റിങ്കു വളരെ ശാന്തന്‍. എന്നെയും ശാന്തനാക്കാൻ അവന് സാധിച്ചു : സൂര്യകുമാര്‍ യാദവ്

rinku singh finish

ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു റെക്കോർഡ് വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ജോഷ് ഇംഗ്ലീസിന്റെ സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 208 എന്ന സ്കോറിൽ എത്തുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സൂര്യകുമാർ യാദവും ഇഷാനും അടക്കമുള്ള താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു. റിങ്കു സിങ്ങിന്റെ ഉഗ്രൻ ഫിനിഷിലൂടെയായിരുന്നു ഇന്ത്യ അവസാന പന്തിൽ വിജയം സ്വന്തമാക്കിയത്. മത്സരത്തിലെ യുവതാരങ്ങളുടെ പ്രകടനത്തെപ്പറ്റി മത്സരശേഷം സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ മുഴുവൻ താരങ്ങളുടെയും പ്രകടനം തനിക്ക് അങ്ങേയറ്റം സന്തോഷം നൽകുന്നു എന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്. “മത്സരത്തിൽ സഹതാരങ്ങൾ കളിച്ച രീതി എനിക്ക് വളരെ സന്തോഷം നൽകുന്നുണ്ട്. അവരുടെ ഊർജ്ജവും വളരെ നന്നായിരുന്നു. മത്സരത്തിന്റെ ഒരു സമയത്ത് ഞങ്ങളിൽ അല്പം സമ്മർദം എത്തിയിരുന്നു. എന്നാൽ അവിടെ നിന്ന് വലിയ തിരിച്ചുവരവ് നടത്താൻ ഞങ്ങൾക്ക് സാധിച്ചു.”

“ഇന്ത്യയുടെ നായകനായി കളിക്കുക എന്നത് വലിയ അഭിമാനകരമായ നിമിഷം തന്നെയാണ്. പലപ്പോഴും ഈ മൈതാനത്ത് എത്തുമ്പോൾ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സന്തോഷമുണ്ട്. എന്നാൽ നായകനായി ടീമിനൊപ്പം അണിനിരക്കുക എന്നത് വലിയ നിമിഷം തന്നെയാണ്.”- സൂര്യകുമാർ പറഞ്ഞു.

“മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടാവുമെന്ന് കരുതിയെങ്കിലും അങ്ങനെ ഉണ്ടായില്ല. ഇതൊരു വലിയ മൈതാനം തന്നെയാണ്. ബാറ്റിംഗ് ഇവിടെ അനായാസമാവുമെന്ന് എനിക്കറിയാമായിരുന്നു. ഓസ്ട്രേലിയ 230- 235 റൺസ് സ്വന്തമാക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ബോളർമാർ മികച്ച രീതിയിൽ പന്തറിഞ്ഞു. മത്സരത്തിൽ സ്വയമേ ആസ്വദിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.”

Read Also -  പാകിസ്ഥാനെതിരെ ഇന്ത്യ ആ താരത്തെ ഇറക്കണം. തന്ത്രം മെനഞ്ഞ് ആകാശ് ചോപ്ര

“ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പല സമയത്തും താരങ്ങളൊക്കെയും ഇത്തരം സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ട്. ഇഷാനോടടക്കം സ്വന്തമായി ആസ്വദിക്കാനാണ് ഞാൻ പറഞ്ഞത്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. നായകൻ എന്ന ഭാരം ഡ്രസ്സിംഗ് റൂമിൽ വെച്ച ശേഷമാണ് ഞാൻ മൈതാനത്ത് ഇറങ്ങിയത്.”- സൂര്യകുമാർ പറയുന്നു.

“മത്സരത്തിൽ ഞാൻ എന്റെ ബാറ്റിംഗ് അങ്ങേയറ്റം ആസ്വദിക്കാനാണ് ശ്രമിച്ചത്. ഇവിടത്തെ അന്തരീക്ഷം വളരെ അവിസ്മരണീയമായിരുന്നു. ഇവിടെ ഒത്തുകൂടിയ മുഴുവൻ ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു. മത്സരത്തിന്റെ അവസാനം വരെ ടീം അംഗങ്ങൾ മികവ് പുലർത്തി. റിങ്കു മത്സരത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന് പറ്റിയ റോൾ തന്നെയാണ് മത്സരത്തിൽ ലഭിച്ചത്.”

“പലപ്പോഴും റിങ്കു വളരെ ശാന്തനായാണ് കാണുന്നത്. എന്നെയും ശാന്തനാക്കാൻ റിങ്കുവിന് സാധിച്ചു. 16 ഓവറിന് ശേഷം ഓസ്ട്രേലിയയുടെ ഇത്ര കരുത്തരായ ബാറ്റിംഗ് നിരയെ ഇത്തരത്തിൽ പിടിച്ചുനിർത്താൻ സാധിച്ചത് ബോളർമാർക്ക് വലിയ അംഗീകാരം തന്നെയാണ്.”- സൂര്യകുമാർ പറഞ്ഞു വെക്കുന്നു.

Scroll to Top