ഇത്തവണ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയ കളിക്കാരിൽ ഒരാളാണ് പ്രിഥ്വി ഷാ. ടീമിൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് താരം സീസണിലെ ആദ്യ മത്സരങ്ങളിൽ പുറത്തെടുത്തത്. രണ്ട് അർദ്ദ സെഞ്ചുറികൾ ഉൾപ്പെടെ 160 റൺസാണ് ആദ്യ നാല് മത്സരങ്ങളിൽ നിന്നും താരം നേടിയത്. ഇപ്പോഴിതാ പ്രിഥ്വി ഷാ ഇന്ത്യക്കുവേണ്ടി നൂറിലധികം ടെസ്റ്റ് മത്സരങ്ങൾ കളിക്കും എന്ന് പറഞ്ഞിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽ കോച്ച് റിക്കി പോണ്ടിംഗ്.
അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ.. “പ്രിഥ്വി ഷായുടെ കളി എടുത്തു നോക്കിയാൽ എനിക്കുണ്ടായിരുന്നതുപോലെ എല്ലാ കഴിവുകളും അവനും ഉണ്ട്, അല്ലെങ്കിൽ അതിൽ കൂടുതൽ. ഇന്ത്യക്കായി നൂറിലധികം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന താരമായും ആവുന്നത്ര മത്സരങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരനായി അവനെ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു.
മുംബൈ ഇന്ത്യൻസിൻ്റെ ഹെഡ് കോച്ച് ആയി സ്ഥാനമേറ്റപ്പോൾ രോഹിത് വളരെ ചെറുപ്പമായിരുന്നു. ഹർദിക് പാണ്ഡ്യയും കൃനാൽ പാണ്ഡ്യയും അന്ന് കളിച്ചിട്ടില്ല. അവിടെ ഞാൻ പരിശീലനം നൽകിയ ധാരാളംപേർ പിന്നീട് ഇന്ത്യക്കായി കളിച്ചു. അതാണ് ഡൽഹി ക്യാപിറ്റൽസിലും ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്.”- അദ്ദേഹം പറഞ്ഞു.
രണ്ടു വിജയവും രണ്ടു തോൽവിയും ആയി നാലാം സ്ഥാനത്താണ് ഡൽഹി ഇപ്പോൾ. ഏപ്രിൽ 16ന് ബാംഗ്ലൂരിന് എതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.