ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് ഇതുവരെ സമ്മാനിച്ചിട്ടുള്ളത് അത്ര സന്തോഷകരമായ കാര്യങ്ങൾ ഒന്നുമല്ല. സീസണിൽ തുടർച്ചയായ മൂന്ന് കളികൾ തോറ്റ ചെന്നൈക്ക് ഇന്ന് ബാംഗ്ലൂർ എതിരായ മത്സരത്തിൽ ജയം മാത്രമാണ് ലക്ഷ്യം. മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ ഫാഫ് നയിക്കുന്ന ബാംഗ്ലൂരിനെതിരെ മിന്നും ജയമാണ് ജഡേജയും ടീമും ലക്ഷ്യമിടുന്നത്.
ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ചെന്നൈക്ക് പക്ഷേ പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്.യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദ് ഒരിക്കൽ കൂടി നിരാശ മാത്രം സമ്മാനിച്ചപ്പോൾ ശേഷം എത്തിയ മൊയിൻ അലിയും മോശം ഫോം തുടർന്നു. എന്നാൽ തന്റെ മികച്ച ഫോം തുടർന്ന റോബിൻ ഉത്തപ്പ ചെന്നൈ സ്കോർ അതിവേഗം ഉയർത്തി.
പതിവിൽ നിന്നും വ്യത്യസ്തമായി നാലാം നമ്പറിൽ എത്തിയ ശിവം ദൂബൈ ചെന്നൈ സ്കോർ അതിവേഗം ഉയർത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. തുടക്ക ഓവറുകളിൽ കരുതലോടെ കളിച്ച റോബിൻ ഉത്തപ്പ തന്റെ ബാറ്റിങ് ഫോമിലേക്ക് എത്തിയത് ബാംഗ്ലൂർ ആൾറൗണ്ടർ മാക്സ്വെല്ലിന്‍റെ രണ്ടാം ഓവറിലാണ്. മാക്സ്വെല്ലിന് എതിരായ ഈ ഓവറിൽ മൂന്ന് സിക്സ് പായിച്ച ഉത്തപ്പ തന്റെ ഈ സീസണിലെ രണ്ടാം ഫിഫ്റ്റി നേടി. ഒപ്പം തന്റെ പഴയ കാല ബാറ്റിങ് മികവിനെ പോലും ഓർമപ്പെടുത്തുന്ന രീതിയിലാണ് താരം ബാറ്റ് വീശിയത്.
കഴിഞ്ഞ കളികളിൽ എല്ലാം തകർന്ന ചെന്നൈ മിഡിൽ ഓർഡർ ബാറ്റിംഗിന് വളരെ ഏറെ കരുത്തായി മാറിയതും ഈ മൂന്നാം വിക്കെറ്റ് പാർട്ണർഷിപ്പ് തന്നെയാണ്. മനോഹരമായ ക്ലാസ്സിക്ക് ഷോട്ടുകൾ കളിച്ച ഉത്തപ്പ വെറും 50 പന്തുകളിൽ നിന്നും 4 ഫോറും ഒപ്പം 9 സിക്സും അടക്കമാണ് 88 റൺസ് നേടിയത്. റോബിന്‍ ഉത്തപ്പയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ് ഇത്.