ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ 20 റൺസിന്റെ ആവശകരമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ 3-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ റിങ്കൂ സിങ്ങിന്‍റെയും ജിതേഷ് പട്ടേലിന്റെയും നിർണായക സമയത്തെ ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
റിങ്കു മത്സരത്തിൽ 29 പന്തുകളിൽ 46 റൺസാണ് നേടിയത്. ഇവരുടെയും ബാറ്റിംഗിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 174 എന്ന സ്കോറിൽ എത്തുകയുണ്ടായി. മത്സരത്തിനിടെ റിങ്കു സിംഗ് നേടിയ ഒരു സിക്സർ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. റിങ്കുവിന്റെ ഈ സിക്സർ 100 മീറ്റർ ദൂരമാണ് പിന്നിട്ടത്. മത്സരത്തിൽ ഇത്ര വലിയ സിക്സർ നേടിയതിനെ പറ്റി റിങ്കു സംസാരിക്കുകയുണ്ടായി.
നിരന്തരമായി ജിമ്മിൽ നടത്തുന്ന പരിശീലനങ്ങൾ ഇത്തരം വലിയ സിക്സറുകൾ നേടാൻ സഹായിക്കുന്നുണ്ട് എന്നാണ് റിങ്കു സിംഗ് ജിതേഷ് ശർമയുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞത്. “ഞാൻ പലപ്പോഴും ജിമ്മിൽ ജിതേഷിനോടൊപ്പം ഉണ്ടാവാറുണ്ടെന്ന് അറിയാമല്ലോ. ഒപ്പം ഞാൻ നന്നായി ആഹാരവും കഴിക്കും. എനിക്ക് ഭാരങ്ങൾ ഒരുപാട് ഉയർത്തുന്നത് വലിയ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ എനിക്ക് സ്വാഭാവികമായ പവറാണ് ഉള്ളത്.”- ഒരു ചെറു ചിരിയോടെ റിങ്കു പറയുകയുണ്ടായി.
എങ്ങനെയാണ് മത്സരങ്ങളിൽ സമ്മർദ്ദം ഒഴിവാക്കുന്നത് എന്ന ജിതേഷിന്റെ ചോദ്യത്തിന് റിങ്കു നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ കുറച്ചധികം നാളുകളായി ഇന്ത്യൻ പ്രീമിയർ ലീഗിലും മറ്റും കളിക്കുന്നുണ്ട്. കഴിഞ്ഞ 5-6 വർഷങ്ങളായി ഇത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. അതിനാൽ തന്നെ വലിയ ആത്മവിശ്വാസമാണ് എനിക്കുള്ളത്. ഞാൻ എന്നെ തന്നെ എല്ലായിപ്പോഴും പിന്തുണയ്ക്കുന്നു. ഒപ്പം പരമാവധി ശാന്തനായി തുടരാനും ഞാൻ ശ്രമിക്കുന്നു.”- റിങ്കു സിംഗ് കൂട്ടിച്ചേർക്കുന്നു.
ഒപ്പം മത്സരത്തിലെ തന്റെ മികച്ച പ്രകടനത്തെപ്പറ്റി ജിതേഷ് ശർമയും പറയുകയുണ്ടായി. “ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ ആരാധകരുടെ മുമ്പിൽ ഇത്തരത്തിൽ മികവ് പുലർത്താൻ സാധിക്കുക എന്നത് വളരെ സ്പെഷ്യലാണ്. റിങ്കുവിനൊപ്പം മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാനായത് ഞാൻ വളരെ നന്നായി ആസ്വദിച്ചു. ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്.”- ജിതേഷ് ശർമ പറയുകയുണ്ടായി. മത്സരത്തിൽ ഇന്ത്യ 14 ഓവറുകളിൽ 111ന് 4 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ജിതേഷ് ശർമയും റിങ്കുവും ഒരുമിച്ച് കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. അഞ്ചാം വിക്കറ്റിൽ 56 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഇത് ഇന്ത്യയെ മത്സരത്തിൽ വലിയ രീതിയിൽ സഹായിച്ചു.