ഒരു കാലത്ത് ക്രിക്കറ്റ് ലോകം ‘ഭാവി സച്ചിൻ’ എന്ന് വിശേഷിപ്പിച്ച ക്രിക്കറ്ററായിരുന്നു പൃഥ്വി ഷാ. എന്നാൽ തന്റെ കരിയർ മുന്നോട്ടു പോയപ്പോൾ പൃഥ്വിയുടെ പ്രകടനങ്ങൾ ഇല്ലാതാവുന്നതാണ് കണ്ടത്. പലതരത്തിലുള്ള വിമർശനങ്ങളാണ് കഴിഞ്ഞ സമയങ്ങളിൽ പൃഥ്വി നേരിട്ടത്.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിൽ ഒരു ടീം പോലും പൃഥ്വിയെ സ്വന്തമാക്കാൻ രംഗത്ത് വന്നില്ല. പ്രധാനമായും അച്ചടക്ക പ്രശ്നങ്ങളും മോശം ഫിറ്റ്നസുമൊക്കെയാണ് പൃഥ്വി ഷായെ ബാധിക്കുന്നത്. എന്നാൽ പൃഥ്വി ശക്തമായി കരുത്തോടെ തിരിച്ചുവരണം എന്ന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ.
തന്റെ ട്വിറ്ററിലൂടെയാണ് പീറ്റേഴ്സൺ പൃഥ്വിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പീറ്റേഴ്സന്റെ അഭിപ്രായങ്ങളോട് യോജിച്ചു കൊണ്ട് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സനും രംഗത്ത് വരികയുണ്ടായി. അസാധാരണ പ്രതിഭയുള്ള താരമാണ് പൃഥ്വി ഷാ എന്നും ശാരീരിക ക്ഷമത വീണ്ടെടുത്ത് പൃഥ്വി ശക്തമായി തിരിച്ചുവരണമെന്നും പീറ്റേഴ്സൺ തന്റെ കുറിപ്പിൽ ചേർക്കുകയുണ്ടായി.
“കായിക രംഗത്തെ ഏറ്റവും വലിയ കഥകളിൽ പലതും തിരിച്ചുവരവുകളുടെ കഥകളാണ്. പൃഥ്വി ഷാ തന്റെ കരിയറിൽ വിജയം കാണണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും അദ്ദേഹത്തിന്റെ കൂടെയുണ്ടെങ്കിൽ, അദ്ദേഹത്തെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് മാറ്റി നിർത്തുകയാണ് ചെയ്യേണ്ടത്.”- പീറ്റേഴ്സൺ പറയുന്നു.
“ശേഷം പൃഥ്വിയോട് കഠിനാധ്വാനം ചെയ്യാൻ ആവശ്യപ്പെടണം. അങ്ങനെ ശാരീരിക ക്ഷമത വീണ്ടെടുക്കാൻ അവന് സാധിക്കും. പിന്നീട് പഴയ വിജയ വഴികളിലേക്ക് അവൻ തിരിച്ചെത്തും. ഒരുപാട് വലിയ പ്രതിഭയുള്ള താരമാണ് പൃഥ്വി എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അത് നശിപ്പിച്ചു കളയരുത്. സ്നേഹപൂർവ്വം കെപി.”-കെവിൻ പീറ്റേഴ്സൺ തന്റെ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ഇതിന് പിന്നാലെ പീറ്റേഴ്സണ് പിന്തുണയുമായി ഷെയ്ൻ വാട്സനും രംഗത്ത് വന്നു. പീറ്റേഴ്സൺ പറഞ്ഞ പ്രസ്താവനയോട് പൂർണമായും യോജിച്ചാണ് വാട്സൺ സംസാരിച്ചത്.
“കെവിൻ പീറ്റേഴ്സൺ പറഞ്ഞ കാര്യത്തോട് ഞാൻ പൂർണ്ണമായി യോജിക്കുകയാണ്. പൃഥ്വി ഷാ ഒരു അസാധാരണ പ്രതിഭ തന്നെയാണ്. പീറ്റേഴ്സൺ പറഞ്ഞ ഈ കാര്യങ്ങളൊക്കെയും ചെയ്താൽ പൃഥ്വിയ്ക്ക് തന്റെ കരിയറിൽ കരുത്തോടെ തിരിച്ചെത്താൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല ഇത്തരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇതിഹാസങ്ങളിൽ ഒരാളായി മാറാൻ കെൽപ്പുള്ള താരമാണ് പൃഥ്വി ഷാ”- വാട്സൺ കൂട്ടിച്ചേർക്കുകയുണ്ടായി. സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടിവന്ന പൃഥ്വി ഷായെ സംബന്ധിച്ച് ഈ താരങ്ങളുടെ പിന്തുണ വലിയ ആശ്വാസം നൽകുന്നതാണ്.