വരവറിയിച്ച് രോഹന്‍ എസ്. കുന്നുമ്മല്‍. അരങ്ങേറ്റത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി മലയാളി താരം.

ദുലീപ് ട്രോഫി ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം രോഹന്‍ എസ്. കുന്നുമ്മല്‍. നോര്‍ത്ത് സോണിനെതിരായ മത്സരത്തില്‍ സൗത്ത് സോണിനു വേണ്ടി കളിച്ച താരം സെഞ്ചുറി നേടി. 225 പന്തില്‍ 143 റണ്‍സാണ് താരം നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയതിനു ശേഷമുള്ള ആറ് ഇന്നിംഗ്സില്‍ നിന്നും താരത്തിന്‍റെ നാലാം സെഞ്ചുറിയാണിത്.

ടോസ് നേടിയ സൗത്ത് സോണിനു വേണ്ടി മായങ്ക് അഗര്‍വാളിനൊപ്പമാണ് രോഹന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. മായങ്ക് പുറത്തായതിനു ശേഷം ഹനുമ വിഹാരിക്കൊപ്പം വമ്പന്‍ കൂട്ടുകെട്ട് സൃഷ്ടിച്ചു.

172 പന്തില്‍ നിന്നായിരുന്നു രോഹന്‍ എസ്. കുന്നുമല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 16 ഫോറും 2 സിക്സും ഇന്നിംഗ്സില്‍ നേടി. ആദ്യ ദിനം അവസാനിക്കുമ്പോള്‍ സൗത്ത് സോണ്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 324 എന്ന നിലയിലാണ്.