2023 ലോകകപ്പോടുകൂടി വലിയ മാറ്റങ്ങൾക്ക് ഇന്ത്യൻ ടീം തയ്യാറാവുമെന്ന കാര്യത്തിൽ സംശയമില്ല. പിന്നീട് വരാനിരിക്കുന്നത് 2024ലെ ട്വന്റി20 ലോകകപ്പാണ്. ഈ ലോകകപ്പിൽ രവിചന്ദ്രൻ അശ്വിൻ അടക്കമുള്ള സീനിയർ താരങ്ങളെ ബിസിസിഐ ഒഴിവാക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അശ്വിൻ മാത്രമല്ല, സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവരുടെ ഭാവിയും തീരുമാനിക്കുന്നത് പുതിയ സെലക്ഷൻ കമ്മിറ്റി ആയിരിക്കും. നിലവിൽ ഇന്ത്യയുടെ മുഖ്യ സെലക്ടർ സ്ഥാനം ഏറ്റെടുക്കാൻ ഏറ്റവും മുൻപിലുള്ളത് മുൻ താരം അജിത്ത് അഗാർക്കറാണ്. അതിനാൽ തന്നെ വിരാട് കോഹ്ലിയും രോഹിത് ശർമയും വരുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കുമോ എന്നത് സംശയത്തിന്റെ നിഴലിൽ തന്നെയാണ്.
ഇന്ത്യൻ ക്രിക്കറ്റിലെ കഴിഞ്ഞകാലത്തെ ഏറ്റവും മികച്ച ബാറ്റർമാരായിരുന്നു രോഹിത് ശർമയും വിരാട് കോഹ്ലിയും. എന്നാൽ ട്വന്റി20 ക്രിക്കറ്റിൽ ഇരുവരുടെയും ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാൻ സമയമായിട്ടുണ്ട്. കോഹ്ലിക്ക് ഇപ്പോൾ 34 വയസ്സാണുള്ളത്. രോഹിതിന് 36 വയസ്സും. അതുകൊണ്ടുതന്നെ മറ്റൊരു ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഇരുവരെയും പരിഗണിക്കാൻ സാധ്യതകൾ വളരെ കുറവാണ്. പ്രത്യേകിച്ച് 2022 ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തിന് ശേഷം വളരെ സൂക്ഷ്മമായാണ് ബിസിസിഐ നീങ്ങുന്നത്. അതിനു ശേഷം രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടില്ല. ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവതാരങ്ങളെ അണിനിരത്തിയുള്ള ടീമാണ് പിന്നീടുള്ള മത്സരങ്ങളിൽ കളിച്ചത്.
അതുകൊണ്ടുതന്നെ ഇനിയുള്ള ട്വന്റി20 മത്സരങ്ങളിലും ഇന്ത്യ ഇതു തുടരും എന്ന സൂചനകളാണ് ഒരു ബിസിസിഐ വൃത്തം നൽകുന്നത്. “ചീഫ് സെലക്ടറുടെ ജോലികൾ കാഠിന്യമേറിയതാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് ഇത്തരം സീനിയർ കളിക്കാരോട് അവരുടെ ഭാവിയെ പറ്റി സംസാരിക്കുക എന്നതാണ്. ഈ സീനിയർ കളിക്കാരിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഉൾപ്പെടും. അവർ ടീമിൽ നിൽക്കാൻ ആഗ്രഹിക്കുന്ന അത്ര സമയം നൽകാനാണ് ഞങ്ങൾക്കും ഇഷ്ടം. പക്ഷേ ഈ മികച്ച കളിക്കാരൊക്കെയും അവരുടേതായ പദ്ധതികൾ രൂപീകരിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ സീനിയർ കളിക്കാർ മൂന്നു ഫോർമാറ്റുകളും ഇന്ത്യൻ പ്രീമിയർ ലീഗും കളിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായി തോന്നുന്നില്ല”- ബിസിസിഐ യുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ പരാജയത്തിന് ശേഷമാണ് ഇന്ത്യ പൂർണമായും ഏകദിന ട്വന്റി20 മത്സരങ്ങളിലേക്ക് കടക്കുന്നത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ സീനിയർ താരങ്ങളൊക്കെയും കളിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ട്വന്റി20 ഫോർമാറ്റിലേക്ക് വരുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നു. നിലവിലെ സാഹചര്യത്തിൽ രോഹിത് ശർമ ട്വന്റി20യിൽ നിന്ന് വിരമിക്കാനാണ് സാധ്യത.