2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ കിരീട വിജയത്തിൽ എത്തിച്ചതിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയുണ്ടായി. രോഹിത് മാത്രമല്ല കോഹ്ലിയും ഇതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചു. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഒരു യുഗമാണ് അവസാനിക്കുന്നത്.
ഇനി ട്വന്റി20 മത്സരങ്ങളിൽ വിരാട് കോഹ്ലി- രോഹിത് കോമ്പോ ഉണ്ടാവില്ല എന്നത് ഇന്ത്യൻ ആരാധകരെ പോലും നിരാശയിലാക്കുന്ന കാര്യമാണ്. ഇതുവരെ 159 ട്വന്റി20 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ച താരമാണ് രോഹിത് ശർമ. 5 സെഞ്ച്വറികളടക്കം 4231 റൺസാണ് രോഹിത് ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യയ്ക്കായി നേടിയിട്ടുള്ളത്. അതുകൊണ്ടു തന്നെ രോഹിത് ശർമയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് ഇന്ത്യയ്ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ പകരക്കാരനാവാൻ രോഹിതിന് സാധിക്കുന്ന 3 യുവ താരങ്ങളെ പരിശോധിക്കാം.
- ഋതുരാജ് ഗെയ്ക്വാഡ്
ഇതുവരെ ഇന്ത്യക്കായി 19 മത്സരങ്ങൾ മാത്രമാണ് ഋതുരാജ് കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 35.71 എന്ന ശരാശരിയിൽ 500 റൺസ് സ്വന്തമാക്കാനും ഋതുരാജിന് സാധിച്ചിട്ടുണ്ട്. 140. 06 എന്നതാണ് ഋതുരാജിന്റെ സ്ട്രൈക്ക് റേറ്റ്. എന്നിരുന്നാലും ഇന്ത്യൻ ടീമിനായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല. പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച പ്രകടനങ്ങളുമായി ചെന്നൈ സൂപ്പർ കിങ്സിനെ മുന്നിൽ നിന്ന് നയിക്കാൻ ഋതുരാജിന് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ രോഹിത് ശർമയ്ക്ക് പകരക്കാരനായി എത്താൻ സാധിക്കുന്ന ഒരു താരം തന്നെയാണ് ഋതുരാജ്.
- ശുഭമാൻ ഗിൽ
രോഹിത് ശർമയ്ക്ക് പകരക്കാരനായി ഓപ്പണിങ് ഇറങ്ങാൻ സാധിക്കുന്ന ബാറ്റർമാരിൽ ആദ്യ സ്ഥാനക്കാരനാണ് ശുഭമാൻ ഗിൽ. തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച പ്രകടനങ്ങളുമായി ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ ഇടംപിടിക്കാൻ ഗില്ലിന് സാധിച്ചിരുന്നു. എന്നാൽ പിന്നീട് ജയസ്വാൾ മികച്ച പ്രകടനങ്ങളുമായി മുൻപിലേക്ക് വന്നപ്പോൾ ഗില്ലിന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. മാത്രമല്ല രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ അധികായന്മാർ മുൻനിരയിൽ സ്ഥാനം പിടിച്ചതും ഗില്ലിനെ ബാധിച്ചു. പക്ഷേ രോഹിത് ശർമയ്ക്ക് പകരക്കാരനായി എത്താനുള്ള എല്ലാ കഴിവുമുള്ള താരമാണ് ഗിൽ.
- അഭിഷേക് ശർമ
ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ എന്ന പേര് സൃഷ്ടിക്കാൻ സാധിച്ച താരമാണ് രോഹിത് ശർമ. ഇതേ പേര് തന്നെ സൃഷ്ടിക്കാൻ സാധിക്കുന്ന താരത്തെയാണ് ഇന്ത്യയ്ക്ക് വേണ്ടതെങ്കിൽ അഭിഷേക് ശർമയാണ് അതിന് പറ്റിയ ഓപ്ഷൻ. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുത്താണ് അഭിഷേക് ശ്രദ്ധ നേടിയത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമാണ് അഭിഷേക് എന്ന് ഇതിനോടകം തന്നെ പല മുൻ താരങ്ങളും വിലയിരുത്തുകയുണ്ടായി. ഇത്തവണത്തെ ഐപിഎല്ലിൽ ഹൈദരാബാദിനായി 16 മത്സരങ്ങളിൽ നിന്ന് 484 റൺസാണ് ഈ യുവതാരം സ്വന്തമാക്കിയത്. 204.2 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റ് ആണ് അഭിഷേകിന്റെ മറ്റൊരു പ്രത്യേകത.