2024 ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന 2 താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും ഓസീസിന്റെ സൂപ്പർ താരം സ്റ്റീവ് സ്മിത്തുമായിരിക്കും ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുക എന്ന് റിക്കി പോണ്ടിംഗ് പറയുകയുണ്ടായി.
ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പര നവംബർ 22ന് പേർത്തിലാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്ക് മുൻപ് തന്നെ പരമ്പരയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരങ്ങളെ പറ്റിയുള്ള ചർച്ചകൾ പുരോഗമിച്ചിരുന്നു. ഈ സമയത്താണ് റിക്കി പോണ്ടിംഗ് തന്റെ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.
അഞ്ചു മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഓസ്ട്രേലിയൻ താരം സ്മിത്തും ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ പന്തും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് പോണ്ടിങ് വിശ്വസിക്കുന്നു. നിലവിൽ സ്മിത്ത് ഓസ്ട്രേലിയൻ നിരയിൽ നാലാം നമ്പറിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഇത്തരത്തിൽ ബാറ്റിംഗ് ഓർഡറിൽ വരുത്തിയ മാറ്റം സ്മിത്തിനെ സഹായിക്കും എന്നാണ് പോണ്ടിംഗ് കരുതുന്നത്. ഇതുവരെ ഇന്ത്യക്കെതിരെ മികച്ച റെക്കോർഡാണ് സ്മിത്തിനുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 2042 റൺസാണ് സ്മിത്ത് ഇന്ത്യക്കെതിരെ നേടിയിട്ടുള്ളത്. 65.87 എന്ന ശരാശരിയിലാണ് സ്മിത്തിന്റെ നേട്ടം. 9 സെഞ്ച്വറികളും 5 അർധസെഞ്ചറികളുമാണ് ഇന്ത്യക്കെതിരെ സ്മിത്ത് നേടിയിട്ടുള്ളത്.
“ഇത്തവണത്തെ പരമ്പരയിൽ സ്റ്റീവ് സ്മിത്തും റിഷഭ് പന്തും ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരങ്ങളായി മാറും എന്നാണ് ഞാൻ കരുതുന്നത്. സ്മിത്തിന് ഈ പരമ്പരയിൽ ചില കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ട്. അവൻ അവന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പൊസിഷനിലേക്ക് തിരികെ എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പരമ്പരയിൽ കൂടുതൽ റൺസ് നേടുന്ന താരമായി മാറാൻ സ്മിത്തിന് അനായാസം സാധിക്കും.”- പോണ്ടിംഗ് പറയുകയുണ്ടായി. മധ്യനിരയിൽ കളിക്കുന്നതിനാൽ തന്നെ പന്തിനും ഇത്തവണ റൺസ് സ്വന്തമാക്കാൻ വലിയ സാധ്യതയുണ്ട് എന്ന് റിക്കി പോണ്ടിംഗ് കരുതുന്നു.
“ഋഷഭ് പന്ത് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. നിലവിൽ അവൻ മധ്യനിരയിലാണ് ടീമിനായി കളിക്കുന്നത്. അതുകൊണ്ടുതന്നെ അവന് പഴയ ബോളിൽ കളിക്കാൻ സാധിക്കും. അത് അവന്റെ ശൈലിയ്ക്ക് ചേർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ സഹായിക്കും. അനായാസം അവന്റ ഷോട്ടുകൾ കളിക്കാൻ അവന് സാധിക്കും. മാത്രമല്ല ഇപ്പോൾ മികച്ച ഫോമിലാണ് പന്ത് ഉള്ളത്. ഈ പരമ്പരയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരങ്ങളിൽ ഒരാൾ റിഷഭ് പന്തായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.”- റിക്കി പോണ്ടിംഗ് കൂട്ടിച്ചേർത്തു.
Summary : Ricky Ponting predict the top scorers of Border-Gavaskar trophy 2024-25