ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസനെ പോലെ തന്നെ വളരെ മോശം പ്രകടനം പുറത്തെടുത്ത മറ്റൊരു താരമാണ് റിങ്കു സിംഗ്. മൂന്നാം ട്വന്റി20 മത്സരത്തിലും റിങ്കു മോശം പ്രകടനമാണ് കാഴ്ചവച്ചത്. കരിയറിന്റെ തുടക്ക സമയത്ത് റിങ്കൂ സിംഗിനെ ഇന്ത്യ ഒരു ഫിനിഷറായാണ് കണ്ടത്.
മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പകരക്കാരൻ എന്ന് പോലും റിങ്കുവിനെ പലരും വാഴ്ത്തുകയുണ്ടായി. എന്നാൽ യാതൊരു മികവുമില്ലാതെയാണ് റിങ്കു സിംഗ് ഇപ്പോൾ കളിക്കുന്നത്. ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ നാലാമനായി ക്രീസിലെത്താൻ റിങ്കുവിന് അവസരം ലഭിച്ചിരുന്നു. പക്ഷേ മത്സരത്തിൽ കേവലം 1 റൺ മാത്രമാണ് താരം സ്വന്തമാക്കിയത്.
ശ്രീലങ്കൻ സ്പിന്നർ തീക്ഷണക്കെതിരെ വമ്പൻ ഷോട്ടിന് ശ്രമിച്ചാണ് റിങ്കു പുറത്തായത്. അവസാന 4 ട്വന്റി20 മത്സരങ്ങളിലും റിങ്കു ദുരന്ത പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 1, 1, 11, 1 എന്നിങ്ങനെയാണ് റിങ്കുവിന്റെ കഴിഞ്ഞ 4 മത്സരങ്ങളിലെ സ്കോറുകൾ. 2024 ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ റിങ്കുവിന് സാധിച്ചിരുന്നില്ല. ടൂർണമെന്റിൽ ഇന്ത്യൻ ടീമിന്റെ റിസർവ് താരമായി മാത്രമാണ് റിങ്കു യാത്ര ചെയ്തത്.
ഇതിന് ശേഷമാണ് റിങ്കുവിന്റെ പ്രകടനത്തിൽ വലിയ രീതിയിലുള്ള പോരായ്മകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഒന്നും മികവ് പുലർത്താൻ റിങ്കുവിന് സാധിച്ചില്ല. അതിനാൽ തന്നെ ഇന്ത്യൻ ടീമിൽ റിങ്കുവിന് സ്ഥാനം നഷ്ടമാവാനും സാധ്യതകളുണ്ട്.
നിലവിൽ ഇന്ത്യയുടെ ഫിനിഷർ റോളിൽ ശിവം ദുബയും എത്തിയിട്ടുണ്ട് എന്നത് റിങ്കുവിന് ഭീഷണി സൃഷ്ടിക്കുന്നു. ഒപ്പം ധ്രുവ് ജൂറലും റിങ്കുവിന് എതിരാളിയായുണ്ട്. അതിനാൽ വരും മത്സരങ്ങളിലെങ്കിലും മികവ് പുലർത്തേണ്ടത് റിങ്കുവിന്റെ ആവശ്യമാണ്. പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ ഏറ്റവും പുതിയ താരങ്ങളെ ഉൾപ്പെടുത്തി ടീം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോൾ. ഈ സമയത്ത് യുവതാരങ്ങൾ മികവ് പുലർത്തേണ്ടത് അവരുടെ കരിയർ മുന്നോട്ടു പോകാൻ നിർണായകമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു റിങ്കു ഇന്ത്യൻ ടീമിലേക്ക് എത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ 5 സിക്സറുകൾ തുടർച്ചയായി പറത്തിയാണ് റിങ്കു സിംഗ് മുൻ താരങ്ങളെ അടക്കം ഞെട്ടിച്ചത്. ശേഷം ഫിനിഷർ എന്ന നാമം റിങ്കുവിന്റെ പേരിനൊപ്പം ചേരുകയായിരുന്നു. പിന്നീട് കൊൽക്കത്തയെയും ഇന്ത്യൻ ടീമിനെയും പല മത്സരങ്ങളിലും കരകയറ്റാൻ റിങ്കു സിങ്ങിന്റെ വെടിക്കെട്ടിന് സാധിച്ചിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ സമീപകാലത്തും റിങ്കു സിംഗിൽ നിന്നും മികച്ച പ്രകടനങ്ങളായിരുന്നു ഇന്ത്യ പ്രതീക്ഷിച്ചത്.