ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഈ സീസണില്‍ വളരെ മോശം പ്രകടനത്തിലൂടെയാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് കടന്നുപോകുന്നത്. 11 മത്സരങ്ങളില്‍ 2 എണ്ണത്തില്‍ മാത്രം വിജയിച്ച ഹൈദരബാദ് ടീം ഇതിനോടകം തന്നെ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി കഴിഞ്ഞു.
നിരവധി ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങളാണ് ഹൈദരബാദ് മാനേജ്മെന്‍റ് ഈ സീസണില്‍ കൈകൊണ്ടത്. ടൂര്‍ണമെന്‍റിന്‍റെ പാതിവഴിയില്‍ ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും, പ്ലേയിങ്ങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
അടുത്ത വര്‍ഷം മെഗാ ലേലം നടക്കാനിരിക്കെ ഹൈദരബാദ് ടീം എത്ര താരങ്ങളെ നിലനിര്‍ത്തുമോ എന്ന് കണ്ടറിയണം. എത്ര താരങ്ങളെ നിലനിര്‍ത്താം എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ തീരുമാനം കൈകൊണ്ടട്ടില്ലാ. ഇപ്പോഴിതാ സണ്‍റൈസേഴ്സ് ഹൈദരബാദ് ടീം നിലനിര്‍ത്താന്‍ പോകുന്ന താരത്തെക്കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സേവാഗ്.
” നിലവിലെ ഈ ബോളര്‍മാരില്‍ ഞാന്‍ ആരെയും നിലനിര്‍ത്തില്ലാ, ഭുവനേശ്വര്‍ കുമാറിനെയും. അദ്ദേഹം ഇന്ത്യന്‍ താരമാണ്, മികച്ച ടി20 ബോളറാണ് എന്നൊക്കെ അറിയാം, പക്ഷേ ഹൈദരബാദ് ഒരു ബോളറെ നിലനിര്‍ത്തേണ്ടി വരുകയാണെങ്കില്‍ വലിയ തുക ചിലവഴേക്കേണ്ടി വരും. അതേ സമയം ലേലത്തില്‍ വിടുകയാണെങ്കില്‍ ഇതിനേക്കാള്‍ ചെറിയ തുകയ്ക്ക് ഭുവനേശ്വര്‍ കുമാറിനെ ലഭിക്കും ”
” വിദേശ താരങ്ങളെ നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ റാഷീദ് ഖാനെ നിലനിര്‍ത്തുക എന്നത് ബുദ്ധി പ്രയോഗിക്കാതെ എടുക്കാവുന്ന തീരുമാനമാണ്. ഏത് ടീമായാലും, ഇതുപോലൊരു താരത്തെ ടീമുകള്‍ നിലനിര്‍ത്തും. അയാള്‍ അത്രക്ക് നല്ല കളിക്കാരനാണ്. ”സേവാഗ് പറഞ്ഞു.
2017 ല്‍ 4 കോടി രൂപക്കാണ് റാഷീദ് ഖാന്‍ സണ്‍റൈസേഴ്സ് ഹൈദരബാദില്‍ എത്തുന്നത്. വന്ന സീസണില്‍ തന്നെ റാഷീദ് ഖാന്‍ തിളങ്ങി. 14 മത്സരങ്ങളില്‍ 17 വിക്കറ്റാണ് റാഷീദ് ആദ്യ സീസണില്‍ നേടിയത്. മെഗാ ലേലത്തിനു മുന്നോടിയായി ടീമില്‍ നിന്നും ഒഴിവാക്കിയെങ്കിലും ആര്‍.ടി.എം ഒപ്ഷന്‍ വഴി 9 കോടി രൂപക്ക് ഹൈദരബാദ് ടീം റാഷീദ് ഖാനെ തിരിച്ചുകൊണ്ടു വന്നു. ഐപിഎല്‍ കരിയിറില്‍ 73 മത്സരങ്ങളില്‍ 89 വിക്കറ്റാണ് റാഷീദ് ഖാന്‍റെ നേട്ടം.