തൻ്റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കടന്നു പോകുന്നത്. 15 വർഷം നീണ്ട ഐപിഎൽ കരിയറിൽ ഒരിക്കൽ പോലും ഇങ്ങനെയൊരു കോഹ്‌ലിയെ ഒരു ആരാധകനും കണ്ടിട്ടില്ല. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും പതറുന്ന കോഹ്‌ലിയെ ആണ് എല്ലാവരും കാണുന്നത്. ഇപ്പോഴിതാ മോശം ഫോമിൽ ലൂടെ കടന്നു പോകുന്ന മുൻ ഇന്ത്യൻ നായകന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ സ്റ്റാർ ബാറ്റർ മുഹമ്മദ് റിസ്വാൻ.
വിരാട് കോഹ്ലി ഒരു കഠിനാധ്വാനിയായ കളിക്കാരൻ ആണെന്നും അദ്ദേഹം ഒരു ചാമ്പ്യൻ ആണെന്നും പെട്ടെന്ന് തന്നെ തൻ്റെ പഴയ ഫോമിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് റിസ്വാൻ പറഞ്ഞു.
“കോഹ്ലി ഒരു കഠിനാധ്വാനിയായ കളിക്കാരനാണ്. തന്റെ കരിയറിൽ അദ്ദേഹം നേടിയ നേട്ടങ്ങളെല്ലാം അമൂല്യമാണ്. പക്ഷെ ഇപ്പോഴദ്ദേഹം തന്റെ കരിയറിലെ ഒരു മോശം ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അദ്ദേഹത്തിന് വേണ്ടി ഇപ്പോൾ പ്രാർഥിക്കാനേ നമുക്ക് കഴിയൂ.അദ്ദേഹം ഉറപ്പായും തിരിച്ചെത്തും.”- റിസ്വാൻ പറഞ്ഞു.
3 തവണയാണ് കോഹ്ലി ഇത്തവണ ഗോൾഡൻ ഡക്ക് ആയത്. 12 കളികളിൽനിന്ന് 216 റൺസ് മാത്രമാണ് കോഹ്ലിയുടെ ഈ സീസണിലെ സമ്പാദ്യം. അതേസമയം തൻ്റെ മോശം ഫോമിനെ കുറിച്ച് കഴിഞ്ഞദിവസം കോഹ്ലി മനസ്സ് തുറന്നിരുന്നു.
“മൂന്ന് തവണ ഗോൾഡൻ ഡക്ക് എൻ്റെ കരിയറിൽ ഒരിക്കലും സംഭവിക്കാത്തത് ആണ്. അതുകൊണ്ടുതന്നെ എനിക്ക് ആദ്യം ചിരിയാണ് വന്നത്. വിമർശനങ്ങൾക്ക് അതുപോലെ ഞാൻ മറുപടി നൽകാറില്ല. ചിലപ്പോൾ ഞാൻ വിമർശകർക്ക് ചെവി കൊടുക്കാറില്ല. ടിവി മ്യൂട്ട് ചെയ്ത് പോകാറാണ് പതിവ്.”-വിരാട് കോഹ്‌ലി പറഞ്ഞു.