ഓസ്ട്രേലിയയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കായി വിജയ റൺ ബൗണ്ടറിയിലൂടെ ഋഷഭ് പന്ത് നേടുമ്പോൾ അതിലേറ്റവും സന്തോഷിച്ച വ്യക്തികളിലൊരാളാണ് താനെന്ന് ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ. ഓസ്‌ട്രേലിയക്ക് എതിരെ ഗാബ്ബയിൽ നടന്ന മത്സരം ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നിർണായക മത്‌സരമായിരുന്നു .ഈ ടെസ്റ്റിലാണ് വാഷിംഗ്‌ടൺ സുന്ദർ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് .
അരങ്ങേറ്റ ടെസ്റ്റിൽ മിന്നും പ്രകടനമാണ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സുന്ദർ കാഴ്ചവെച്ചത് .ഇന്ത്യയുടെ ജയത്തിന് അരങ്ങേറ്റക്കാരൻ സുന്ദർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നാലാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച താരം 84 റൺസും 4 വിക്കറ്റുകളും സ്വന്തമാക്കി. രണ്ടാമിന്നിങ്സിൽ പന്തിനൊപ്പം ആറാം വിക്കറ്റിൽ 53 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്താനും താരത്തിന് കഴിഞ്ഞു.നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസീസ് ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 6 വിക്കറ്റിന് 186 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു .ഒരുവേള ഇന്ത്യ വലിയൊരു ലീഡ് വഴങ്ങുമെന്ന് തോന്നി .എന്നാൽ അരങ്ങറ്റക്കാരനായ വാഷിങ്ടണ്‍ സുന്ദറും താക്കൂറും ഏഴാം വിക്കറ്റ് ബാറ്റിംഗ് കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ രക്ഷക്കെത്തുകയായിരുന്നു.
ഏഴാം വിക്കറ്റില്‍ ഈ ജോടി 123 റണ്‍സ് ടീം സ്കോറിലേക്ക് കൂട്ടിച്ചേര്‍ത്ത് ഓസീസുമായുള്ള ഇന്ത്യയുടെ അകലം കുറയ്ക്കുകയും ചെയ്തു.
ബ്രിസ്‌ബേൻ ടെസ്റ്റിലെ മനോഹര നിമിഷത്തെ കുറിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം തുറന്ന് പറയുകയാണ് സുന്ദർ ” തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമാണത് എന്ന് വാഷിങ്ടൺ സുന്ദർ വ്യക്തമാക്കി. ‘ഋഷഭും ഞാനും അണ്ടർ 19 ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ ജയിക്കാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ തകർപ്പൻ ബാറ്റിങ്ങാണ്. ഋഷഭ് പന്ത് നേടിയ വിജയറൺ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. ഗാബയിൽ ഇന്ത്യൻ കൊടിയും പിടിച്ച് നടന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല’-സുന്ദർ പറഞ്ഞു .