റോഡ് സേഫ്റ്റി സീരീസിലും സിക്സർ കിങ്ങായി യുവരാജ് :അറിയാം ടൂർണമെന്റിലെ ഇതിഹാസ താരങ്ങളുടെ നേട്ടങ്ങൾ

ക്രിക്കറ്റ് പ്രേമികൾ  ഏവരും ഏറെ ആവേശത്തോടെ വരവേറ്റ റോഡ് സേഫ്റ്റി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ലേജന്‍ഡ്‌സിന് വിജയമധുരം .ശ്രീലങ്ക ലെജന്‍ഡ്‌സിനെ 14 റൺസിന്‌ തോൽപ്പിച്ചാണ് ഇതിഹാസ താരം  സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനാണ് സാധിച്ചത് .

ക്രിക്കറ്റ് പ്രേമികൾക്ക് എന്നും ഓർമിക്കാവുന്ന ഒട്ടനവധി  മനോഹര നിമിഷങ്ങളാണ് ലീഗ് സമ്മാനിച്ചത്‌ .
വിരമിച്ച ശേഷവും ആരാധകരുടെ ഇഷ്ട താരങ്ങളുടെ പ്രകടനം ഒരിക്കല്‍ക്കൂടി കാണാനുള്ള  സുവർണ്ണ അവസരമാണ് ആരാധകര്‍ക്ക് ലഭിച്ചത്. തകര്‍പ്പന്‍ ബാറ്റിങ്ങും ബൗളിങ്ങും പുറത്തെടുത്ത് താരങ്ങളെല്ലാം ആരാധകരെ  ഏറെ  വിസ്മയിപ്പിച്ചു.ടൂർണമെന്റിലെ മികച്ച പ്രകടനങ്ങൾ  പരിശോധിച്ചാൽ ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. എട്ട് മത്സരത്തില്‍ നിന്ന് 45.17 ശരാശരിയില്‍ 271 റണ്‍സാണ് ദില്‍ഷന്‍ നേടിയത്. റൺസ് വേട്ടയിൽ രണ്ടാം സ്ഥാനം നേടിയത്  ശ്രീലങ്കയുടെ തന്നെ ഉപുല്‍ തരംഗയാണ്. 6 മത്സരത്തില്‍ നിന്ന് 237 റണ്‍സാണ് അദ്ദേഹം നേടിയത്.
അതേസമയം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് റൺസ് പട്ടികയിൽ  മൂന്നാം സ്ഥാനത്ത്. 7 മത്സരത്തില്‍ നിന്ന് 233 റണ്‍സാണ് സച്ചിന്‍ നേടിയത്. തന്റെ  ട്രേഡ് മാർക്ക് ഷോട്ടുകളായ സ്ട്രൈറ് ഡ്രൈവും ഹുക്ക് ഷോട്ടുകളുമായി സച്ചിൻ ബാറ്റിങ്ങിലെ മികവ് ആവർത്തിച്ചപ്പോൾ ഇന്ത്യ അനായാസം കിരീടം നേടി .

ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും തന്റെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന ആൾറൗണ്ട് പ്രകടനമാണ് ദിൽഷൻ പുറത്തെടുത്തത് .
കൂടുതല്‍ വിക്കറ്റ് നേടിയത് ദില്‍ഷനാണ്. 8 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹം നേടിയത്.  രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ യൂസഫ് പഠാനാണ്. 5 മത്സരത്തില്‍ നിന്ന് 9 വിക്കറ്റ് യൂസഫ് പത്താൻ ഓഫ്‌ സ്പിൻ ബൗളിങ്ങിലൂടെ വീഴ്ത്തി  . 7 മത്സരത്തില്‍ നിന്ന് മുനാഫ് പട്ടേല്‍ 9 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ മോണ്ടി പനേസര്‍ 5 മത്സരത്തില്‍ നിന്ന് 8 വിക്കറ്റും സ്വന്തമാക്കി. രങ്കന ഹരാത്ത്,സുലിമാന്‍ ബെന്‍ എന്നിവരും എട്ട് വിക്കറ്റ് വീതം സ്വന്തമാക്കി.സൗത്താഫ്രിക്കൻ ലെജന്റ്സ് എതിരെ കുലശേഖര നേടിയ 5 വിക്കറ്റ് പ്രകടനമാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം .

ഇന്ത്യയുടെ യുവരാജ് സിങാണ് സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമതെത്തിയത്. 7 മത്സരത്തില്‍ നിന്ന് 17 സിക്‌സാണ് അദ്ദേഹം അടിച്ചെടുത്തത്. യുവരാജ്  ടൂർണമെന്റിൽ സിക്സർ കിംഗ്  താനെന്ന് വീണ്ടും തെളിയിച്ചു  രണ്ടാം സ്ഥാനത്ത് യൂസുഫ് പഠാനാണ്. 5 മത്സരത്തില്‍ നിന്ന് 10 സിക്‌സാണ് യൂസുഫ് പറത്തിയത്. ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സനും ഇന്ത്യയുടെ ഇര്‍ഫാന്‍ പഠാനും 9 സിക്‌സുകള്‍ വീതം നേടിയിട്ടുണ്ട്.
സെവാഗ് ഏഴ് സിക്‌സാണ് ലീഗിൽ  സ്വന്തമാക്കിയത്.