സഞ്ജുവിനെ നിലനിർത്തിയത് കൃത്യമായ തീരുമാനം, കൂടുതൽ ആലോചിച്ചില്ല. രാഹുൽ ദ്രാവിഡ്‌

2025 ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി 6 താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. ഇതിൽ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ഉൾപ്പെടുന്നു. ഒന്നാം നമ്പർ താരമായാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്. 18 കോടി രൂപ പ്രതിഫലം നൽകിയാണ് സഞ്ജുവിനെ രാജസ്ഥാൻ ചേർത്തുപിടിച്ചത്.

ഇത്തരമൊരു തീരുമാനമെടുക്കാനുള്ള സാഹചര്യത്തെ പറ്റി ടീമിന്റെ കോച്ച് രാഹുൽ ദ്രാവിഡ്‌ സംസാരിക്കുകയുണ്ടായി. കഴിഞ്ഞ വർഷങ്ങളിലൊക്കെയും ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ടെന്നും, അതിനാൽ തന്നെ ഈ തീരുമാനത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നും ദ്രാവിഡ് പറഞ്ഞു.

“സഞ്ജു ഞങ്ങളുടെ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമൊക്കെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടീമിനെ നയിക്കുന്നതും സഞ്ജു തന്നെയാണ്. അതിനാൽ സഞ്ജുവിനെ നിലനിർത്തുന്നതിനെപ്പറ്റി ഞങ്ങൾക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. വരാനിരിക്കുന്ന സീസണുകളിലും സഞ്ജു സാംസൺ തന്നെയാവും ഞങ്ങളുടെ നായകൻ. ഞങ്ങളെ സംബന്ധിച്ച് മികച്ച ഒരു റീടൈൻമെന്റ് പിക് തന്നെയായിരുന്നു സഞ്ജു സാംസൺ. മറ്റു താരങ്ങളിൽ ആരെയൊക്കെ നിലനിർത്തണം എന്നതിനെപ്പറ്റിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും സഞ്ജു വലിയ പങ്കു തന്നെ വഹിച്ചു.”- ദ്രാവിഡ് പറയുന്നു.

മെഗാ ലേലത്തിന് മുൻപായി ഫ്രാഞ്ചൈസിയ്ക്ക് 6 താരങ്ങളെ നിലനിർത്താൻ അവസരം ലഭിച്ചത് ഗുണം ചെയ്തു എന്ന് ദ്രാവിഡ് വ്യക്തമാക്കുകയുണ്ടായി. ടീമിന് കൃത്യമായി അടിത്തറ ഉണ്ടാക്കാൻ ഇത് സഹായിച്ചു എന്നാണ് ദ്രാവിഡ് പറയുന്നത്. പക്ഷേ കൂടുതൽ താരങ്ങളെ നിലനിർത്താൻ സാധിക്കുമായിരുന്നുവെങ്കിൽ അത് നന്നായി ഉപയോഗിക്കാമായിരുന്നുവെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞുവെക്കുന്നു. “നിലവിൽ ഞങ്ങൾ നിലനിർത്തിയ താരങ്ങളൊക്കെയും രാജസ്ഥാൻ നിരയിൽ സ്ഥാനമർഹിക്കുന്നവർ തന്നെയാണ്. ഐപിഎൽ ലേലത്തിന് മുൻപായി കുറഞ്ഞ തുക മാത്രമാണ് രാജസ്ഥാന് ഇനി കൈവശമുള്ളത്. ചില സ്ഥാനങ്ങൾ നിശ്ചയിച്ചായിരുന്നു രാജസ്ഥാൻ താരങ്ങളെ നിലനിർത്തിയത്. ഇനിയും മികച്ച ടീമിനെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.

നായകൻ സഞ്ജു സാംസനൊപ്പം ജയസ്വാളിനെയും നിലനിർത്താൻ രാജസ്ഥാന് സാധിച്ചു. 18 കോടി രൂപയ്ക്കാണ് ജയസ്‌വാളിനെയും രാജസ്ഥാൻ നിലനിർത്തിയത്. ശേഷം യുവ താരങ്ങളായ റിയാൻ പരഗിനെയും ധ്രുവ് ജൂറലിനെയും 14 കോടി രൂപ വീതം ചിലവാക്കി നിലനിർത്താൻ രാജസ്ഥാന് കഴിഞ്ഞു. ഹെറ്റ്മയറിനെ 11 കോടി രൂപയ്ക്കാണ് രാജസ്ഥാൻ ഇത്തവണ നിലനിർത്തിയത്. അൺക്യാപ്ഡ് താരമായ സന്ദീപ് ശർമയെ 4 കോടി രൂപയ്ക്കും രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നു. ഇനിയും മെഗാ ലേലത്തിൽ 41 കോടി രൂപ മാത്രമാണ് രാജസ്ഥാന് അവശേഷിക്കുന്നത്.

Previous articleബെൻ സ്റ്റോക്സിന് വിലക്ക് ഏർപ്പെടുത്താൻ ബിസിസിഐ. ലേലത്തിൽ നിന്ന് പിന്മാറി.