ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനു തോല്‍പ്പിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 207 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. വിവാദങ്ങള്‍ സൃഷ്ടിച്ചായിരുന്നു മത്സരം അവസാനിച്ചത്.
അവസാന ഓവറില്‍ വിജയിക്കാന്‍ 36 റണ്‍സായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടിയിരുന്നത്. ഒബേദ് മക്കോയിയെ തുടര്‍ച്ചയായ മൂന്നു സിക്സുകള്‍ അടിച്ച് റൊവ്മാന്‍ പവല്‍ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ഇതിനിടെ മൂന്നാം പന്ത് നോബോള്‍ വിളിക്കണമെന്ന് പറഞ്ഞ് ഡല്‍ഹി ക്യാംപ് പ്രതിഷേധം രേഖപ്പെടുത്തി.
അരക്ക് മുകളില്‍ പന്തെറിഞ്ഞു എന്ന് കാരണത്താല്‍ നോബോള്‍ വിളിക്കണം എന്നായിരുന്നു റിഷഭ് പന്തിന്‍റെ നേതൃത്വത്തില്‍ ആവശ്യപ്പെട്ടത്. ഒരു ഘട്ടത്തില്‍ ബാറ്റര്‍മാരായ പവലിനോടും കുല്‍ദീപിനോടും തിരിച്ചു വരാന്‍ പന്ത് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഡല്‍ഹി പരിശീലകരില്‍ ഒരാളായ പ്രവീണ്‍ അംറെ ഗ്രൗണ്ടില്‍ പ്രവേശിച്ച് അംപയറുടെ അടുത്ത് എത്തിയത് വിവാദം കൂടുതല്‍ പ്രശ്നത്തിലാക്കി. എന്നാല്‍ അംപയര്‍മാര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു.
രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ ഇടപ്പെട്ടതോടെ കളി പുനരാരംഭിച്ചു. പിന്നീടുള്ള മൂന്നു പന്തുകള്‍ നിയന്ത്രണത്തോടെ എറിഞ്ഞതോടെ വിജയം രാജസ്ഥാനൊപ്പമെത്തി.