ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര ജൂലൈ 27നാണ് ആരംഭിക്കുന്നത്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ മൈതാനത്ത് ഇറങ്ങുന്ന ഇന്ത്യയ്ക്ക് പ്രചോദനമായുള്ളത് പരിശീലകൻ ഗൗതം ഗംഭീറാണ്. എന്നാൽ തന്റെ ആദ്യ മത്സരത്തിന് മുൻപ് വലിയ രീതിയിലുള്ള സമ്മർദ്ദമാണ് ഗൗതം ഗംഭീറിനുള്ളത്.
ഒരുപാട് യുവതാരങ്ങൾ അണിനിരക്കുന്ന സ്ക്വാഡാണ് ട്വന്റി20 പരമ്പരയ്ക്ക് ഉള്ളത്. ഇതിൽ നിന്ന് മികച്ച ഒരു പ്ലെയിങ് ഇലവനെ കണ്ടെത്തുക എന്നത് ഗംഭീറിന് മുൻപിലുള്ള വെല്ലുവിളിയാണ്. ഇതിൽ പ്രധാന വെല്ലുവിളി നിലനിൽക്കുന്നത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ തസ്തികയിലേക്കാണ്. നിലവിൽ റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരാണ് ഇന്ത്യയുടെ സ്ക്വാഡിലുള്ള വിക്കറ്റ് കീപ്പർമാർ. ഇതിൽ ആരെ പ്ലെയിങ് ഇലവനിൽ ഗംഭീർ ഉൾപ്പെടുത്തുമെന്നാണ് ചോദ്യചിഹ്നം.
2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി നിർണായകമായ സംഭാവനകൾ നൽകിയ താരമാണ് പന്ത്. അതേസമയം ഇന്ത്യയുടെ കഴിഞ്ഞ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് സഞ്ജു സാംസൺ. ഇരുവരും ടീമിലെ മൂന്നാം നമ്പറിനായാണ് മത്സരിക്കുന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. തന്റെ അവസാന ഏകദിന മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയിട്ടും സഞ്ജുവിന് ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ അവസരം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ട്വന്റി20യിലും മികവ് പുലർത്തി സഞ്ജു മിന്നി തിളങ്ങുന്നുണ്ട്.
സൂര്യകുമാർ യാദവ് നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തും എന്നതിനാൽ തന്നെ മൂന്നാം നമ്പറിലാണ് ഇന്ത്യ സഞ്ജുവിനെ പ്രതീക്ഷിക്കുന്നത്. ലോകകപ്പിൽ പന്തായിരുന്നു മൂന്നാം നമ്പറിൽ ഇന്ത്യയ്ക്കായി കളിച്ചത്. കൃത്യമായി ആക്രമണ മനോഭാവത്തോടെ മൂന്നാം നമ്പറിൽ കളിക്കാൻ പന്തിന് സാധിച്ചിരുന്നു. ഇതേ തന്ത്രം തന്നെ തുടരാനാണ് ഇന്ത്യ ശ്രമിക്കുന്നതെങ്കിൽ പന്ത് പ്ലെയിങ് ഇലവനിൽ ഉൾപ്പെടാനാണ് സാധ്യത. കാരണം പന്തിനെ ഒരു എക്സ് ഫാക്ടറായി ഗംഭീർ കണക്കാക്കുന്നുണ്ട്. മാത്രമല്ല ഒരു ഇടംകൈ കോമ്പിനേഷൻ ലഭിക്കും എന്നതും പന്തിന് അനുകൂലമായ കാര്യമാണ്.
ഇക്കാരണങ്ങൾ കൊണ്ടു തന്നെ പന്തിനെ ഇന്ത്യ ആദ്യ ട്വന്റി20 മത്സരത്തിനായി തിരഞ്ഞെടുക്കാനാണ് സാധ്യത. എന്നിരുന്നാലും ക്രിക്കറ്റ് എപ്പോഴും അത്ഭുതങ്ങളുടെ മത്സരമാണ്. ശ്രീലങ്കയിലെ പിച്ചിന്റെ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ സഞ്ജു സാംസൺ ആണ് ഉത്തമമെങ്കിൽ സഞ്ജുവിനെ കളിപ്പിക്കാൻ ഇന്ത്യ തയ്യാറാവും. തന്റെ അവസാന ട്വന്റി20 മത്സരത്തിൽ ഒരു വെടിക്കെട്ട് അർദ്ധസെഞ്ച്വറി സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.