ന്യൂസിലന്‍റ് ഇന്ത്യൻ മണ്ണിൽ വിജയിക്കാൻ കാരണം ചെന്നൈ സൂപ്പർ കിങ്‌സ്. ഉത്തപ്പ കാരണം പറയുന്നു.

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ നാണംകെട്ട പരാജയം തന്നെയായിരുന്നു ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. പരമ്പരയിൽ ന്യൂസിലാൻഡിനായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് രചിൻ രവീന്ദ്രയായിരുന്നു. ഇന്ത്യയ്ക്കെതിരെ വമ്പൻ പ്രകടനം പുറത്തെടുക്കാൻ രവീന്ദ്രയ്ക്ക് സഹായികരമായി മാറിയത് ഐപിഎല്ലും ചെന്നൈ സൂപ്പർ കിംഗ്സ് ടീമുമാണ് എന്ന് പരോക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ ടീമിനൊപ്പം കളിച്ചതും സിഎസ്കെ അക്കാദമിയിൽ പരിശീലനങ്ങൾ നടത്താൻ അവസരം ലഭിച്ചതും രചിൻ രവീന്ദ്രയെ ഇന്ത്യൻ മണ്ണിൽ സഹായിച്ചിട്ടുണ്ട് എന്ന് ഉത്തപ്പ പറയുന്നു. മറ്റു സാഹചര്യങ്ങൾ മാറ്റിനിർത്തി ഐപിഎൽ ഫ്രാഞ്ചൈസികൾ തങ്ങളുടെ രാജ്യത്തിന് കൂടുതൽ മുൻഗണന നൽകണമെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.

ചെന്നൈ ഫ്രാഞ്ചൈസി തങ്ങളുടെ താരങ്ങൾക്കൊക്കെയും വലിയ പിന്തുണ നൽകുന്നതായി ഉത്തപ്പ പറയുന്നു. ഇന്ത്യക്കെതിരെ മത്സരിക്കുന്ന സമയത്തെങ്കിലും ഇത്തരത്തിൽ വിദേശ താരങ്ങൾക്ക് പിന്തുണ നൽകുന്നത് ഫ്രാഞ്ചൈസി നിർത്തേണ്ടതുണ്ട് എന്നാണ് ഉത്തപ്പയുടെ പക്ഷം. “രചിൻ രവീന്ദ്ര ഇവിടെ വരികയും സിഎസ്കെ അക്കാദമിയിൽ പരിശീലനത്തിൽ ഏർപ്പെടുകയും ചെയ്തു. ചെന്നൈ സൂപ്പർ കിങ്സ് എല്ലായിപ്പോഴും ഒരു മനോഹരമായ ഫ്രാഞ്ചൈസിയാണ്. അവരുടെ താരങ്ങൾക്ക് പരമാവധി പിന്തുണ അവർ നൽകാറുണ്ട്. പക്ഷേ ഇതിനിടെ ഒരു വരമ്പ് ഇടേണ്ടത് അത്യാവശ്യമാണ്. തങ്ങളുടെ ഫ്രാഞ്ചൈസിയിലെ കളിക്കാരെക്കാൾ ഉപരിയായി തങ്ങളുടെ രാജ്യത്തെ കാണേണ്ടത് ആവശ്യമാണ്. വിദേശ താരങ്ങൾ നമുക്കെതിരെ കളിക്കാനായി ഇവിടെയെത്തുമ്പോൾ ഇത്തരത്തിൽ പരിശീലനങ്ങൾ അനുവദിക്കേണ്ട കാര്യമില്ല.”- ഉത്തപ്പ പറയുന്നു.

“ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തരത്തിൽ രചിൻ രവീന്ദ്രയ്ക്ക് പിന്തുണ നൽകിയതിൽ എനിക്ക് അത്ഭുതം ഒന്നുമില്ല. അവർ എല്ലാത്തവണയും ഇങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. പക്ഷേ അതത്ര നന്നായി തോന്നുന്നില്ല. ഒരുപക്ഷേ ഞാൻ ഈ പറയുന്ന കാര്യം കൃത്യമായിരിക്കില്ല. ഞാൻ ചെന്നൈ സൂപ്പർ കിങ്സിനെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്. പക്ഷേ രാജ്യത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഫ്രാഞ്ചൈസികൾ ഒരു അതിർവരമ്പ് എപ്പോഴും കാത്തുസൂക്ഷിക്കണം. അത് കടന്നുള്ള പിന്തുണകൾ നൽകാൻ തയ്യാറാവരുത്.”- ഉത്തപ്പ കൂട്ടിച്ചേർത്തു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി രചിൻ രവീന്ദ്ര ഇന്ത്യയിൽ എത്തുകയും, സിഎസ്കെ അക്കാദമിയിൽ നിരന്തരം പരിശീലനത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അവിടെ ചുവന്ന മണ്ണിലും കറുത്ത മണ്ണിലും പരിശീലനങ്ങൾ തുടർന്ന് ഇന്ത്യൻ സ്പിന്നർമാർക്കെതിരെ തയ്യാറെടുപ്പുകൾ നടത്താൻ രവീന്ദ്രയ്ക്ക് സാധിച്ചു. അതിനാൽ തന്നെ ന്യൂസിലാൻഡിന്റെ ചരിത്ര വിജയത്തിൽ പ്രധാന പങ്കുവഹിച്ചതും രവീന്ദ്രയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ വിമർശനവുമായി റോബിൻ ഉത്തപ്പ രംഗത്ത് എത്തിയിരിക്കുന്നത്.

Summary : Robin Uthappa on CSK helping Rachin Ravindra before IND vs NZ 2024 Test series

Previous articleകോഹ്ലിയും രോഹിതുമല്ല, ഇന്ത്യ- ഓസീസ് പരമ്പരയിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക ആ 2 താരങ്ങൾ. റിക്കി പോണ്ടിങ്ങിന്‍റെ പ്രവചനം.
Next article“ബോളെവിടെ!! ബോൾ സ്റ്റമ്പിൽ”, എല്ലാവരെയും ചിരിപ്പിച്ച് രാഹുലിനെ പുറത്താകൽ. ഫ്ലോപ് ഷോ തുടരുന്നു.