ഇതാരാണ് ബാറ്റിങ്ങിൽ സെവാഗോ : താക്കൂറിന്റെ ബാറ്റിംഗ് അതിശയിപ്പിച്ചെന്ന് അശ്വിനും ശ്രീധറും

ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസർ  താക്കൂറിന്റെ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് പ്രേമികളെ ഏറെ  ആശ്ചര്യപ്പെടുത്തിയിരുന്നു. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സോടെ ടീമിന്റെ ബാറ്റിങ്ങിലെ  ടോപ്‌ സ്‌കോററായിരുന്നു. താരത്തിന്റെ ചില ഷോട്ടുകള്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ പോലും അമ്പരപ്പിക്കുന്ന വിധമായിരുന്നു . ഇപ്പോഴിതാ
താക്കൂറിന്റെ ബാറ്റിങ് തങ്ങളെയും ആശ്ചര്യപ്പെടുത്തിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ആര്‍ അശ്വിനും ഫീല്‍ഡിങ് കോച്ചായ ആര്‍ ശ്രീധറും. അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു   ഇരുവരും .

ലോകത്തിലെ ഏറ്റവും മികച്ച പേസർ നിരയാണ് ഓസീസ് ടീമിന്റേത് .അവരുടെ പേസ് നിര നയിക്കുന്ന  പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ്, ഹേസല്‍വുഡ് എന്നിവര്‍ക്കെതിരേയായിരുന്നു നാലാം ടെസ്റ്റിൽ  താക്കൂറിന്റെ കണ്ണഞ്ചിപ്പിക്കുന്ന  ഷോട്ടുകള്‍. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണോ ബാറ്റ് ചെയ്യുന്നതെന്നു പോലും തനിക്ക് ഒരുവേള  തോന്നിയതായി  ശ്രീധര്‍ പറയുന്നു.

അതേസമയം ഒരു നിമിഷം താക്കൂറിന്റെ ബാറ്റിംഗ് കണ്ടപ്പോൾ  ഞാന്‍ ചിന്തിച്ചുപോയത് വീരേന്ദര്‍ സെവാഗാണ്  ഇപ്പോൾ ഇന്ത്യക്ക്  വേണ്ടി ബാറ്റ് ചെയ്യുന്നതെന്നായിരുന്നുവെന്ന്  ഫീൽഡിങ് കോച്ച് ശ്രീധര്‍ പറഞ്ഞു.

ഞങ്ങള്‍ ഡ്രസിങ് റൂമില്‍ താക്കൂറിന്റെ ബാറ്റിങ് കണ്ട്  ഒരുപാട് അമ്പരന്ന്  പോയി. സുഹൃത്തെ നീ ഇത്രയും കാലം എവിടെയായിരുന്നുവെന്നായിരുന്നു ഞങ്ങള്‍ മനസ്സില്‍  എല്ലാം ചോദിച്ചത് . സിക്‌സറിലൂടെ അക്കൗണ്ട് തുറക്കാനുള്ള  താക്കൂറിന്റെ ധൈര്യവും ലോക ഒന്നാം നമ്പര്‍ കമ്മിന്‍സിനെതിരേയുള്ള ഹുക്ക് ഷോട്ടും ലോങ് ഓണിലൂടെ സിക്‌സര്‍ പായിച്ച് ഫിഫ്റ്റി നേടിയതുമെല്ലാം കണ്ടപ്പോള്‍ നീയാരാണെന്നു മനസ്സില്‍ ചോദിച്ചു പോയതായും  ഓഫ്‌ സ്പിന്നർ അശ്വിന്‍ വ്യക്തമാക്കി.  മൂന്നാം  റെസ്റ്റിനിടയിൽ  പരിക്കേറ്റ അശ്വിൻ നാലാം ടെസ്റ്റിൽ കളിച്ചിരുന്നില്ല .

നേരത്തെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ  ഓസീസ്  ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന് ഇറങ്ങിയ  ഇന്ത്യ  6 വിക്കറ്റിന് 186 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു .ഒരുവേള ഇന്ത്യ വലിയൊരു ലീഡ് വഴങ്ങുമെന്ന് തോന്നി . അരങ്ങറ്റക്കാരനായ വാഷിങ്ടണ്‍ സുന്ദറിന് കൂട്ടായി കരിയറിൽ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന  താക്കൂര്‍ ആണ് എട്ടാമതായി  ക്രീസിലെത്തിയത്. പിന്നീട്  ഏഴാം വിക്കറ്റിൽ അവിസ്മരണീയ ബാറ്റിങ്  പ്രകടനത്തിനാണ് ഗാബ സാക്ഷിയായത്. ഏഴാം വിക്കറ്റില്‍ ഈ ജോടി 123 റണ്‍സ് ടീം സ്കോറിലേക്ക്  കൂട്ടിച്ചേര്‍ത്ത് ഓസീസുമായുള്ള ഇന്ത്യയുടെ അകലം കുറയ്ക്കുകയും ചെയ്തു.