“സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ ഒരുപാടിഷ്ടം”, പ്രശംസയുമായി റിക്കി പോണ്ടിങ്.

സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങളുമായി ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സഞ്ജുവിന് നേരിടേണ്ടി വന്നിരുന്നു.

പല സമയത്തും സഞ്ജു ടീമിന് പുറത്താകുകയും ചെയ്തു. എന്നാൽ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ തകർപ്പൻ സെഞ്ച്വറി നേടി സഞ്ജു വിമർശകർക്കുള്ള മറുപടി നൽകുകയായിരുന്നു. ഈ മികച്ച പ്രകടനത്തിന് ശേഷം സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഈ തലമുറയിലെ തന്റെ ഇഷ്ട താരമാണ് സഞ്ജു സാംസൺ എന്ന് പോണ്ടിംഗ് പറഞ്ഞിരിക്കുകയാണ്.

ഒരു പ്രമുഖ വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പോണ്ടിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ തലമുറയിലെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരമാരെന്ന ചോദ്യത്തിനാണ് പോണ്ടിംഗ് മറുപടി പറഞ്ഞത്. “ഞാൻ എല്ലായിപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന ഒരു മികച്ച ബാറ്ററാണ് സഞ്ജു സാംസൺ. സഞ്ജു സാംസൺ എന്നൊരു താരം ട്വന്റി20 ക്രിക്കറ്റിൽ അണിനിരക്കുന്നുണ്ട് എന്ന് എത്രപേർക്ക് അറിയാമെന്ന് പോലും എനിക്ക് ഉറപ്പില്ല. പക്ഷേ അയാൾ ക്രീസിൽ എത്തുന്നതും ബാറ്റ് ചെയ്യുന്നതുമൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്.”- നാസർ ഹുസൈനുമായി നടന്ന സംഭാഷണത്തിൽ പോണ്ടിംഗ് പറയുന്നു.

നിശ്ചിത ഓവർ ക്രിക്കറ്റിൽ താൻ കാണാൻ ഇഷ്ടപ്പെടുന്ന താരം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററായ ജോസ് ബട്ലറാണ് എന്നും പോണ്ടിങ് പറയുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റിൽ താൻ കാണാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ഫാബുലസ് ഫോറിലെ രണ്ടു താരങ്ങളായ ജോ റൂട്ടിന്റെയും കെയിൻ വില്യംസിന്റെയും ബാറ്റിംഗാണ് എന്ന് പോണ്ടിംഗ് വ്യക്തമാക്കുകയുണ്ടായി. ഈ തലമുറയിൽ താൻ ആസ്വദിച്ചു കാണാൻ ആഗ്രഹിക്കുന്ന ബാറ്റർമാരുടെ ലിസ്റ്റിൽ മറ്റു ചില ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്താനും പോണ്ടിംഗ് മറന്നില്ല. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, വിരാട് കോഹ്ലി എന്നീ താരങ്ങളുടെ ഒക്കെയും ബാറ്റിംഗ് കാണാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് പോണ്ടിംഗ് പറഞ്ഞത്.

അതേസമയം ഈ തലമുറയിൽ താൻ കാണാൻ ആഗ്രഹിക്കുന്ന താരമായി നാസർ ഹുസൈൻ തിരഞ്ഞെടുത്തത് ഇന്ത്യയുടെ നിലവിലെ നായകനായ രോഹിത് ശർമയെയാണ്. അനായാസം ബാറ്റ് ചെയ്യുന്ന താരമാണ് രോഹിത് ശർമ എന്ന് നാസർ ഹുസൈൻ പറയുകയുണ്ടായി. തന്റെ കരിയറിൽ ഓരോ ഷോട്ടും വളരെ സമയമെടുത്താണ് ചെയ്തിരുന്നത് എന്ന് നാസർ പറയുന്നു. പക്ഷേ രോഹിത് ശർമ അനായാസം പുൾ അടക്കമുള്ള ഷോട്ടുകൾ കളിക്കുന്നത് താൻ കണ്ടിട്ടുണ്ട് എന്ന് നാസർ ഹുസൈൻ കൂട്ടിച്ചേർക്കുകയുണ്ടായി.

Previous articleടീമിനായി കളിക്കാതെ സ്വന്തം നേട്ടം ആഗ്രഹിച്ചവരെ ഒഴിവാക്കി. രാഹുലിനെ പിന്നിൽ നിന്ന് കുത്തി ലക്നൗ.
Next articleരചിൻ രവീന്ദ്രയെയും കോൺവേയെയും ടീമിലെത്തിക്കാൻ സിഎസ്കെ തന്ത്രം. ലേലത്തിൽ റൈറ്റ് ടു മാച്ച് കളികൾക്ക് തയാർ