കുറെ കാലമായി തൻ്റെ പഴയ പ്രതാപം ഇല്ലാതെ വളരെ മോശം ഫോമിലൂടെയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പോകുന്നത്. പഴയ കോഹ്ലിയുടെ നിഴൽപോലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആരാധകർക്ക് കാണാൻ സാധിച്ചിട്ടില്ല. എന്താണ് താരത്തിന് സംഭവിച്ചതെന്ന് ഇന്നും ആരാധകരുടെ മുന്നിൽ ഒരു ചോദ്യമാണ്.
ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. താരം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കാണേണ്ടി വരും എന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്. ഈ മോശം കാലഘട്ടത്തിൽ നിന്നും കോഹ്ലി ശക്തമായി തിരിച്ചു വരുമെന്നും റിക്കി പോണ്ടിംഗ് പറയുന്നു.
“ഈ ഐപിഎല്ലിലൂടെ അദ്ദേഹം എത്രമാത്രം ക്ഷീണിതനും നിരാശനും ആണെന്ന് നമുക്ക് മനസ്സിലാക്കി തന്നു. അതെല്ലാം മാനസികമായാലും സാങ്കേതികമായ കാര്യമായാലും മെച്ചപ്പെടുത്താനുള്ള വഴികൾ കണ്ടെത്താൻ, വിലയിരുത്താൻ ശ്രമിക്കണം. അദ്ദേഹം തികഞ്ഞ പ്രൊഫഷണൽ ആയതിനാൽ വർക്ക് ചെയ്യുകയും വേഗത്തിൽ തിരിച്ചു വരികയും ചെയ്യും എന്ന് എനിക്ക് ഉറപ്പാണ്.
എൻറെ അനുഭവത്തിൽ നിന്നും എനിക്ക് അറിയാവുന്ന ഒരു കാര്യം പറയട്ടെ. നിങ്ങൾ യഥാർത്ഥത്തിൽ ക്ഷീണിതൻ അല്ലെന്നും ശാരീരികമായോ മാനസികമായോ തളർന്നിട്ടില്ല എന്നും ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങൾ സ്വയം ബോധ്യപ്പെടുത്തണം. എനിക്കുറപ്പുണ്ട് ഈ മോശം കാലഘട്ടത്തിൽ നിന്നും കോഹ്ലി ശക്തമായി തിരിച്ചു വരും.