ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ചവച്ചത്. തന്റെ തിരിച്ചുവരവ് ടെസ്റ്റ് മത്സരത്തിൽ എല്ലാതരത്തിലും ബംഗ്ലാദേശിന് മേൽ ആധിപത്യം സ്ഥാപിക്കാൻ പന്തിന് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ മികച്ച തുടക്കം ലഭിച്ചങ്കിലും അത് മുതലാക്കുന്നതിൽ പന്ത് പരാജയപ്പെട്ടു.
എന്നാൽ രണ്ടാം ഇന്നിങ്സിൽ എല്ലാത്തിനുമുള്ള മറുപടി പന്ത് ബാറ്റ് കൊണ്ട് നൽകുകയുണ്ടായി. ഒരു തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തിൽ പന്ത് നേടിയത്. ഇന്ത്യയുടെ വിജയത്തിൽ പന്തിന്റെ പ്രകടനം വളരെ നിർണായകമായി മാറി. എന്നാൽ പതിവിന് വിപരീതമായ രീതിയിലായിരുന്നു പന്ത് മത്സരത്തിൽ ബാറ്റ് ചെയ്തത്.
സാധാരണയായി ക്രീസിലെത്തുന്ന പന്ത് ആദ്യ ബോൾ മുതൽ അടിച്ചുതകർക്കാറാണ് പതിവ്. പക്ഷേ ചെന്നൈയിൽ വളരെ സംയമനത്തോടെയാണ് പന്ത് തന്റെ ബാറ്റിംഗ് ആരംഭിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ അവസാന നിമിഷങ്ങളിലാണ് പന്ത് കൂടുതൽ ആക്രമണ മനോഭാവം പുലർത്തിയത്. ബോളുകളെ ക്രീസിന് വെളിയിലേക്ക് ഇറങ്ങി ആക്രമിക്കാൻ പന്ത് തുടങ്ങിയത് ഇന്നിങ്‌സിന്റെ അവസാന സമയത്ത് ആയിരുന്നു. ഈ സാഹചര്യത്തെപ്പറ്റി പന്ത് പിന്നീട് സംസാരിക്കുകയുണ്ടായി. രോഹിതിന്റെ നിർദ്ദേശപ്രകാരമാണ് താൻ മത്സരത്തിൽ ആക്രമണം അഴിച്ചുവിട്ടത് എന്നാണ് പന്ത് പറഞ്ഞത്.
“മത്സരത്തിന്റെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ രോഹിത് ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. ഡിക്ലറേഷൻ ചെയ്യാൻ ഒരു മണിക്കൂർ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആ സമയത്തിനുള്ളിൽ ആരാണ് അടിക്കുന്നതെങ്കിൽ അവർ അടിചോളൂ. രോഹിതിന്റെ ഈ ഉപദേശം കേട്ടപ്പോൾ ഞാൻ റിസ്ക് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ശേഷം കുറച്ച് റിസ്ക് എടുത്ത് ബോളുകളെ നേരിടാൻ എനിക്ക് സാധിച്ചു.”- പന്ത് പറയുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 128 ബോളുകൾ നേരിട്ടാണ് 109 റൺസ് പന്ത് സ്വന്തമാക്കിയത്.
പന്തിനൊപ്പം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്റർ ശുഭമാൻ ഗില്ലാണ്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി പന്തിനൊപ്പം മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഗില്ലിന് സാധിച്ചിരുന്നു. ഇന്നിംഗ്സിൽ 176 പന്തുകളിൽ നിന്ന് 119 റൺസ് നേടിയ ഗില്‍ പുറത്താവാതെ നിന്നു. മത്സരത്തിൽ 280 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഈ വിജയത്തോടെ 1-0 എന്ന നിലയിൽ പരമ്പരയിൽ മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കാൺപൂരിലാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അവസാന ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. മത്സരത്തിലും വമ്പൻ പ്രകടനം കാഴ്ചവെച്ച് വിജയം നേടാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.