ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മോശം തുടക്കമാണ് ഡൽഹി ഓപ്പണർ ആയ പൃഥ്വി ഷാക്ക് ലഭിച്ചത്. ഐപിഎല്ലിലെ ആദ്യ മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുവാൻ താരത്തിന് സാധിച്ചില്ല. ഫാസ്റ്റ് ബൗളേഴ്സിന് മുൻപിൽ ആണ് താരത്തിന് മൂന്ന് തവണയും അടിപതറിയത്.
ഇപ്പോഴിതാ താരത്തിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകനായ റിക്കി പോണ്ടിംഗ്. പ്രിഥ്വി ഷായുടെ മേൽ വിശ്വാസം ഉണ്ടെന്നും അവൻ പരിശീലന സമയത്ത് മില്യൺ ഡോളർ ബോയ് ആണെന്നുമാണ് പോണ്ടിംഗ് പറഞ്ഞത്.”അവനെ ട്രെൻ്റ് ബോൾട്ടിന്റെ വേഗത വിഷമിപ്പിച്ചതായി ഞാൻ കരുതുന്നില്ല.
അവനെ പ്രശ്നത്തിലാക്കിയത് സ്വിങ്ങ് ചെയ്ത പന്താണ്. നിങ്ങളിൽ ആരെങ്കിലും അവൻ ഇന്നലെ പരിശീലനത്തിൽ കളിക്കുന്നത് കണ്ടിരുന്നെങ്കിൽ അവൻ്റെ മികവ് കാണാമായിരുന്നു. പരിശീലനത്തിൽ അവൻ മില്യൺ ഡോളർ ടാലൻ്റ് ആണ്. അവൻ്റെ തയ്യാറെടുപ്പ് മികച്ചതായിരുന്നു.
അവന് ഇടംകയ്യൻ പേസർമാർക്ക് എതിരെ മോശം റെക്കോർഡ് ആണ് ഉള്ളത്. അത് എല്ലാ എതിർ ടീമുകൾക്കും അറിയാം എന്ന് ഞാൻ കരുതുന്നു.”-പോണ്ടിംഗ് പറഞ്ഞു. ഡൽഹിക്കും ഐപിഎല്ലിൽ അത്ര മികച്ച തുടക്കമല്ല ലഭിച്ചിട്ടുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഡൽഹി ആദ്യ വിജയം തേടി ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങുകയാണ്.