അവസാന ഓവറിൽ “റിങ്കു സിംഗ് ഫിനിഷ്”.. ധോണി സ്റ്റൈൽ സിക്സറോടെ മത്സരം തീര്‍ത്തു.

rinku singj

ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ അവസാന പന്തിൽ ഒരു തകർപ്പൻ വിജയമായിരുന്നു ഇന്ത്യ കൈവരിച്ചത്. 2 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ ഈ ശക്തമായ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 208 എന്ന വമ്പൻ സ്കോറിൽ എത്തുകയുണ്ടായി.

ജോഷ് ഇംഗ്ലീസിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ആയിരുന്നു ഓസ്ട്രേലിയ ഇത്തരം മികച്ച സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി നായകൻ സൂര്യകുമാർ യാദവാണ് വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൽ 42 പന്തുകളിൽ നിന്ന് 80 റൺസ് സ്വന്തമാക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചു. ഒപ്പം അവസാന ഓവറിലെ റിങ്കു സിംഗിന്റെ ഹീറോയിസമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 6 പന്തുകളിൽ 7 റൺസായിരുന്നു. ഓവറിലെ ആദ്യ പന്തിൽ ഷോൺ അബോട്ടിനെതിരെ ഒരു തകർപ്പൻ ബൗണ്ടറി സ്വന്തമാക്കാൻ റിങ്കു സിംഗിന് സാധിച്ചു. ഓഫ് സൈഡിൽ വന്ന പന്ത് ബാക്വാർഡ്‌ പോയിന്റിലൂടെ റിങ്കു ബൗണ്ടറി കടത്തുകയായിരുന്നു.

തൊട്ടടുത്ത പന്തിൽ ഒരു ബൈ റണ്ണും ഇന്ത്യക്ക് ലഭിച്ചു. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 4 പന്തുകളിൽ 2 റൺസ് എന്ന നിലയിലെത്തി. എന്നാൽ അതിന് ശേഷം ഒരു ശക്തമായ തിരിച്ചുവരമാണ് ഓസ്ട്രേലിയ മത്സരത്തിൽ നടത്തിയത്. ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യൻ ബാറ്റർ അക്ഷർ പട്ടേലിനെ കൂടാരം കയറ്റാൻ ഓസ്ട്രേലിയക്ക് സാധിച്ചു.

Read Also -  "അവൻ ഒരു ദിവസം ഇന്ത്യയുടെ 3 ഫോർമാറ്റിലെയും ക്യാപ്റ്റനാവും". ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് പറയുന്നു.

ഇതോടെ ഇന്ത്യയുടെ ആറാം വിക്കറ്റ് ആണ് നഷ്ടമായത്. ശേഷം അടുത്ത പന്തിൽ രവി ബിഷണോയെ റണ്ണൗട്ടാക്കി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. എങ്ങനെയെങ്കിലും റിങ്കൂ സിങ്ങിന് സ്ട്രൈക്ക് നൽകാനുള്ള ശ്രമത്തിനിടയാണ് രവി ബിഷനോയി റൺഔട്ട്‌ ആയത്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 2 പന്തുകളിൽ 2 റൺസ് എന്ന നിലയിലെത്തി.

തൊട്ടടുത്ത പന്തിൽ റിങ്കു ഒരു തകർപ്പൻ ഷോട്ടിന് ശ്രമിച്ചു. രണ്ടു റൺസ് നേടി വിജയം സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും നോൺ സ്ട്രൈക്കർ എൻഡിൽ അർഷദീപ് സിംഗ് റൺഔട്ട് ആവുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് അവസാന പന്തിൽ ഒരു റൺസായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ മത്സരത്തിലെ അവസാന പന്തിൽ ഒരു തകർപ്പൻ സിക്സർ നേടി റിങ്കു ഇന്ത്യയെ വിജയത്തിലെത്തിച്ചു. പിന്നീട് ചെക്ക് ചെയ്തപ്പോൾ അത് ഒരു നോബോൾ ആയിരുന്നുവെന്നും വ്യക്തമായി. എന്തായാലും മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം തന്നെയാണ് സൂര്യകുമാർ യാദവും റിങ്കുവും(22*) ചേർന്ന് നൽകിയത്. ഇത്ര വലിയ വിജയലക്ഷം പിന്തുടർന്ന് ഇന്ത്യൻ യുവനിരയ്ക്ക് ഒരിക്കൽ പോലും പിഴച്ചില്ല എന്ന് നിസ്സംശയം പറയാനാവും. വരുന്ന ട്വന്റി20 ലോകകപ്പിൽ ഈ യുവതാരങ്ങളൊക്കെയും ഇന്ത്യയ്ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാവും എന്നതിന്റെ സൂചന കൂടിയാണ് മത്സരത്തിലെ ഈ തകർപ്പൻ പ്രകടനം നൽകുന്നത്.

Scroll to Top