ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ മുംബൈ ഇന്ത്യന്‍സിനു ആദ്യ വിജയം. രാജസ്ഥാന്‍ റോയല്‍സിനെതിരെ 5 വിക്കറ്റിന്‍റെ വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 158 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 19.2 ഓവറില്‍ മുംബൈ ഇന്ത്യന്‍സ് വിജയലക്ഷ്യം മറികടന്നു.
നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ സംഖ്യമാണ് മുംബൈ വിജയത്തില്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 56 പന്തില്‍ 81 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ഇരുവരെയും മൂന്നു പന്തുകളുടെ ഇടവേളയില്‍ വിക്കറ്റ് നഷ്ടമായത് മുംബൈയെ സമര്‍ദ്ദത്തിലാക്കിയിരുന്നു.
കൂറ്റനടിക്ക് ശ്രമിച്ച് ഇവരെ പുറത്താക്കിയത് റിയാന്‍ പരാഗിന്‍റെ ക്യാച്ചിലൂടെയാണ്. 15ാ ഓവറിലെ ചഹലിന്‍റെ അവസാന പന്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ സിക്സ് എന്ന തോന്നിച്ച ശ്രമമാണ് റിയാന്‍ പരാഗ് വളരെ കൂളായി പിടിച്ചത്. അടുത്ത ഓവറില്‍ ഷോട്ടിനു ശ്രമിച്ച തിലക് വര്‍മ്മക്ക് ടൈമിങ്ങ് തെറ്റുകയും ലോങ്ങ് ഓണില്‍ നിന്നും ഓടിയെത്തി പരാഗ് ക്യാച്ച് നേടുകയായിരുന്നു.
അതിനു ശേഷം പരാഗ് തന്‍റെ ഐക്കണിക്ക് സെലിബ്രേഷനും നടത്തി. ബൗണ്ടറിയരികില്‍ വളരെ കൂളായി ഫീല്‍ഡിങ്ങ് നടത്തുന്ന റിയാന്‍ പരാഗിനെ കമന്‍റേറ്റര്‍മാര്‍ വളരെയധികം പ്രശംസിച്ചിരുന്നു.