ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ബാംഗ്ലൂർ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനമാണ് ഋഷഭ് പന്ത് കാഴ്ചവച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ പ്രതിസന്ധിഘട്ടത്തിൽ നിന്ന് രക്ഷിക്കാൻ പന്തിന് സാധിച്ചിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ അർധ സെഞ്ച്വറിയും പന്ത് സ്വന്തമാക്കി. പക്ഷേ സെഞ്ച്വറി നേട്ടത്തിന് ഒരു റൺ അകലെ പന്ത് വീഴുകയായിരുന്നു.
ഇത് വലിയ നിരാശയാണ് ഇന്ത്യൻ ക്യാമ്പിലടക്കം ഉണ്ടാക്കിയത്. എന്നാൽ ഈ ഇന്നിംഗ്സിനിടെ ഒരു തകർപ്പൻ റെക്കോർഡ് മറികടക്കാൻ പന്തിന് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2500 റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് പന്ത് മത്സരത്തിലെ പ്രകടനത്തിലൂടെ സ്വന്തമാക്കിയത്.
മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയെ പിന്നിലാക്കിയാണ് പന്ത് ഈ റെക്കോർഡ് നേട്ടം കൊയ്തത്. ഇന്ത്യയ്ക്കായി കേവലം 62 ഇന്നിംഗ്സുകളിൽ നിന്നാണ് ഇപ്പോൾ പന്ത് 2500 റൺസ് പൂർത്തീകരിച്ചിരിക്കുന്നത്.
മഹേന്ദ്രസിംഗ് ധോണി 69 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്നായിരുന്നു ഇന്ത്യക്കായി 2500 റൺസ് നേടിയത്. എന്നിരുന്നാലും മത്സരത്തിൽ അർഹിച്ച സെഞ്ചുറിയാണ് പന്തിന് നഷ്ടമായത്. വളരെ പരിതാപകരമായ അവസ്ഥയിൽ നിന്നായിരുന്നു പന്ത് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. സർഫറാസിനൊപ്പം ചേർന്ന് നാലാം വിക്കറ്റിൽ ഒരു വമ്പൻ കൂട്ടുകെട്ട് തന്നെ മത്സരത്തിൽ പന്ത് കെട്ടിപ്പടുത്തു.
മത്സരത്തിലേക്ക് കടന്നുവന്നാൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ബാറ്റിംഗ് ദുരന്തം നേരിടുകയായിരുന്നു. കേവലം 46 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് തങ്ങളുടെ ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കാൻ സാധിച്ചത്. ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ ന്യൂസിലാൻഡിന് വലിയ ആത്മവിശ്വാസം നൽകി. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് പിച്ചിന്റെ മെച്ചപ്പെട്ട കണ്ടീഷൻ മുതലാക്കുകയാണ് ഉണ്ടായത്. ആദ്യ ഇന്നിംഗ്സിൽ 42 റൺസ് സ്വന്തമാക്കി ഒരു വമ്പൻ ലീഡ് നേടാൻ ന്യൂസിലാൻഡിന് സാധിച്ചിരുന്നു.
പക്ഷേ രണ്ടാം ഇന്നിങ്സിൽ ഒരു ശക്തമായ തിരിച്ചുവരവ് ഇന്ത്യ നടത്തി. സെഞ്ച്വറി സ്വന്തമാക്കിയ സർഫറാസ് ഖാനും അർത്ഥസെഞ്ചറികൾ സ്വന്തമാക്കിയ പന്ത്, കോഹ്ലി, രോഹിത് എന്നിവരുടെയും മികവിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. സർഫറാസ് മത്സരത്തിൽ 150 റൺസ് ആണ് നേടിയത്. പന്ത് 99 റൺസ് നേടിയപ്പോൾ കോഹ്ലി 70 റൺസ് സ്വന്തമാക്കുകയുണ്ടായി. എന്നാൽ മധ്യനിര ബാറ്റർമാർ വീണതോടെ ഇന്ത്യൻ ബാറ്റിംഗ് നിര തകരുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 462 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആവുകയായിരുന്നു. മത്സരത്തിന്റെ അവസാന ദിവസം 107 റൺസാണ് ന്യൂസിലാൻഡിന് ആവശ്യം.