ങുകയുണ്ടായി. മത്സരത്തിൽ 2 പന്തുകൾ മാത്രം നേരിട്ട് പന്ത് പൂജ്യനായാണ് മടങ്ങിയത്.

ഇതിനുശേഷം പന്തിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഈ ലോകകപ്പിൽ 8 മത്സരങ്ങളിൽ നിന്ന് 171 റൺസ് മാത്രമാണ് പന്തിന് നേടാൻ സാധിച്ചത്. ഒരു അർദ്ധസെഞ്ച്വറി പോലും പന്ത് സ്വന്തമാക്കിയതുമില്ല. ഇതൊക്കെയും പന്തിന്റെ മൂന്നാം നമ്പർ സ്ഥാനത്തെ ബാധിക്കും എന്ന കാര്യം ഉറപ്പാണ്.

മറുവശത്ത് വളരെ പ്രതീക്ഷയോടെ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് എത്തിയെങ്കിലും വലിയ അവസരങ്ങൾ ഒന്നും തന്നെ സഞ്ജുവിനെ തേടി എത്തിയിരുന്നില്ല. ആദ്യമത്സരം മുതൽ ഇന്ത്യ വിജയിച്ചു തുടങ്ങിയതിനാൽ, പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്താൻ രാഹുൽ ദ്രാവിഡും രോഹിത് ശർമയും തയ്യാറായിരുന്നില്ല.

അതിനാൽ മാത്രമാണ് സഞ്ജുവിന് അവസരങ്ങൾ ലഭിക്കാതെ വന്നത്. ശിവം ദുബെ അടക്കമുള്ള താരങ്ങൾ മോശം പ്രകടനം ടീമിൽ കാഴ്ചവച്ചപ്പോൾ സഞ്ജുവിനെ ഇന്ത്യ ടീമിൽ പരിഗണിക്കും എന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. പക്ഷേ ഇനിയുള്ള ദിവസങ്ങൾ സഞ്ജുവിന്റേതായി മാറാൻ വലിയ സാധ്യതകളുണ്ട് എന്നത് ഉറപ്പാണ്.

Previous articleഒടുവില്‍ രോഹിത് ശര്‍മ്മയും പ്രഖ്യാപിച്ചു. വിടപറയാന്‍ ഇതിനേക്കാള്‍ നല്ല സമയമില്ലാ.
Next article“എന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു. ഇന്ത്യൻ ആരാധകർ നിങ്ങൾക്ക് നന്ദി പറയുന്നു”- ധോണിയുടെ പ്രശംസ.